പത്തനംതിട്ട : സിൽവർ ലൈൻ പദ്ധതിയിൽ അതീവതാത്പര്യം പ്രകടിപ്പിച്ച് വീണ്ടും കേന്ദ്ര റെയിൽവേ ബോർഡ്. കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാനം പുറകോട്ടില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസം മുമ്പ് രംഗത്തു വന്നിരുന്നു. ആധുനിക കാലഘട്ടത്തിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, കെ റെയിൽ പോലെയുള്ള നൂതന ഗതാഗത സംവിധാനം നാടിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവാക്കളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. വൻസാമ്പത്തികബാധ്യത സൃഷ്ടിക്കുമെന്നും ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നും ദക്ഷിണ റെയിൽവേ ആവർത്തിക്കുമ്പോഴാണ് കെറെയിലിൽ പുതിയ സാധ്യത.

കെ റെയിൽ പദ്ധതി സംബന്ധിച്ച് കേരളാ റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡുമായി (കെ-റെയിൽ) അടിയന്തരപ്രാധാന്യത്തോടെ ചർച്ച നടത്താൻ നിർദ്ദേശിച്ച് ബോർഡ് ഡയറക്ടർ എഫ്.എ അഹമ്മദ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കു രണ്ടാംതവണയും കത്തയക്കുകയായിരുന്നു. ഇതോടെ വീണ്ടും ചർച്ചകൾ തുടങ്ങും. കേന്ദ്ര സർക്കാരും കേരളത്തിലെ ബിജെപിയും പദ്ധതിക്കെതിരെ പരസ്യമായ നിലപാട് എടുത്തിരുന്നു. ഇതിനിടെയാണ് പുതിയ നീക്കം. കേരളത്തിലെ ഡൽഹിയിലെ പ്രതിനിധി കെവി തോമസിന്റെ നിർണ്ണായക നീക്കങ്ങളാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. കേരളത്തിലെ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. പൊതുവിൽ ജനങ്ങളും എതിരാണ്. ഇത്തരമൊരു പദ്ധതിയാണ് വീണ്ടും ചർച്ചകളിലേക്ക് എത്തുന്നത്.

സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പറിയിച്ച് നാലുവർഷം മുമ്പ്, 2020 ജൂൺ 10-നും 15-നും, റെയിൽവേ ബോർഡിനു ദക്ഷിണ റെയിൽവേ കത്ത് നൽകിയിരുന്നു. പദ്ധതിക്കായി 107.8 ഹെക്ടർ റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നു വ്യക്തമാക്കി കഴിഞ്ഞ ഒക്ടോബർ 21-നും ബോർഡിനു കത്തയച്ചു. ഭൂമി വിട്ടുകൊടുത്താൻ റെയിൽവേയുടെ ഭാവിവികസനത്തിനു തടസമാകുമെന്നു സൂചിപ്പിച്ചായിരുന്നു കത്ത്. വീണ്ടും കെ റെയിലിന് ജീവൻ വയ്ക്കുന്നുവെന്ന് സൂചന നൽകുന്നതാണ് പുതിയ നീക്കം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇ ശ്രീധരൻ നൽകിയിട്ടുണ്ട്. കെ റെയിലിന് മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് ഇത്. ഈ വിഷയത്തിലാകും ചർച്ചയെന്നും സൂചനയുണ്ട്.

കെ-റെയിലുമായി ചർച്ച നടത്താനാവശ്യപ്പെട്ട് രണ്ടുതവണ, കഴിഞ്ഞ നവംബർ ഒന്നിനും ജനുവരി 16-നും, റെയിൽവേ ബോർഡ് ഡയറക്ടർ എഫ്.എ. അഹമ്മദ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കു കത്ത് നൽകി. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണു റെയിൽവേ ബോർഡിന്റെ ഇടപെടലുകൾ. കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ കഴിഞ്ഞമാസം 24-നു വിരമിക്കേണ്ടതായിരുന്നു. എന്നാൽ, അദ്ദേഹം ഇപ്പോഴും തുടരുകയാണ്. ഇതിന് പിന്നിൽ കെ റെയിൽ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയാണെന്ന വിലയിരുത്തലുമുണ്ട്.

കെ-റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതരസംസ്ഥാന കോർപറേറ്റ് ഭീമന്മാരിൽനിന്ന് 150 കോടി കൈപ്പറ്റിയെന്ന ആരോപണവുമായി പി.വി. അൻവർ എംഎൽഎ രംഗത്തു വന്നിരുന്നു. പദ്ധതി നടപ്പായാൽ കേരളത്തിന്റെ ഐ.ടി. മേഖലയിൽ ഉണ്ടാകാൻപോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാൻ ഇതരസംസ്ഥാനങ്ങളിലെ ഐ.ടി. ഭീമന്മാർ കേരളത്തിലെ കോൺഗ്രസിനെ കൂടെനിർത്തി പ്രവർത്തിച്ചതിന്റെ ഫലമാണ് കെ-റെയിലുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളെന്ന് പി.വി. അൻവർ നിയമസഭയിൽ ആരോപിച്ചു.

ഇത് വിജിലൻസ് അന്വേഷണത്തിന് വേണ്ടിയാണെന്ന സൂചനയുമുണ്ട്. ഇതിനിടെയാണ് വീണ്ടും കെറയിലിന് ജീവൻ വയ്ക്കുന്നത്.