- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
36 ദ്വീപുകളിൽ ആൾത്താമസം പത്തിൽ മാത്രം; വിനോദ സഞ്ചാരത്തെ വരുമാനമാർഗ്ഗം ആക്കിയവരും പത്ത് ശതമാനത്തോളം പേർ മാത്രം; അടിസ്ഥാന സൗകര്യങ്ങളും തീർത്തും അപര്യാപ്തം; ഇത്രയധികം വിനോദസഞ്ചാരികളെ ലക്ഷദ്വീപിന് താങ്ങാനാവില്ല; പരിസ്ഥിതി ദുർബല പ്രദേശമെന്ന് സ്ഥലം എംപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹമാധ്യമ പോസ്റ്റിന്റെയും അതിനു പിന്നാലെ ഉടലെടുത്ത മാലദ്വീപ് ഇന്ത്യ പ്രശ്‌നത്തിന്റെയും സാഹചര്യത്തിൽ, ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടുകയാണെന്ന് റിപ്പോർട്ട്. അതേസമയം കൂട്ടത്തോടെ വിനോദ സഞ്ചാരികൾ എത്തുന്നത് ലക്ഷദ്വീപിന് താങ്ങാൻ സാധിക്കുന്ന അവസ്ഥയല്ല. അതുകൊണ്ട് തന്നെ വലിയൊരു ശതമാനം ആളുകൾ ലക്ഷദ്വീപിലേക്ക് വരാൻ തയ്യാറെടുക്കുമ്പോഴും അത് അത്രകണ്ട് എളുപ്പമല്ലെന്നാണ് ലക്ഷദ്വീപ എംപി മുഹമ്മദ് ഫൈസൽ പറയുന്നത്.
മാലദ്വീപിൽ കാലങ്ങളായി അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചിട്ടുണ്ടെങ്കിൽ ലക്ഷദ്വീപിൽ അതല്ല സ്ഥിതി. ടൂറിസത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലെ കാമ്പയിനുകൾക്ക് അപ്പുറമാണ് യഥാർഥ വസ്തുതകൾ. മോദിയുടെ പോസ്റ്റിനെ തുടർന്ന് സഞ്ചാരികൾ ലക്ഷദ്വീപിലേക്ക് വരാൻ തയ്യാറായിരിക്കുമ്പോൾ ഇത്രയധികം സഞ്ചാരികളെ താങ്ങാനുള്ള കരുത്ത് ലക്ഷദ്വീപിന് ഇല്ലെന്ന് എംപി മുഹമ്മദ് ഫൈസൽ പറയുന്നു.
ദേശീയ മാധ്യമത്തോടാണ് ഫൈസൽ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ''ലക്ഷദ്വീപ് പാരിസ്ഥിതികമായി വളരെ ദുർബലമായ പ്രദേശമാണ്. അതുകൊണ്ടാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം ജസ്റ്റിസ് രവീന്ദ്രൻ കമ്മിഷൻ ലക്ഷദ്വീപിനായി 'ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്‌മെന്റ് പ്ലാൻ'കൊണ്ടുവന്നത്. റോഡ്, ജെട്ടികൾ തുടങ്ങി ലക്ഷദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനം ഇതു പ്രകാരമാണ് നടക്കുന്നത്.
രവീന്ദ്രൻ കമ്മിഷന്റെ ഈ പദ്ധതിയിൽ തന്നെ ദ്വീപിന് എത്രത്തോളം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുമെന്നു പറഞ്ഞിട്ടുണ്ട്. അതുപ്രകാരം ദ്വീപിൽ വിനോദസഞ്ചാരികൾക്ക് വലിയ നിയന്ത്രണം ഏർപ്പെടുത്തേണ്ട സമയമാണിത്. വിനോദസഞ്ചാരത്തെ നിയന്ത്രിച്ചുകൊണ്ടു തന്നെ പരമാവധി വരുമാനം സമാഹരിക്കാനാണ് പദ്ധതിയിടുന്നത്'' മുഹമ്മദ് ഫൈസൽ പറഞ്ഞു.
ലക്ഷദ്വീപിൽ 36 ദ്വീപുകളിൽ 10 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. ആകെ ജനസംഖ്യയിൽ 8-10 ശതമാനം മാത്രമാണ് വിനോദസഞ്ചാരത്തെ ആശ്രയിക്കുന്നത്. നിരവധി സഞ്ചാരികളുടെ പട്ടികയിൽ ഉൾപ്പെടാത്ത പ്രദേശമായിരുന്നു ലക്ഷദ്വീപ്. ഇപ്പോൾ ലക്ഷദ്വീപിലേക്ക് എത്തുന്നത് എങ്ങനെയെന്നും താമസ സൗകര്യം എന്തൊക്കെയാണെന്നും എന്തൊക്കെ കാഴ്ചകളാണ് കാത്തിരിക്കുന്നതെന്നും തിരക്കി ആയിരക്കണക്കിന് അന്വേഷണങ്ങളാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്.
വിനോദസഞ്ചാരികളുടെ എണ്ണം എത്ര വർധിച്ചാലും അതെല്ലാം കൈകാര്യം ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യം ദ്വീപിലുണ്ടെന്നാണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നത് ലക്ഷദ്വീപിന്റെ പാരിസ്ഥിതിക ഘടനയെ മോശമായി ബാധിക്കുമെന്നു മുഹമ്മദ് ഫൈസൽ പറയുന്നു.
ലക്ഷദ്വീപ് സന്ദർശനത്തിന്റെ തുടർച്ചയായി അവിടേക്കു സന്ദർശകരെ ക്ഷണിച്ച് നരേന്ദ്ര മോദി എക്‌സിൽ പോസ്റ്റിട്ടതിനു പിന്നാലെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. മോദിയുടെ പോസ്റ്റ് മാലദ്വീപ് ടൂറിസത്തെ തകർക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചു. പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.
ഇതിനിടെ മാലദ്വീപ് ബഹിഷ്‌ക്കരണ ആഹ്വാനവും ശക്തമായിരുന്നു. കൂടാതെ ലക്ഷദ്വീപിലേക്ക് വിനോദ സഞ്ചാരത്തിന് പോകാനും നിർദ്ദേശമെത്തി. എന്നാൽ, അടിസ്ഥാന സൗക്യങ്ങളുടെ അഭാവമാണ് ഇവിടെ ടൂറിസം വളർത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ്ക്ക് തിരിച്ചടിയാകുന്നത്.
മറുനാടന് ഡെസ്ക്