- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുമ്പനാട് കൺവഷനിൽ നിന്നുള്ള മാലിന്യങ്ങൾ റോഡ് വക്കിൽ തള്ളിയെന്ന് പരാതി
കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്തൽ സഭയുടെ (ഐ.പി.സി) ശതാബ്ദി കൺവൻഷൻ നടക്കുന്ന ഹെബ്രോൺപുരത്ത് നിന്നുള്ള മാലിന്യങ്ങൾ ടാങ്കർ ലോറികളിൽ കൊണ്ടുവന്ന് ജനവാസകേന്ദ്രത്തിലെ പൊതുനിരത്തിൽ തള്ളിയെന്ന് പരാതി. കുമ്പനാട് റസിഡൻസ് അസോസിയേഷന്റെ പരാതിയിൽ കോയിപ്രം പൊലീസ് കേസെടുത്തു. ഭക്ഷണത്തിന്റെയും അത് തയാറാക്കിയതിന്റെയും അവശിഷ്ടങ്ങളാണ് തള്ളിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് ശൗചാലയ മാലിന്യമാണെന്ന നിലപാടിലാണ് അസോസിയേഷൻ ഭാരവാഹികൾ.
കുമ്പനാട്-ഓതറ റോഡിൽ നെല്ലിമല കൊച്ചാലുമൂട് ജങ്ഷന് സമീപം പുത്തൻപീടികയിൽ പി.ഡബ്ല്യു.ഡി റോഡിലും ഓടയിലുമായിട്ടാണ് മലിനജലം അടക്കം ടാങ്കർ ലോറിയിൽ കൊണ്ടു വന്ന് തള്ളിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനാണ് സംഭവം. സമീപവാസി ഇതു കണ്ട് ബഹളം വച്ചതോടെ ഡ്രൈവർ ലോറിയും എടുത്ത് കടന്നു. തുടർന്നാണ് കുമ്പനാട് റസിഡൻസ് അസോസിയേഷൻ പൊലീസിനും, കോയിപ്രം പഞ്ചായത്ത് അധികാരികൾക്കും പരാതി കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
കൺവൻഷൻ നഗറിൽ നിന്നുള്ള മാലിന്യം ജി.പി.എസില്ലാത്ത വാഹനങ്ങളിൽ കൊണ്ടു പോകരുതെന്ന് മുന്നോടിയായി നടന്ന സർക്കാർ തല അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. വിവിധ വകുപ്പു മേധാവികൾ ഇതു സംബന്ധിച്ച് നിർദേശവും നൽകിയിരുന്നു. എന്നാൽ, ഇതൊക്കെ കാറ്റിൽപ്പറത്തുകയാണ് കൺവൻഷൻ നടത്തിപ്പുകാർ ചെയ്തിരിക്കുന്നത് എന്നാണ് ആക്ഷേപം. എല്ലാ വർഷവും ഈ കൺവൻഷനുമായി ബന്ധപ്പെട്ടു മാലിന്യ നിർമ്മാർജന വിഷയത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. ഈ മേഖലയിലെ കിണറുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമായ നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വരെ കേസ് നിലനിൽക്കുന്നുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് ഇവിടെ ലംഘിച്ചിരിക്കുകയാണ് എന്നാണ് റസിഡൻസ് അസോസിയേഷൻ പറയുന്നത്.
കൺവൻഷനു മുൻപ് നടന്ന അവലോകന യോഗത്തിൽ നിന്ന് ഹെബ്രോൻപുരം ഉൾപ്പെടുന്ന വാർഡിലെ പഞ്ചായത്ത് അംഗങ്ങളും ഒഴിവാക്കിയത് വിവാദമായിരുന്നു. ഹെബ്രോൻ കൺവൻഷൻ പ്രമാണിച്ചു മാലിന്യം നിർമ്മാർജനം ചെയ്യാൻ ചുമതല ഏറ്റെടുത്തിരിക്കുന്ന ആളുകളാണ് വീഴ്ച വരുത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ഹെബ്രോണിലെ മാലിന്യങ്ങൾ സഹിക്കാനാകാതെ കൺവൻഷനു മുൻപ് പല ആളുകളും ഈ സമയത്ത് വീടുകളിൽ നിന്ന് താമസം മാറാൻ പോലും ആലോചിക്കുകയാണ്. കോയിപ്രം, ഇരവിപേരൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ കിണറുകൾ ഇപ്പോൾ തന്നെ മലീമസപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്തിന് ഉൾക്കൊള്ളാൻ പറ്റാത്തതിലും അധികം ആളുകളെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവിടെ എത്തിയത്.
മുമ്പൊക്കെ കൺവൻഷന് ശേഷം സമീപത്തുള്ള വീടുകളുടെ കിണറുകളിലേക്ക് ശൗചാലയ മാലിന്യം ഒലിച്ചിറങ്ങുന്നത് സംബന്ധിച്ച് പരാതി പതിവായിരുന്നു. ഇപ്പോൾ ബയോടോയ്ലറ്റുകളാണ് വച്ചിരിക്കുന്നത്. ഇതിൽ നിന്നുള്ള മാലിന്യമാണ് നിരത്തു വക്കിൽ തള്ളിയിരിക്കുന്നത് എന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കടുത്ത ദുർഗന്ധം മൂലം വീടുകളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. കൺവൻഷൻ നഗറിൽ നിന്ന് മാലിന്യം നീക്കാൻ കരാർ എടുത്തവരെ ചോദ്യം ചെയ്താൽ നിജസ്ഥിതി അറിയാമെന്നും ഇവർ പറയുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.