കോഴിക്കോട്: മോഹൻലാൽ നായകനായ റോഷൻ ആൻഡ്രൂസിന്റെ 'ഇവിടം സ്വർഗമാണ്' സിനിമ ഓർമ്മയില്ലേ. എങ്ങനെയാണ് റിയൽ എസ്റ്ററ്റ് മാഫിയ കേരളത്തിൽ പിടിമുറക്കുന്നത് എന്ന് ചിത്രം കൃത്യമായി വരച്ചിട്ടിരുന്നു. പഴയരേഖകളുടെ ഒരു ഭാഗം നശിപ്പിക്കാൻ ചിതലിനെവരെയുണ്ടാക്കി, വ്യാജ സീലും ഒപ്പുകളുമൊക്കെയായി, റവന്യൂ അധികൃതരും ബിസിസനസുകാരും ഒത്തുകളിച്ച് ഭൂമി തട്ടിയെടുക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞ, ആ ചിത്രത്തിന് സമാനമായ സംഭവങ്ങളാണ് ഇപ്പോൾ കോഴിക്കോട് നിന്ന് പുറത്തുവരുന്നത്.

കെഎസ്എഫിഇയുടെ വിവധ ശാഖകളിൽനിന്നായി വ്യാജവായ്‌പ്പകളിലുടെ ഏഴ്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ അന്വേഷണം വ്യാപിക്കുമ്പോൾ പുറത്തുവരുന്നത് വലിയ മാഫിയയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ്. കുന്നിൻ പ്രദേശങ്ങളിലും ഉൾ നാടുകളിലുമുള്ള വില കുറഞ്ഞ ഭൂമി കണ്ണായ സ്ഥലത്തുള്ളതെന്ന് കാണിക്കുന്ന വ്യാജ രേഖകൾ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. ആധാരം, കൈവശ രേഖ, ലൊക്കേഷൻ സ്‌കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി നിർമ്മിക്കുകയായിരുന്നു. ഇതിനായി തഹസിൽദാർ വരെ പങ്കാളിയായ വലിയ ഒരു ടീമും ഇവർക്കുണ്ടായിരുന്നു.

വ്യാജരേഖ ചമക്കാൻ വൻസംഘം

2022 സെപ്തബറിലാണ് കേസിനാസ്പദമായ സംഭവം. കെഎസ്എഫിഇ കോഴിക്കോട് ടൗൺ, ഈങ്ങാപ്പുഴ ബ്രാഞ്ചിൽ നിന്നായി എഴു കോടിയോളം രൂപയുടെ വായ്പ തട്ടിപ്പാണ് നടന്നത്. മഞ്ചേരി സ്വദേശി നിയാസ് അലി, മഞ്ചേരി നറുകര നാദിർ, അരീക്കോട് കവന്നൂർ നിസാറുദ്ദീൻ, പയ്യനാട് ഷാനവാസ്, മലപ്പുറം ഉദിരംപൊയിൽ ഷാജി എന്ന ഷാജഹാൻ, റിട്ട.തഹസിൽദാർ പയ്യോളി സ്വദേശി പ്രദീപ് കുമാർ, സുൽത്താൻ ബത്തേരി സ്വദേശി ഹാരിസ്, മഞ്ചേരി സ്വദേശി അനീഷ് റാഷിദ് എന്നിവരാണ് ഈ വായ്പാ തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതികൾ. കെഎസ്എഫ്ഇ ചിട്ടിക്ക് ഈടായും വായ്പക്ക് ജാമ്യമായും പ്രതികൾ വ്യാജ റന്യു രേഖകൾ നിർമ്മിച്ച് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

ഈങ്ങാപ്പുഴ ബ്രാഞ്ചിൽ പൊലീസ് ചാർജ് ചെയ്ത 12 കേസുകളിലായി 20 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ കേസിലും 70 സാക്ഷികളും 1200 പേജ് വീതമുള്ള കുറ്റ പത്രവുമാണ് താമരശ്ശേരി എസ്ഐ വി.കെ.റസാഖ്, എസ്സിപിഒ മാരായ എ.കെ.രതീഷ്, പി.കെ.ലിനീഷ് എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കി താമരശ്ശേരി കോടതിയിൽ സമർപ്പിച്ചത്.

