- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിൻകരയിലെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരവും അതിക്രമവും; കടുത്ത ശിക്ഷ നൽകി മാതൃക കാട്ടാൻ സർക്കാർ; പൊതുഭരണ വകുപ്പിലെ സെക്ഷൻ ഓഫീസർ എൽ റോബർട്ടിനെ സർവീസിൽ നിന്ന് പിരിച്ചുവിടും
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടവും മര്യാദയും മറന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച പൊതുഭരണ വകുപ്പിലെ സെക്ഷൻ ഓഫീസറെ സർക്കാർ പിരിച്ചുവിടും. ഉന്നത ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്കും സമൂഹത്തിനും മാതൃകയായിരിക്കണമെന്നതു മറന്ന് ലൈംഗിക അതിക്രമം കാട്ടിയതിന് സർവീസിൽ നിന്ന് നീക്കം ചെയ്ത് മാതൃക കാട്ടാനാണ് പൊതുഭരണ വകുപ്പിന്റെ നീക്കം.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതും സ്ത്രീസുരക്ഷ അപകടത്തിലാണെന്ന ആരോപണമുയരുന്നതും സർക്കാരിന് തലവേദനയായിരിക്കെ, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചത് ഗുരുതര കുറ്റകൃത്യമായി സർക്കാർ വിലയിരുത്തുന്നു.
പ്രതിക്കെതിരായ ക്രിമിനൽ കേസും നടപടികളും അതിന്റെ വഴിക്ക് പുരോഗമിക്കുന്നതിനിടെ, കടുത്ത ശിക്ഷ നൽകി സർവീസിൽ നിന്ന് നീക്കാനാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശിയായ പൊതുഭരണ വകുപ്പിലെ സെക്ഷൻ ഓഫീസർ എൽ റോബർട്ട് ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത്. ലൈംഗിക അതിക്രമം നടത്തിയതായും സർക്കാരിന് പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതി സത്യമാണെന്ന് ബോദ്ധ്യമായതോടെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ സെക്ഷൻ ഓഫീസർക്കെതിരേ ക്രിമിനൽ കേസെടുത്തു. ഇതിനു പുറമേ പോക്സോ കേസും രജിസ്റ്റർ ചെയ്തു. റോബർട്ടിനെ അറസ്റ്റ് ചെയ്തതായി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചു.
ഇതേത്തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു. റോബർട്ടിനെതിരേ വകുപ്പുതല നടപടിക്ക് സർക്കാർ നടപടി തുടങ്ങുകയും കുറ്റപത്രം നൽകുകയും ചെയ്തു. കുറ്റപത്രത്തിനെതിരായി റോബർട്ട് സമർപ്പിച്ച എതിർവാദ പത്രികയിലെ വാദങ്ങൾ പരിശോധിച്ച് തൃപ്തികരമല്ലെന്ന് കണ്ട് സർക്കാർ തള്ളിക്കളഞ്ഞു. സമൂഹത്തിനാകെ മാതൃകയായിരിക്കേണ്ട ഉദ്യോഗസ്ഥന്റെ കൊള്ളരുതായ്മയ്‌ക്കെതിരേ ശക്തമായ നടപടിയെടുക്കാൻ പൊതുഭരണ വകുപ്പ് തീരുമാനിച്ചു.
പിരിച്ചുവിടൽ നടപടിയിലേക്ക് കടക്കും മുൻപ് റോബർട്ടിനെതിരായ കുറ്റാരോപണങ്ങളിൽ അന്തിമ അന്വേഷണം നടത്താൻ നികുതി വകുപ്പിലെ ജോയിന്റ് സെക്രട്ടറി എം.വി പ്രമോദിനെ കേരളാ സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണ അധികാരിക്ക് മുന്നിൽ കേസ് അവതരിപ്പിക്കാൻ പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി പി.എം.ഷാജുദ്ദീനെ പ്രസന്റിങ് ഓഫീസറായും നിയമിച്ച് ജോയിന്റ് സെക്രട്ടറി സി.ഡി ദിലീപ് ഉത്തരവിറക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്