ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ കെജി പ്രസാദിന്റെ കുടുംബത്തിന് സഹായ വാഗ്ദാനം. ജപ്തി നോട്ടീസ് ശ്രദ്ധയിൽ പെട്ടതോടെയാണ് വാഗ്ദാനം എത്തിയത്. രണ്ട് മാസം മുമ്പാണ് തകഴി കുന്നുമ്മ സ്വദേശിയായ കർഷകർ കെ ജി പ്രസാദ് ആത്മഹത്യ ചെയ്തത്.

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുബൈ മലയാളിയാണ് കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്. ജപ്തി ഒഴിവാക്കുന്നതിനുള്ള കുടിശ്ശിക അടയ്ക്കാനുള്ള മുഴുവൻ തുകയും കൈമാറുകയും ചെയ്തു. പേര് വെളിപ്പെടുത്തണ്ടെന്നും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതിയെന്നും പറഞ്ഞാണ് മുബൈ മലയാളി പണം കൈമാറിയത്. അടിയന്തരമായി 17600 രൂപയാണ് ബാങ്കിൽ അടയ്‌ക്കേണ്ടിയിരുന്നത്. തുക ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സഹായിച്ച വ്യക്തിക്ക് നന്ദിയുണ്ടെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു.17600 രൂപയാണ് ബാങ്കിൽ അടയ്‌ക്കേണ്ടിയിരുന്നു.

കടങ്ങൾ കൊടുക്കുന്നതും ആളുകൾ സഹായിക്കുന്നതുകൊണ്ടാണെന്നും ഇതുവരെ സർക്കാരിൽനിന്ന് സഹായം ഒന്നും ലഭിച്ചിട്ടില്ലെന്നും ഇനിയും അഞ്ചു ലക്ഷം രൂപയോളമുള്ള കടം പെട്ടെന്ന് അടച്ചുതീർക്കേണ്ടതായുണ്ടെന്നും ഓമന പറഞ്ഞു. പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ കുടിശ്ശികയായതിന്റെ പേരിലാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യും എന്നറിയിച്ചാണ് നോട്ടീസ്.

കൃഷി ഇറക്കാൻ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടർന്നായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. സംഭവം വിവാദമായതോടെ പ്രസാദിന്റെ കുടുംബത്തിന് വാഗ്ദാനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെത്തുകയും ചെയ്തിരുന്നു. വന്നവരെല്ലാം വാഗ്ദാനങ്ങൾ നൽകി മടങ്ങി. എന്നാൽ രണ്ട് മാസത്തിനുള്ളിൽ പ്രസാദിന്റെ വീട്ടുകാരെ തേടി എത്തിയത് ആകെയുള്ള കിടപ്പാടവും ജപ്തി ചെയ്യുമെന്ന നോട്ടീസ്. പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് 2022 ആഗസ്റ്റിൽ 60,000 രൂപ സ്വയം തൊഴിൽ വായ്പ എടുത്തിരുന്നു. 15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങി.

കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ നവംബർ 11 നാണ് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഭർത്താവ് മരിക്കുന്നതിന് മുമ്പ് ഓമന തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു.

അതിനിടെ പ്രസാദിന്റെ വീട്ടിലേക്ക് ജപ്തി നോട്ടിസ് അയച്ച സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ടതായി റിപ്പോർട്ടുണ്ട്. കോർപറേഷൻ വായ്പയിൽ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാൻ മന്ത്രി നിർദ്ദേശിച്ചു. തകഴി കുന്നുമ്മയിലെ കർഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിനാണ് എസ്സി എസ്ടി കോർപറേഷൻ നോട്ടിസ് അയച്ചത്. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടിസ് അയച്ചതിൽ കോർപറേഷൻ എംഡിയോട് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.