ഏലപ്പാറ(ഇടുക്കി): ലക്ഷങ്ങളുടെ കടബാദ്ധ്യതയും രോഗങ്ങൾ മൂലമുള്ള അവശതകളും പോരാഞ്ഞ് മകളുടെ വേർപാടിന്റെ തീരാവേദനയും.കട്ടപ്പന ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം.ഭാവി ജീവിതം മകൾക്ക് നീതി ലഭിക്കുന്ന പ്രതീക്ഷയിലെന്നും ദമ്പതികൾ.

പരിമതമായ സൗകര്യങ്ങൾ മാത്രമുള്ള കുന്നിൻ മുകളിൽ ഓടുമേഞ്ഞ വീട്ടിലാണ് ഇവരുടെ താമസം.ആഡംമ്പരം എന്ന് പറയാൻ വീട്ടിലുള്ളത് ഒരു പഴയ മോഡൽ ടിവി മാത്രം. വർഷങ്ങളായുള്ള ശ്വാസംമുട്ടൽ മൂലം 69 കാരനായ കുട്ടപ്പൻ അനുഭവിക്കുന്ന ശാരീരിക വിഷമതകൾ വാക്കുകളിൽ വിവരിക്കുക അസാധ്യം.

രണ്ടടി പോലും നടക്കാൻ പോലും ആവതില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ആരോഗ്യസ്ഥിതി. 63 കാരിയായ ചിന്നമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലാണ്.രണ്ടുതവണ ഹൃദയ സ്തംഭനത്തെ അതിജീവിച്ചെങ്കിലും ഇവരുടെ ആരോഗ്യസ്ഥി ഇപ്പോൾ തീർത്തും പരിതാപകരമാണ്.

രോഗങ്ങൾമൂലമുള്ള ശാരീക വിഷമതകളുമായി ഒരുവിധത്തിൽ ജീവിതം മുന്നോട്ടുപോകുന്നതിനിടെയുണ്ടായ മകൾ ഷീജയുടെ അപ്രതീക്ഷിത വേർപാട് സൃഷ്ടിച്ച മാനസീക ആഘാതത്തിൽ നിന്നും ഈ വൃദ്ധ ദമ്പതികൾ ഇനിയും മോചിതരായിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 28 കാരിയാ ഷീജയെ ഭർത്താവ് വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.സംഭവത്തിൽ പീരിമേട് ഡിവൈഎസ്‌പി ജെ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഷീജയുടെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

തുടർനടപടികളുടെ ഭാഗമായി ഭർത്താവ് വളകോട് പുത്തൻ വീട്ടിൽ ജോബീഷിനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾ ഇപ്പോൾ റിമാന്റിലാണ്.സത്രീധത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചതിനെത്തുടർന്നാണ് ആത്മഹത്യയെന്ന് ഷീജയുടെ വീട്ടുകാർ ഉപ്പുതറ പൊലീസിൽ മൊഴി നൽകിയിരുന്നു.സ്ത്രീധന പീഡനം, സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ പ്രകാരമാണ് ജോബീഷിനെതിരെ കേസെടുത്തിട്ടുളത്.

കേസിലെ ഒന്നാം പ്രതിയാണ് ജോബീഷെന്നും മാതാപിതാക്കളെയും പ്രതി ചേർത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം തുടർനടപിയുണ്ടാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പീരുമേട് ഡിവൈഎസ്‌പി ജെ കുര്യാക്കോസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് നടപടി ആശ്വസകരമാണെന്നും അർഹമായ ശിക്ഷ കൂടി ലഭിച്ചാൽ മാത്രമെ മകൾക്ക് നീതി ലഭിച്ചു എന്ന് തങ്ങൾക്ക് സമാധാനിക്കാൻ കഴിയു എന്നുമാണ് ജോബീഷിന്റെ അറസ്റ്റ് വിവരം അറിഞ്ഞപ്പോൾ ഇവർ അടുപ്പക്കാരുമായി പങ്കിട്ട വിവരം.

വീട്ടിൽ നിന്നും മീറ്ററുകൾ മാത്രം അകലെ കൃഷിസ്ഥലത്താണ് ഷീജയുടെ മൃതദ്ദേഹം സംസ്‌കരിച്ചിട്ടുള്ളത്.കുഴിമാടത്തിന് ചുറ്റും കാട്ടുകല്ലുകൾ പെറുക്കി അടക്കിയിട്ടുള്ളതല്ലാതെ മറ്റൊന്നും ഇവിടെ കാണാനില്ല.സഹോദരൻ അരുണും സഹോദരി സിനിയുമാണ് മാതാപിതാക്കൾക്ക് തുണയായി ഇപ്പോൾ വീട്ടിലുള്ളത്.അരുണിന് കിട്ടുന്ന കൂലിപ്പണിയിൽ നിന്നുള്ള തുച്ഛമായ തുകയാണ്് കുടുംബത്തിന്റെ ഏക വരുമാനം.

മാതാപിതാക്കളുടെ ചികത്സ ചിലവും വീട്ടുചിലവുമെല്ലാം ഇതിൽ നിന്നുവേണം നടന്നുപോകാനെന്നും ഇതുമൂലം ബാങ്കിൽ ലോൺ അടവ് കൃത്യമായി കൊണ്ടുപോകാനാവുന്നില്ലന്നും സഹോദരി അന്ത്യവിശ്രമം കൊള്ളുന്ന കൃഷി ഭൂമി നഷ്ടപ്പെടുമോ എന്നുപോലും ആശങ്കയുണ്ടെന്നും അരുൺ പറയുന്നു.

കുട്ടപ്പനും ചിന്നമ്മയും ഇപ്പോൾ വീട്ടിൽ നിന്നിറങ്ങുന്നത് ആശുപത്രി ആവശ്യങ്ങൾക്ക് മാത്രമാണ്.വീട്ടിൽ നിന്നും വാഹനം എത്തുന്ന സ്ഥലത്തെത്തണമെങ്കിൽ ഒരു കിലോമീറ്ററോളം നീളുന്ന ദുർഘട പാത താണ്ടണം.കല്ലിൽ നിന്നും കല്ലിന്മേൽ ചവിട്ടിയുള്ള യാത്രയിൽ കണ്ണൊന്നുതെറ്റിയാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.മഴക്കാലമായാൽ മലവെള്ളപ്പാച്ചിൽ മൂലം ഈ വഴിയിൽക്കൂടിയുള്ള യാത്രയും മുടങ്ങും.പിന്നെ എന്ത് അത്യവശ്യം ഉണ്ടായാലും വീടിനുള്ളിൽ കഴിഞ്ഞുകൂടുകയല്ലാതെ ബാഹ്യലോകവുമായി ബന്ധപ്പെടാൻ മറ്റ് മാർഗ്ഗമില്ലന്നതാണ് സ്ഥിതി.