കൊച്ചി: വലിയ പ്രതിസന്ധിയിലാണ് കെ എസ് ആർ ടി സി. വരവും ചെലവും തമ്മിൽ ചേരുന്നില്ല. ഇതു കൊണ്ടാണ് കൃത്യ സമയത്ത് ശമ്പളം പോലും കൊടുക്കാൻ കഴിയാത്തത്. ചെറിയ ചെലവുകൾ പോലും നിയന്ത്രിക്കേണ്ട അവസ്ഥ. അതിന് തുടക്കമിടുകയാണ് ഗതാഗതമന്ത്രി കെബി ഗണേശ് കുമാർ. വൈദ്യുത ബസുകളുമായുള്ള വിവാദം ഒരു വശത്ത് നിൽക്കുമ്പോഴും ആനവണ്ടിയെ കരകയറ്റാനാകുമോ എന്ന പരീക്ഷണ ശ്രമത്തിലാണ് മന്ത്രി. അനാവശ്യ ചെലവുകൾ പരമാവധി കുറയ്ക്കും. അങ്ങനെ നഷ്ടം കുറയ്ക്കാനാണ് ആദ്യ ഘട്ടത്തിലെ പദ്ധതി.

അതിനായി കെ.എസ്.ആർ.ടി.സി.യിൽ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകൾ കുറയ്ക്കാനാണ് നിർദ്ദേശം. ആവശ്യമില്ലാതെ ഫാനുകളും ലൈറ്റുകളും പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജലഅഥോറിറ്റിയുടെ ടാപ്പുകൾ പൂട്ടണമെന്നും ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് നിർദ്ദേശം. ബിൽത്തുകയിൽ കുറവുവരുത്തുന്ന ഡിപ്പോകൾക്ക് സമ്മാനം ലഭിക്കും. ഇതിനൊപ്പം ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ 'സ്മാർട്ട് സാറ്റർഡേ'യും നടപ്പാക്കും. ഇതോടെ കൂടുതൽ യാത്രക്കാർ ബസ് സ്‌റ്റേഷനുകളിലേക്ക് വരും. ബസിൽ ശുചിയായ സാഹചര്യമുണ്ടാക്കി ശുഭയാത്രയാണ് ഗണേശിന്റെ പദ്ധതി.

എല്ലാ ശനിയാഴ്ചകളിലും ജീവനക്കാർ ഉച്ചയ്ക്കുശേഷം ഓഫീസുകൾ വൃത്തിയാക്കണം. ഇതിന്റെ പ്രതിവാര റിപ്പോർട്ട് യൂണിറ്റ് അധികാരികൾ തയ്യാറാക്കണം. കെ.എസ്.ആർ.ടി.സി.യിൽ അനാവശ്യച്ചെലവുകൾ കുറയ്ക്കുന്നതിനൊപ്പമാണ് ഈ പരിസര ശുചീകരണവും. മുൻപുണ്ടായിരുന്ന വൈദ്യുതിബിൽ, ജലഅഥോറിറ്റി ബിൽ തുകകളിൽ കുറവുവരുത്തുന്ന യൂണിറ്റുകൾക്കും ഓഫീസുകൾക്കും പ്രശംസാപത്രം അടക്കം നൽകും. അനാവശ്യമായി ഫാനും ലൈറ്റും പ്രവർത്തിപ്പിക്കുന്ന ഓഫീസുകൾ കണ്ടെത്താനും സംവിധാനമുണ്ട്. ഇതിന് വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രത്യേക സംവിധാനം ഏർഡപ്പെടുത്തും. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി.

ഓഫീസിനുള്ളിലും പരിസരത്തുമുള്ള നോട്ടീസുകൾ, പഴയ അലങ്കരവസ്തുക്കൾ, ചുമർച്ചിത്രങ്ങൾ എന്നിവ നീക്കംചെയ്യണം. ട്രേഡ് യൂണിയൻ നോട്ടീസുകൾ ഇതിൽ ഉൾപ്പെടുമോ എന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ല. ഫയലുകളും രജിസ്റ്ററുകളും അലമാരകളിൽ അടുക്കിവെയ്ക്കണം. കാലഹരണപ്പെട്ട ഫയലുകൾ നശിപ്പിക്കാൻ ഫയൽനമ്പർ സഹിതം പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കണം. കടലാസുകളും സ്റ്റേഷനറി സാധനങ്ങളും ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവുയെന്നും നിർദ്ദേശമുണ്ട്. ഇതിൽ എല്ലാം ചെലവുകൾ കുറയ്ക്കാം. ചെറിയ ചെലവുകൾ പോലും താങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഈ സർക്കുലറിന് പിന്നിൽ.

അനാവശ്യ ചെലവുകൾ പരമാവധി നിയന്ത്രിച്ച് ആധുനീകരണം നടപ്പാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർക്കും യാത്രക്കാർക്കും കാലോചിതസൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ഗതാഗതവകുപ്പിന്റെ പ്രഥമ പരിഗണന. ഇനി സ്റ്റേ ബസുകൾ അനുവദിക്കുന്നത് ഡ്രൈവർക്കും കണ്ടക്ടർക്കും താമസസൗകര്യം പഞ്ചായത്തോ റെസിഡന്റ്‌സ് അസോസിയേഷനുകളോ നൽകുന്ന സ്ഥലങ്ങളിൽ മാത്രമെന്നും ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെലവ് ചുരുക്കൽ മാർഗ്ഗ നിർദ്ദേശം എത്തുന്നത്.

കൊറിയർ രംഗത്ത് കെ.എസ്.ആർ.ടി.സി നേട്ടമുണ്ടാക്കുന്നുണ്ട്. ഏഴു മാസത്തിനിടെ ഇടപാടിൽ കൈവരിച്ചത് അഞ്ചിരട്ടിയിലേറെ വർദ്ധന. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ എത്തിക്കാമെന്നതും മറ്റ് കൊറിയർ സർവീസുകളേക്കാൾ 30 ശതമാനംവരെ നിരക്ക് കുറവാണെന്നതുമാണ് ആകർഷണം. തെങ്കാശി, നാഗർകോവിൽ, മൈസുരു, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്തിന് പുറത്ത് കെ.എസ്.ആർ.ടി.സിക്ക് കൊറിയർ സെന്ററുകളുള്ളത്. രാവിലെ മുതൽ വൈകിട്ട് വരെ രണ്ട് ജീവനക്കാരും രാത്രിയിൽ ഒരാളുമാകും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകളിലെ ജീവനക്കാർ.

എം പാനൽ ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിലാണ് കൗണ്ടറുകളുടെ ചുമതല ഏൽപ്പിക്കുന്നത്.വേണ്ടത്ര എം പാനൽ ജീവനക്കാരെ ലഭിക്കാത്തതിനാൽ പുതിയ കളക്ഷൻ സെന്ററുകൾ ആരംഭിക്കാനാകാത്ത അവസ്ഥയുമുണ്ട്. ഇത്തരം വരുമാന മാർഗ്ഗങ്ങളും കെ എസ് ആർ ടി സി കൂടുതൽ ശക്തിപ്പെടുത്തും.