- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുത്തു; കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ടുപേർ മരിക്കാൻ ഇടയായത് അപകടകരമായ ഡ്രൈവിങ് കാരണം; സർവീസിൽ തുടരുന്നത് ഹാനികരം; ഡ്രൈവർ ഔസേപ്പിനെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ടുപേർ മരിക്കാൻ ഇടയായ സംഭവത്തിൽ, ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗുരുതരമായ കൃത്യവിലോപവും, ചട്ടലംഘനവും നടത്തിയതിനാണ് കെഎസ്ആർടിസി വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എൽ ഔസേപ്പിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്.
2022 ഫെബ്രുവരി 7 ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറായിരിക്കെ കുഴൽമന്ദത്ത് വെച്ചുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അപകടരമാവും വിധം വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയെന്ന് കെഎസ്ആർടിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് 2022 ഫെബ്രുവരി 10 ന് തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് നടന്ന വിശദമായ വാദം കേൾക്കലുകൾക്കും തെളിവെടുപ്പുകൾക്കും, വിശദമായി വീഡിയോ പരിശോധന നടത്തിയതിലും സി.എൽ ഔസേപ്പിന്റെ ഭാഗത്ത് നിന്നുള്ള കുറ്റം തെളിഞ്ഞിരുന്നു.
മുൻപും പലവട്ടം ഇയാൾ ബസ് അപകടത്തിൽപെടുത്തിയെന്ന വിവരവും പരിഗണിച്ചു. ഇയാൾ കെഎസ്ആർടിസിയിൽ തുടർന്നാൽ കൂടുതൽ മനുഷ്യജീവനുകൾക്ക് ഹാനിയോ, അപകടമോ ഉണ്ടാകുമെന്നുള്ള സാഹചര്യം ഉണ്ടെന്ന് വിലയിരുത്തിയാണ് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടത്.
പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് , കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അപകടത്തിൽ ദുരൂഹത ആരോപിച്ച് ഇരു കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