- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടകങ്ങൾക്കും നൃത്ത നാടകങ്ങൾക്കും സിനിമയെക്കാൾ പ്രചാരം ഉണ്ടായിരുന്നകാലത്ത് തിരുവെങ്കിടം ഒരു വേദിയിൽ നിന്ന് ജമാലിന്റെ മൂത്ത സഹോദരി ഓമനകുമാരിയെ കണ്ടെത്തി; പിന്നെ അവർ കുമരകം ഓമനയായി; നാടൻ വേഷത്തിൽ ചിരട്ട തവിയിൽ നിന്ന് കറിയെടുത്ത് രുചി നോക്കും മോഡൽ; ഇത് ശീമാട്ടിയുടെ ആദ്യ പരസ്യ നായികയുടെ കഥ
അലപ്പുഴ: വീട്ടിലും പുറത്തും നിങ്ങളുടെ അഭിരുചിക്കനുസരിച്ച വസ്ത്രങ്ങൾ എവിടെയുമെപ്പോഴും ധരിക്കാവുന്നതവ ഞങ്ങളുടെ പക്കലുണ്ട്..... കടയിലെ തിരക്ക് ചിത്രത്തിനൊപ്പം മോഡലെത്തിയത് നാടൻ വേഷത്തിൽ തവിയിൽ നിന്ന് ഭക്ഷണമെടുത്ത് രുചി നോക്കും പോലെ.. അവിടെ കേരളത്തിൽ ശീമാട്ടിയുടെ വസ്ത്ര സങ്കൽപ്പം തുടങ്ങി. അവർ അവരുടെ ആദ്യ മോഡലിനേയും അവതരിപ്പിച്ചു. ആരായിരുന്നു ആ മോഡൽ?
കളർ ചിത്രങ്ങൾ കളം പിടിക്കും മുൻപുള്ള കാലത്തെ മേൽക്കാണുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യചിത്രം. അതിനു മുഖം നൽകിയ ആ കലാകാരി ആരാണ്? ശീമാട്ടിയുടെ ആദ്യ പരസ്യമോഡൽ, അവർ ഇപ്പോൾ എവിടെയാണ്?? എന്തായാലും പാരമ്പര്യത്തിന്റെ പകിട്ടിൽ വിശ്വസിക്കുന്ന ശീമാട്ടിക്ക് ഈ പഴയ പരസ്യചിത്രം തള്ളിക്കളയാനാകില്ല-ഇങ്ങനെ സോഷ്യൽ മീഡിയയിൽ കുറിച്ച ഉണ്ണി കാർത്തികേയൻ എത്തി നിന്നത് കുമരകം ഓമനയെന്ന കലാകാരിയുടെ വീട്ടിന് അടുത്താണ്.
കേരളത്തിന്റെ തെക്കേ അതിർത്തിയിൽ നിന്ന് 80 കിലോമീറ്റർ കിഴക്കുമാറി സാമൂഗരംഗപുരം എന്നൊരു ഗ്രാമമുണ്ട്. പൊതുവേ വരണ്ടതെങ്കിലും ഇടവിട്ട് ഭംഗിയുള്ള പച്ചപ്പുകൾ ഉള്ള ആ കൊച്ചുഗ്രാമത്തിൽ നിന്ന് വീരയ്യ എന്നൊരു റെഡ്ഢിയാർ ഒരു നൂറ്റാണ്ട് മുൻപ് കേരളത്തിൽ എത്തി. രാജാ കേശവദാസൻ രൂപകല്പന ചെയ്ത ആലപ്പുഴ പട്ടണത്തിൽ റെഡ്ഢിയാർ 1910 ൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന് തുടക്കമിട്ടു. ആ സ്ഥാപനത്തിനു വീരയ്യ റെഡ്ഢിയാർ തന്റെ സഹോദരിയുടെ പേര് നൽകി.. 'ശീമാട്ടി'-ആ ശീമാട്ടിയുടെ ആദ്യ പരസ്യമോഡലാണ് കുമരകത്തെ ഓമന. ഉണ്ണി കാർത്തികേയൻ പറയുന്ന ആ കഥ വൈറലാകുകയാണ്.
ഉണ്ണി കാർത്തികേയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ചുവടെ
കേരളത്തിന്റെ തെക്കേ അതിർത്തിയിൽ നിന്ന് 80 കിലോമീറ്റർ കിഴക്കുമാറി സാമൂഗരംഗപുരം എന്നൊരു ഗ്രാമമുണ്ട്. പൊതുവേ വരണ്ടതെങ്കിലും ഇടവിട്ട് ഭംഗിയുള്ള പച്ചപ്പുകൾ ഉള്ള ആ കൊച്ചുഗ്രാമത്തിൽ നിന്ന് വീരയ്യ എന്നൊരു റെഡ്ഢിയാർ ഒരു നൂറ്റാണ്ട് മുൻപ് കേരളത്തിൽ എത്തി. രാജാ കേശവദാസൻ രൂപകല്പന ചെയ്ത ആലപ്പുഴ പട്ടണത്തിൽ റെഡ്ഢിയാർ 1910 ൽ
ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന് തുടക്കമിട്ടു.
ആ സ്ഥാപനത്തിനു വീരയ്യ റെഡ്ഢിയാർ തന്റെ സഹോദരിയുടെ പേര് നൽകി..
'ശീമാട്ടി'
കുമരകം ചാപ്‌റ്റേഴ്‌സ് 71
'ശീമാട്ടിയുടെ പരസ്യ മോഡൽ'
1910 ൽ ആലപ്പുഴയിൽ തുടക്കമിട്ട സ്ഥാപനം കോട്ടയം പട്ടണത്തിന്റെ മുഖമായി മാറിയത് 1950 ന് ശേഷമാണ്.
പണ്ട് കോട്ടയം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ തെളിയുന്ന രൂപം കടുംചുവപ്പ് നിറമുള്ള, മയിലിന്റെ രൂപത്തോട് സാമ്യമുള്ള ശീമാട്ടിയുടെ ബ്രാൻഡ് എംബ്ലം ആയിരുന്നു.
ആർക്കും കയറി ചെല്ലാൻ കഴിയുന്ന കട അതായിരുന്നു അന്ന് മനസ്സിലെ ശീമാട്ടി.
പട്ടണത്തിന്റെ ഹൃദയഭാഗത്ത്
ശീമാട്ടിയുടെ പരസ്യരൂപത്തിന്റെ മാതൃകയിൽ ഒരു ട്രാഫിക്ക് ജംഗ്ഷൻ ഉണ്ടായിരുന്നു.
അതിനു മുന്നിൽ ട്രാഫിക്ക് നിയന്ത്രിക്കുന്ന ഒരു പൊലീസുകാരനും.
ആ ജംഗ്ഷന് ശീമാട്ടി റൗണ്ടാന എന്നായിരുന്നു പേര്.
കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ തുടക്കത്തിൽ ഒരു മിന്നായം പോലെ പഴയ ശീമാട്ടി റൗണ്ടാന കാണാം.
(ഇപ്പോൾ ആ ജംഗ്ഷന്റെ അവസ്ഥ എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ആ കാര്യം ഇവിടെ പറയുന്നില്ല)
പറയാൻ വന്ന കാര്യവും അതല്ല.
ഏതൊരു കച്ചവട സ്ഥാപനത്തിന്റെയും,
പ്രത്യേകിച്ച് വസ്ത്രവ്യാപാര സ്ഥാപനങ്ങളുടെ അവിഭാജ്യ ഘടകമാണ് പരസ്യ മോഡലുകൾ.
'കാലത്തിന്റെ ഒത്തനടുക്ക്'
എന്ന പരസ്യ വാചകത്തോടെ കഴിഞ്ഞ ആഴ്ച ശീമാട്ടി പുറത്തിറക്കിയ,
അനശ്വര രാജനും ശീമാട്ടി ഉടമ ബീന കണ്ണനും കൂടി പ്രത്യക്ഷപ്പെട്ട പരസ്യ ചിത്രവും
പരസ്യവാചകം പോലെ സാങ്കേതിക മികവു കൊണ്ട് കാലത്തിനൊത്ത നടുക്ക് നിലയുറപ്പിക്കുന്നു.
എന്നാൽ ഇനി കുറേ കാലം പിന്നിലേക്ക് പോകാം.
കളർ ചിത്രങ്ങൾ കളം പിടിക്കും മുൻപുള്ള കാലത്തെ മേൽക്കാണുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യചിത്രം.
അതിനു മുഖം നൽകിയ ആ കലാകാരി ആരാണ്??
