തിരുവനന്തപുരം: മലയാളികളെ നടുക്കിയ കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു. ദുരന്തത്തിൽ ആകെ മരിച്ചത് 49 പേരാണ്. ഇവരിൽ 45 പേരും ഇന്ത്യക്കാരാനാണ്. മൂന്ന് പേർ ഫിലിപ്പിനോ പൗരന്മാരാണ്. ഇന്ത്യക്കാരിൽ തന്നെ മലയാളികളാണ് കൂടുതൽ മരിച്ചിരിക്കുന്നത്. ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയുമുണ്ട്. കാരണം, 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

വിവിധ സംഘടനകൾ ചേർന്ന് രക്ഷദൗത്യം ഏകോപിപ്പിച്ചു വരികയാണ്. ഇന്ത്യൻ സർക്കാർ പ്രതിനിധികളും സ്ഥലത്തുണ്ട്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും നോർക്ക വൈസ് ചെയർമാൻ കെവി അബ്ദുൽഖാദർ പറഞ്ഞു.

അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈത്ത് അമീർ നിർദ്ദേശം നൽകി. ഇതിനായി കുവൈത്തും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈത്ത് അമീർ ഉത്തരവിട്ടതായി കുവൈത്ത് മാധ്യമങ്ങൾ അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നവടത്തിവരികയാണ്.

സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഗവൺമെന്റ് കുവൈത്തിൽ നടത്തുന്ന ഇടപെടലുകളിൽ സംസ്ഥാന സർക്കാർ പൂർണ്ണപിന്തുണ നൽകും. ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ കുവൈത്തിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു.

മലയാളിയായ കെ എം എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും. ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്നും എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി കൈമാറാൻ എൻ.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തിയതായും മാനേജ്‌മെന്റ് അറിയിച്ചു.

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അടിയന്തരമായി കുവൈത്തിലേക്ക് പുറപ്പെടും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തിൽ എത്തുന്നത്.

തിരിച്ചറിഞ്ഞ മലയാളികൾ

1. കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
2. കാസർഗോഡ് തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)
3. കണ്ണൂർ പയ്യന്നൂർ സ്വദേശി നിതിൻ കുത്തൂർ
4. കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ
5. മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എംപി. ബാഹുലേയൻ (36)
6. മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ് (40)
7. തൃശ്ശൂർ ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസ് (44)
8. കോട്ടയം പാമ്പാടി ഇടിമണ്ണിൽ സ്റ്റെഫിൻ ഏബ്രഹാം സാബു (29)
9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് (38)
10.കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി പ്രദീപ് (27)
11. പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ നായർ (31)
12. പത്തനംതിട്ട നിരണം സ്വദേശി മാത്യു തോമസ് (54) (ഇപ്പോൾ ആലപ്പുഴ പണ്ടനാട് താമസം )
13. പത്തനംതിട്ട കീഴ് വായ്‌പ്പൂർ നെയ്വേലിപ്പടി സ്വദേശി സിബിൻ ടി എബ്രഹാം (31)
14. പത്തനംതിട്ട തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ (37)
15. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68)
16. പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് (56)
17. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)
18. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30)
19. കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29)
20. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുൺ ബാബു

ബുധനാഴ്ച പുലർച്ച നാലുമണിക്കാണ് മൻഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തിൽ തീപടർന്നത്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല.