- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും; ടിപി കൊലയിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റ്; കുഞ്ഞനന്തനെ കൊലപ്പെടുത്തിയതോ? കെഎം ഷാജിയുടെ ആരോപണം സിപിഎമ്മിനെ ലക്ഷ്യമിട്ട്; ആ 'സക്സസ്' മെസേജ് വീണ്ടും ചർച്ചകളിൽ
മലപ്പുറം: ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിക്കുന്ന മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ പ്രസംഗം വിവാദത്തിൽ. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ വിവാദ പ്രസംഗം. ഗൂഢാലോചന കേസ് അട്ടിമറിക്കാനാണ് കൊല നടത്തിയതെന്ന തരത്തിലാണ് പ്രസംഗം.
കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കുഞ്ഞനന്തനെ മാത്രം നോക്കിയാൽ പോരാ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേർ മൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സിപിഎമ്മാണ്. ശുക്കൂർ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കന്മാരിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനാണെന്നും കെഎം ഷാജി പറഞ്ഞു
ടിപി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് 51വെട്ടുവെട്ടി കൊന്ന ശേഷവും വിളിച്ചവർ കേരളത്തിലുണ്ട്. ടിപിയുടെ വേദനയിൽ കരഞ്ഞ തളർന്ന കെകെ രമയെ ആശ്വസിപ്പിക്കാൻ വി എസ് അച്യുതാനന്ദൻ നേരിട്ടെത്തിയതിലും ഉണ്ടായിരുന്നു ആ ഗൂഢാലോചനയുടെ ആഴം. അതാണ് ഹൈക്കോടതിയുടെ വിധിയിലും നിറയുന്നത്. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രതിയോഗിയെ വെട്ടിനുറുക്കിയാൽ അത് മറ്റാരുടേയെങ്കിൽ തലയിൽ വരുമെന്ന അതിബുദ്ധയിൽ നിറഞ്ഞ ഗൂഢാലോചന. ടിപിയെ കൊന്ന രാത്രി കണ്ണൂരിലെ ഒരു നേതാവിന്റെ മൊബൈലിൽ നിന്നും 'സക്സസ്' എന്ന സന്ദേശം തിരുവനന്തപുരത്താണ് എത്തിയത്.
ഈ സന്ദേശത്തിലേക്ക് അന്വേഷണം പോയില്ല. അതിന് പിന്നിൽ പല രാഷ്ട്രീയ അട്ടിമറികളും കേട്ടു. സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യവും ഇതുവരെ ആരും അംഗീകരിക്കപ്പെട്ടില്ല. ഇതിന് കരുത്ത് പകരുന്ന തരത്തിലാണ് ഷാജിയുടെ ആരോപണം. ടിപി ചന്ദ്രശേഖരന്റെ വധക്കേസിലെ കുറ്റപത്രത്തിന്റെ അവസാനവാചകത്തിൽ തന്നെ ഇനിയും ഗൂഢാലോചന പ്രതികൾ ഉണ്ടെന്നും അത് അന്വേഷിക്കുമെന്നും വിശദീകരിച്ചിരുന്നു. ചന്ദ്രശേഖരനെ 56 വെട്ടിന് കൊന്ന എല്ലാവരും ഗുണ്ടകളായിരുന്നു. അവർക്ക് ടിപിയെ അറിയുക പോലുമില്ല. അവരുമായി ഒരു പ്രശ്നവും ഒഞ്ചിയത്തെ സഖാവിന് ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ സിപിഎമ്മിൽ നിന്നും പിണങ്ങി ആർഎംപിയുണ്ടാക്കി ഒഞ്ചിയത്തെ ഇടതുപക്ഷ മനസ്സിനെ പിടിച്ച ചന്ദ്രശേഖരനോടുള്ള രാഷ്ട്രീയ വൈര്യം തന്നെയായിരുന്നു ആ കൊലയിൽ നിറഞ്ഞത്. അത് ഹൈക്കോടതി അംഗീകരിക്കുന്നതിന് തെളിവാണ് കെകെ കൃഷ്ണന്റേയും ജ്യോതി ബാബുവിന്റേയും ശിക്ഷയിലേക്ക് കാര്യങ്ങളെത്തുന്നത്. സംസ്ഥാനതല ഗൂഢാലോചന ഈ കേസിൽ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്.
കോഴിക്കോട് കണ്ണൂർ ജില്ലകളിലായി ഗൂഢാലോചന നടന്നു. സംശയം തോന്നാതിരിക്കാനും പ്രതികൾക്ക് അതിവേഗം രക്ഷപ്പെടാനുമാണ് കണ്ണൂരിലെ ഗുണ്ടകളെ കൃത്യം ഏൽപ്പിച്ചത്. ഇതിന് പിന്നിൽ കുഞ്ഞനന്തന്റെ ബുദ്ധിയായിരുന്നു. എല്ലാം ഏകോപിപ്പിക്കാൻ കണ്ണൂരിലേയും കോഴിക്കോട്ടേയും മറ്റു ചില നേതാക്കളുമുണ്ടായിരുന്നു. അന്ന് രാത്രി തിരുവനന്തപുരത്ത് കൺട്രോൾ റൂം ഉണ്ടായിരുന്നുവെന്നാണ് രാഷ്ട്രീയക്കാർക്കിടയിലെ സംസാരം.
ഈ കൺട്രോൾ റൂമിലെ പ്രധാനിയെ തേടിയെത്തിയതാണ് അന്ന് രാത്രി 'സക്സസ്' എന്ന മെസേജ് മൊബൈലിൽ എത്തിയതെന്നതാണ് കഥ. ഓപ്പറേഷൻ സക്സസ് ആയതിന് തെളിവാണ് ഈ സന്ദേശമെന്ന വിലയിരുത്തലാണ് ഈ ആരോപണം ഉണ്ടാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