ശീമാട്ടിയുടെ ആദ്യ പരസ്യമോഡൽ,
അവർ ഇപ്പോൾ എവിടെയാണ്??
എന്തായാലും പാരമ്പര്യത്തിന്റെ പകിട്ടിൽ വിശ്വസിക്കുന്ന ശീമാട്ടിക്ക് ഈ പഴയ പരസ്യചിത്രം തള്ളിക്കളയാനാകില്ല.
ആന്ധ്രായിലെ റെഡ്ഢിയാർ ഗ്രൂപ്പുകളിൽ ഈ ചിത്രം ഇപ്പോഴും സജീവമാണ്..
ഈ ചിത്രത്തിനു കുമരകവുമായി എന്താ ബന്ധം????
ഒരു കഥ സൊല്ലട്ടുമാ.....
എന്റെ വീട്ടിന് അടുത്തുള്ള ജമാൽ എന്ന ചേട്ടനെ ഞാൻ ആരാധനയോടെ കാണാൻ തുടങ്ങിയത് അദ്ദേഹം ഉത്സവത്തിനു ആനപ്പുറത്ത് നിന്ന് ആയതിൽ വെൺചാമരം വീശുന്നത് കണ്ടപ്പോൾ മുതലാണ്..
ജമാൽ, ആനപ്പുറം, വെൺചാമരം വാക്കുകളിലെ വൈരുധ്യം ഉണ്ടാക്കിയ ആശയക്കുഴപ്പം ഇപ്പോൾ തന്നെ പരിഹരിക്കാം.
മനുഷ്യന്റെ പേരുകൾക്കു ജാതിയും മതവുമില്ല എന്ന പുരോഗമനചിന്ത പണ്ടേ ഉണ്ടായിരുന്ന പട്ടാളക്കാരനായ കുമാരൻ തനിക്ക് ഒപ്പം പട്ടാളത്തിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ട മുസ്ലിം സുഹൃത്തിന്റെ പേര് സ്വന്തം മകനു നൽകിയെന്നേ ഉള്ളു. ആ പേര് ഉണ്ടാക്കുന്ന ആശയക്കുഴപ്പം ഇപ്പോൾ ക്ഷേത്രം പൂജാരിയായി ജോലി ചെയ്യുന്ന ജമാലിന്റെ മകൻ ജിതിൻ ജമാലിനു സ്വന്തം തൊഴിലിടത്തിൽ ചില അവസരങ്ങൾ നഷ്ടമാക്കുന്നു എന്നതും ഒട്ടും പുരോഗമിക്കാത്ത വർത്തമാനകാല യാഥാർഥ്യം.
ജമാലിനു അഞ്ചു സഹോദരിമാർ ആയിരുന്നു.
ഓമനകുമാരി, ഉദയകുമാരി, നബീസ കുമാരി, പ്രസന്ന കുമാരി, ജൈന കുമാരി.
അവരുടെ മത സമ്മിശ്രമായ ആ പേരുകൾക്കു പിന്നിലും കാരണമുണ്ട്. അവരുടെ അമ്മവീടിനു അടുത്തുള്ള മക്കൾ ഇല്ലാതിരുന്ന മുസ്ലിം ദമ്പതികൾ സ്‌നേഹത്തോടെ വിളിച്ച മുസ്ലിം പേര് പിന്നീട് അവരായി മാറ്റാൻ നിന്നില്ല.
അഞ്ചിൽ മൂന്നുപേർ മികച്ച നർത്തകിമാർ ആയിരുന്നു.
ഓമനകുമാരിയും നബീസാകുമാരിയും
ജൈനകുമാരിയും.
അക്കാലത്തെ നൃത്തനാടകങ്ങളിലൂടെ അവർ വേദികളിൽ സജീവമായ കാലത്താണ് ശീമാട്ടിയുടെ സ്ഥാപകനായ വീരയ്യ റെഡ്ഢിയാരുടെ മകനും ബീനാ കണ്ണന്റെ പിതാവുമായ
ശ്രീ വി തിരുവെങ്കിടം ശീമാട്ടിയുടെ പരസ്യം ചിത്രത്തിനായി മോഡലുകളെ അന്വേഷിച്ചിരുന്നത്.
