- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി എന്തു ചോദിച്ചാലും നൽകുന്ന ഗഡ്ഗരി; ഡൽഹിയിലെ പ്രത്യേക പ്രതിനിധിയോട് ദേശീയപാതാ വികസനം സംബന്ധിച്ച തുടർചർച്ചകൾ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി നടത്താമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി; ഡൽഹിയിലെ പ്രതിനിധി സാധിച്ചെടുക്കേണ്ടത് എയിംസും ഹൈക്കോടതിയുടെ തലസ്ഥാന ബഞ്ചും അടക്കമുള്ള ആവശ്യങ്ങൾ; റോഡ് വികസനം കെവി തോമസ് കൊണ്ടു പോകുമോ?
ന്യൂഡൽഹി: കേരളത്തിൽ ദേശീയപാതാ വികസനത്തിന്റെ മുഖമായി മാറാൻ കെവി തോമസ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കുമെന്ന് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായുള്ള കൂടിക്കാഴ്ചയിൽ റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. എന്നാൽ വളരെ മുമ്പ് തന്നെ ഇതിൽ തീരുമാനം വന്നതാണ്. പണം നൽകാനാകില്ലെന്ന കേരളത്തിന്റെ നിലപാട് നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് കേന്ദ്ര സർക്കാർ അംഗീകരിച്ചത് വളരെ നേരത്തെയാണ്. അപ്പോഴും കെവി തോമസിന്റെ സമ്മർദ്ദഫലമാണ് ഇതെന്ന് വരുത്താനാണ് നീക്കം.
എയിംസും ഹൈക്കോടതിയുടെ തിരുവനന്തപുരത്തെ ബെഞ്ചും അടക്കം നിരവധി വിഷയങ്ങൾ കേന്ദ്രത്തിന് മുന്നിൽ കേരളം വച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ കേന്ദ്രത്തിൽ നിന്നും അധിക സാമ്പത്തിക സഹായവും അനിവാര്യാണ്. ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്ന തോമസ് പ്രധാനമന്ത്രി മോദിയുടെ സുഹൃത്തുമാണ്. ഈ ബന്ധങ്ങളിലൂടെ കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങൾ അംഗീകരിച്ചെടുക്കുമെന്നതാണ് പിണറായി സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ സുഗമമായി നടക്കുന്ന റോഡ് വികസനത്തിലെ ചർച്ചകളിലൂടെ അനുവദിച്ച പദ്ധതികളുടെ ക്രെഡിറ്റ് സ്വന്താക്കുകയാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുടെ ലക്ഷ്യമെന്ന വിലയിരുത്തൽ സജീവമാണ്.
ദേശീയ പാതാ ഭൂമി ഏറ്റെടുക്കലിൽ കേരളം പണം നൽകിയിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിൽ കേരളത്തിന്റെ വിഹിതമായ 25% ഒഴിവാക്കണെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചത് മാസങ്ങൾക്ക് മുമ്പാണ്. അത് പിണറായിയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന കേന്ദ്രമന്ത്രി ഗഡ്ഗരി അംഗീകരിച്ചു. ഇത് തന്റെ പേരിലാക്കാനാണ് കെവി തോമസിന്റെ ശ്രമം. ദേശീയപാതാ വികസനം സംബന്ധിച്ച തുടർചർച്ചകൾ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി ഗഡ്കരി നടത്തുമെന്നും അറിയിച്ചു. അതായത് സർക്കാർ പ്രതിനിധിയുമായി ചർച്ച നടത്താനുള്ള താൽപ്പര്യക്കുറവ് കെവി തോമസിനെ അറിയിക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തെ പ്രളയത്തിൽ ദേശീയപാതയ്ക്കുണ്ടായ കേടുപാടുകൾ മൂലമുള്ള 83 കോടി രൂപയുടെ നഷ്ടം കേന്ദ്രം നികത്തും. ചീഫ് എൻജിനീയറുടെ റിപ്പോർട്ട് ലഭിച്ച ശേഷം സംസ്ഥാനത്തിനു തുക കൈമാറും. കഴക്കൂട്ടം ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം പഴയകട മുതൽ കുളത്തൂർ വരെയുള്ള മേൽപ്പാതയുടെ നിർമ്മാണം ആരംഭിക്കും. ദേശീയപാതയിൽ രാമനാട്ടുകര വെങ്ങളം മേൽപ്പാത നിർമ്മിക്കുന്നതിനോടു കേന്ദ്രം അനുകൂലമാണ്. കണ്ണൂർ ഹാജിമൊട്ടയിലെ ടോൾ പ്ലാസ വയക്കരവയലിലേക്ക് മാറ്റി സ്ഥാപിക്കുക, സർവീസ് റോഡ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കും. ഇതെല്ലാം വളരെ മുമ്പെടുത്ത തീരുമാനമാണ്. ഇതെല്ലാം തന്റെ ചർച്ചയുടെ ഫലമാണെന്ന തരത്തിൽ പ്രചരിപ്പിക്കാനാണ് തോമസ് അനുകൂലികളുടെ ശ്രമം.
പയ്യന്നൂർ വെള്ളൂർ ബാങ്ക് പരിസരത്ത് അടിപ്പാത നിർമ്മിക്കാൻ നടപടിയെടുക്കും. വടകര മുനിസിപ്പാലിറ്റിയിൽ മേൽപ്പാത വേണമെന്ന ആവശ്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് കുളം ബസാറിൽ ബോക്‌സ് കൾവെർട്ടിന്റെ നിർമ്മാണവും പരിഗണനയിലുണ്ടെന്നു ഗഡ്കരി വിശദീകരിച്ചു. ദേശീയ പാതാ വികസനത്തിൽ കേരളം കുതിപ്പിന് ഒരുങ്ങുകയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പാതാ നിർമ്മാണം പല ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഇതിന്റെ ക്രെഡിറ്റ് കിട്ടാനാണ് തോമസിന്റെ ശ്രമം. കേരളത്തിലെ റോഡ് വിപ്ലവത്തിന് പിന്നിലെ ചാലക ശക്തിയായി മാറാനുള്ള നീക്കം.
പെൻഷനൊപ്പം ഹോണറേറിയവും വാങ്ങിയാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി തോമസ് ഉത്തരവാദിത്തം നിറവേറ്റുന്നത്. ഇതിനിടെ വിവാദ ദല്ലാൾ നന്ദകുമാറിന്റെ അമ്മയുടെ പിറന്നാൾ ആഘോഷത്തിന് പോയത് വിവാദമായി. ഇടതു കൺവീനർ ഇപി ജയരാജനും ഉണ്ടായിരുന്നു. ഈ പേരുദോഷം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഗഡ്ഗരിയെ കണ്ടത്. പിണറായി വിജയനോട് അടുപ്പമുള്ള ഗഡ്ഗരി കേരളത്തിനോട് എന്നും അനുകൂല നിലപാടുകൾ മാത്രമേ എടുത്തിട്ടുള്ളൂ. കേരളം ചോദിക്കുന്നതെല്ലാം നൽകിയ കേന്ദ്ര മന്ത്രി. ഇത് മനസ്സിലാക്കിയാണ് റോഡ് ചർച്ചയാക്കിയുള്ള തോമസിന്റെ നീക്കം.
മറുനാടന് മലയാളി ബ്യൂറോ