- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗണേശിന്റെ വാദങ്ങളെ ശരിവച്ച് കണക്ക് പുറത്തു വിട്ട് കോൺഗ്രസ് എംഎൽഎ
തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുടെ കണക്കുകളിലും പർച്ചേസിലും ക്രമക്കേടുകൾ ഉണ്ടെന്ന് കോൺഗ്രസ് നേതാവ് എം.വിൻസെന്റ് എംഎൽഎ. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിന്റെ നിലപാടുകളെ അനുകൂലിക്കുന്നതാണ് പ്രതിപക്ഷ എംഎൽഎയുടെ വിശദീകരണം. കെഎസ്ആർടിസി സ്വിഫറ്റ് കമ്പനിയുടെ ഇലക്ട്രിക് ബസുകൾ ലാഭത്തിലെന്ന് കാണിച്ച് മാനേജ്മെന്റ് മന്ത്രിക്ക് നൽകിയ കണക്കുകളിൽ ഗുരുതരമായ പിശകുകൾ ഉണ്ടെന്നും പിഎംഐ കമ്പനിയുടെ 50 ഇലക്ട്രിക് ബസുകളുടെ പർച്ചേസുകളിൽ ക്രമക്കേടുകൾ ഉണ്ടെന്ന് സംശയിക്കുന്നതായും എം.വിൻസെന്റ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിനെ പിന്തുണയ്ക്കുന്നതാണ് വിൻസെന്റിന്റെ വാർത്താ സമ്മേളനം. തൊഴിലാളികൾക്ക് ഗതാഗത മന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നതാണ് വിൻസന്റിന്റെ വാർത്താ സമ്മേളനത്തിൽ നിറയുന്ന വാദം. നേരത്തെ താൻ പറഞ്ഞത് ശരിയാണെന്നും ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഗണേശ് പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പ്രതിപക്ഷ എംഎൽഎയുടെ വാർത്താ സമ്മേളനം. ഗണേശിനെ സിപിഎം പരസ്യമായി ഈ വിഷയത്തിൽ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ ഇനി കെ എസ് ആർ ടി സിയിൽ തീരുമാനം എടുക്കാനില്ലെന്നും മന്ത്രി പറയുകയും ചെയ്തു. പിന്നാലെയാണ് കണക്കുകൾ പ്രതിപക്ഷം പുറത്തു വിടുന്നത്.
രണ്ടോ മൂന്നോ ഇലക്ട്രിക് ബസുകൾ വാങ്ങി ഓടിച്ച് ഗുണനിലവാരം മനസ്സിലാക്കാതെ ഒറ്റയടിക്ക് 50 ബസുകൾ 4% കിഫ്ബി വായ്പയ്ക്ക് വാങ്ങിയത് അഴിമതിക്ക് ആണോയെന്ന് ചോദിച്ച എംഎൽഎ ആ പുതിയ ബസുകളിൽ 'റിജക്റ്റഡ്' സ്റ്റിക്കർ ഒട്ടിച്ചിരുന്നതായി മനസ്സിലാക്കുന്നു എന്നും ആരോപിച്ചു. സ്വിഫറ്റ് കമ്പനിക്ക് വാങ്ങിയ പിഎംഐ കമ്പനിയുടെ 50 ഇലക്ട്രിക് ബസുകളുടെ പർച്ചേസ് ഉടമ്പടിയും, വാങ്ങുന്നതിന് മുൻപ് ബസുകളുടെ ഗുണനിലവാരം പരിശോധിച്ച വിദഗ്ധ സമിതി റിപ്പോർട്ടും മാനേജ്മെന്റ് പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാനേജ്മെന്റ് കണക്കുകൾ പ്രകാരം 6026 രൂപ ഒരു ബസ്സിന് പ്രതിദിന വരുമാനവും 4752 രൂപ പ്രതിദിന ചെലവുമാണ്, എന്നാൽ യഥാർത്ഥ ചെലവിൽ ലോൺ തിരിച്ചടവും ബസ്സിന്റെ ബാറ്ററി മാറുന്ന ചെലവും കൂടെ കൂട്ടിയാൽ 4546 രൂപ കൂടെ വരുമെന്നും അങ്ങനെ ആകുമ്പോൾ ഒരു ഇലക്ട്രിക് ബസ്സ് പ്രതിദിനം 9299 രൂപയാണ് യഥാർഥ ചെലവ്. അങ്ങനെയാകുമ്പോൾ ഒരു ഇലക്ട്രിക് ബസ്സ് പ്രതിദിനം 3273 രൂപയും പ്രതിവർഷം 11.78 ലക്ഷം രൂപയും 50 ബസുകൾക്ക് പ്രതിവർഷം 5.89 കോടി നഷ്ടത്തിലുമാണ് ഓടിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
മിസ് മാനേജ്മെന്റ് ആണ് കെഎസ്ആർറ്റിസിയുടെ ഇന്നത്തെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നും അതുകൊണ്ടാണ് ശമ്പളം നൽകാൻ വേണ്ടതിന്റെ മൂന്നിരട്ടി വരുമാനം തൊഴിലാളികള്ൾ കൊണ്ട് വന്നിട്ടും അവർക്ക് ക്യത്യമായി ശംബളം നൽകാൻ കഴിയാത്തതെന്നും എംഎൽഎ കുറ്റപ്പെടുത്തി. എഴുപതും എൺപതും യാത്രക്കാർ ഉള്ള ബസ്സുകളിൽ ഒരാൾക്ക് പത്ത് രൂപയുടെ ടിക്കറ്റ് നൽകിയില്ല എന്ന് ആരോപിച്ച് ജീവനക്കാരെ പുറത്താക്കുകയും ആയിരക്കണക്കിനു രൂപ പെനാൽറ്റി അടിക്കുകയും ചെയ്യുന്ന മാനേജ്മെന്റിന് അവർ വരുത്തിയ ഈ കോടികളുടെ നഷ്ടങ്ങൾക്ക് അവർക്ക് സർക്കാർ എന്ത് ശിക്ഷയാണ് നൽകാൻ പോകുന്നത് എന്നാണ് ജനങ്ങൾക്കും യൂണിയനുകൾക്കും അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റിഎം പർച്ചേസുകളിൽ നിലവാരമില്ലാത്ത മെഷീനുകൾ വാങ്ങിയിട്ട് അത് മറയ്ക്കാൻ 2 വർഷത്തിനിടയിൽ വീണ്ടും പ്രതിവർഷം 10 കോടിയിലേറെ രൂപ ചെലവിട്ട് പുതിയ ഇറ്റിഎമ്മുകൾ വാങ്ങുകയാണെന്നും എംഎൽഎ പറഞ്ഞു. ജീവനക്കാരുടെ എൻപിഎസ്, എൻഡിആർ, പിഎഫ് തുടങ്ങി ശമ്പളത്തിൽ നിന്നും പിടിക്കുന്ന ഒരു രൂപ പോലും അവർക്കു നൽകുന്നില്ല. പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഒന്നര വർഷമായി തടഞ്ഞു വച്ചിരിക്കുന്നു, പക്ഷേ ലക്ഷങ്ങൾ ചെലവഴിച്ചുള്ള കരാർ നിയമനങ്ങൾ കെഎസ്ആർറ്റിസിയിലും സ്വിഫറ്റിലും നിർബാധം തുടരുകയാണെന്നും ഇതു കൊണ്ടൊന്നും കെഎസ്ആർറ്റിസിക്ക് ഒരു ഗുണവും ഇതുവരെ ലഭിച്ചില്ല എന്നും എം.വിൻസെന്റ് പറഞ്ഞു.
കെഎസ്ആർറ്റിസിയെ മുച്ചൂടും മുടിച്ച് സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മാനേജ്മെന്റിനെ പുറത്താക്കി ക്യത്യമായി ശമ്പളവും ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകാനുള്ള നടപടികൾ പുതിയ ഗതാഗത മന്ത്രി സ്വീരിക്കണമെന്ന് റ്റിഡിഎഫ് ആവശ്യപ്പെട്ടു. ജീവനക്കാരെ പട്ടിണിയിലാക്കിയ പരാജയപ്പെട്ട പരിഷ്കാരങ്ങൾ ഏകപക്ഷീയമായി കൊണ്ടുവന്ന മാനേജ്മെന്റിൽ നിന്നും അതിന്റെ നഷ്ടമായ കോടികണക്കിന് രൂപ പിടിച്ചെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.