നാടകങ്ങൾക്കും നൃത്ത നാടകങ്ങൾക്കും സിനിമയെക്കാൾ പ്രചാരം ഉണ്ടായിരുന്ന ആ കാലത്ത് തിരുവെങ്കിടം ഒരു വേദിയിൽ നിന്ന് പരസ്യത്തിനായി അവരിൽ ഏറ്റവും മൂത്ത സഹോദരി ഓമനകുമാരിയെ കണ്ടെത്തി. അങ്ങനെ ഓമനകുമാരി കുമരകം ഓമനയായി മാറി.
ശീമാട്ടിക്ക് വേണ്ടി ചിത്രങ്ങൾ എടുക്കുകയും അത് വലിയ ബോർഡിലേക്ക് പകർത്തി വരയ്ക്കുകയും ചെയ്തിരുന്നത് കോട്ടയം സോംജി എന്ന കലാകാരൻ ആയിരുന്നു.
അങ്ങനെ നാഗമ്പടം പാലത്തിന് ചേർന്നുള്ള വലിയ പരസ്യ ബോർഡിൽ സോംജി വരച്ച ഓമനകുമാരിയുടെ ചിത്രം തലയുയർത്തി നിന്നു.
കോട്ടയത്ത് മാത്രമല്ല ആലപ്പുഴയിലും
ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും
പത്തനംതിട്ടയിലും കൊല്ലത്തും.
ഒപ്പം അച്ചടിമാധ്യമങ്ങളിലും.
പല വേഷത്തിലും ഭാവത്തിലും ഓമനകുമാരിയുടെ ചിത്രങ്ങൾ.
പിന്നീട് സാവധാനം അവ കാലത്തിനു വഴിമാറി.
പുത്തൻ ആശയങ്ങൾ,
കളർ ചിത്രങ്ങൾ, സിനിമാതാരങ്ങൾ
കാലത്തിനൊത്ത പരസ്യം രൂപങ്ങൾ.
ആരാലും ഓർക്കപ്പെടാതെയും സൂക്ഷിക്കപ്പെടാതെയും മറഞ്ഞു പോയ പഴയ ചിത്രങ്ങളിൽ ഒന്ന് സമീപകാലത്താണ്
സമൂഹ മാധ്യമത്തിൽ പൊന്തി വന്നത്.
പരസ്യം ചിത്രത്തിലെ കുമരകംകാരിയായ ആ പഴയ കലാകാരിയെ അന്വേഷിച്ചുള്ള എന്റെ യാത്ര ഇല്ലിക്കളത്തിലെ കെൻസ് ജോർജിൽ തുടങ്ങി റേഡിയോ മണിച്ചായനിലൂടെ എന്റെ പിതാവ് വഴി സരളപ്പൻ സാറിനെ വീടിനു പിന്നിലുള്ള ഈരമറ്റത്തിലെ ജമാലിന്റെ വീട്ടുപടിക്കൽ വന്നു നിൽക്കുകയാണ്..
ഇപ്പോൾ അവിടെ താമസിക്കുന്നത് ജമാലണ്ണന്റെ മകൻ ജിതിൻ ശാന്തിയാണ്.
ജമാലണ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചുകൊല്ലം ആകുന്നു.
ഫോട്ടോ കണ്ടപ്പോൾതന്നെ ചെറുപ്പത്തിൽ പറഞ്ഞു കേട്ട പരസ്യത്തിന്റെ കഥ ജിതിൻ ശാന്തിയുടെ ഓർമ്മയിൽ വന്നു..
ഇത് ഓമനാപ്പച്ചി തന്നെയാണ്.
ഞാൻ ജനിക്കും മുൻപുള്ള കാര്യമാണ് കേട്ടുള്ള അറിവ് മാത്രമേ ഉള്ളു...
ഓമനാപ്പച്ചി ഇപ്പോൾ എവിടാണ്???
ഉത്തരം എന്നെപ്പോലെ തന്നെ നിങ്ങളെയും നിരാശരാക്കും എന്ന ബോധ്യത്തോടെ പറയുന്നു...
ഓമനാപ്പച്ചി മരിച്ചുപോയി....
അഞ്ചു വർഷം മുൻപ്....
കോട്ടയം പട്ടണത്തിന്റെ മുഖമായ ശീമാട്ടിക്ക് ആദ്യ പരസ്യമുഖമായി മാറിയ കുമരകംകാരിയുടെ ഓർമ്മകൾക്കുമുന്നിൽ
പ്രണാമം...
ഉണ്ണി കാർത്തികേയൻ
മറുനാടന് മലയാളി ബ്യൂറോ