കുന്നിൻ പ്രദേശങ്ങളിലും ഉൾ നാടുകളിലുമുള്ള വില കുറഞ്ഞ ഭൂമി കണ്ണായ സ്ഥലത്തുള്ളതെന്ന് കാണിക്കുന്ന വ്യാജ രേഖകൾ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. ആധാരം, കൈവശ രേഖ, ലൊക്കേഷൻ സ്‌കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി നിർമ്മിക്കുകയായിരുന്നു. ബന്ധപ്പെട്ട വില്ലേജ് ഓഫീന്റെ സീലും വ്യാജമായി നിർമ്മിച്ചാണ് വായ്പാ തട്ടിപ്പ് നടത്തിയത്. ഭൂമിയുടെ വില നിർണയ കമ്മിറ്റിയിൽ പെട്ട ഒരു റിട്ട. തഹസിൽ ദാറും ഈ കേസിൽ പ്രതിയാണ്.

നിർധനരായ വ്യക്തികൾക്ക് ചെറിയ തുകകൾ കമ്മീഷൻ നൽകിയാണ് തട്ടിപ്പ് നടന്നത്. പ്രതികളിൽ ഒരാളായ, നിസാറുദ്ദീന്റെപേരിൽ കോഴിക്കോട് നോർത്ത് ബീച്ചിനടുത്ത് വാടകക്ക് എടുത്ത ഫളാറ്റിലാണ് തട്ടിപ്പിന്റെ ഗൂഢാലോചന നടന്നത്. ഈങ്ങാപ്പുഴ കെഎസ്എഫഇ ശാഖയിൽനിന്ന്, 11 ചിട്ടി വായ്‌പ്പയും, വ്യക്തിഗതവായ്‌പ്പയായ 1.79 കോടി രൂപയും പ്രൈസ് മണിയായി 15 ലക്ഷം രൂപയും ഉൾപ്പെടെ, 1.94 കോടി രൂപയാണ് പ്രതികൾ കൈവശപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മലയോരമേഖലയിൽ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങി, ചെറിയ പ്ലോട്ടുകളായി തിരിച്ച്, വ്യാജരേഖ ചമച്ച്, അവ ഈടുവെച്ച് ഈങ്ങാപ്പുഴ ചിട്ടിയിൽ ചേർന്ന്, വായ്‌പ്പയായും പ്രൈസ് മണിയായും വൻ തുക കൈപ്പറ്റുകയയിരുന്നു.

വില്ലേജ് ഓഫീസിൽനിന്ന് ലഭിക്കേണ്ട ലെക്കേഷൻ സ്‌കെച്ചും മറ്റും പ്രതികൾ വ്യാജ ആധാരത്തിന് അനുയോജ്യമായ രീതിയിൽ പ്രതികൾ നിർമ്മിക്കയായിരുന്നു. വ്യാജമായ തയ്യാറാക്കിയ ഈ ആധാരങ്ങൾക്ക്, കേസിലെ മറ്റൊരു പ്രതിയായ തഹസിൽദാർ കെ പ്രദീപ്കുമാർ വാല്വേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്‌പ്പ ലഭിച്ചത്. കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നവർക്ക് വായ്‌പ്പത്തുക ലഭിച്ച ദിവസം തന്നെ കമ്മീഷൻ ഒഴിച്ചുള്ള, തുക കേസിലെ പ്രധാന പ്രതിയായ, മഞ്ചേരി നുറുകര നാലകത്ത് വീട്ടിൽ എൻ നിയാസലിയുടെ ബന്ധുവായ അനീഷ് റാഷിദിന്റെ പേരിലുള്ള എസ്‌കെഎ ഫ്രുട്ട്സ് എന്ന അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായും കുറ്റപത്രത്തിൽ പറയുന്നു.

മലപ്പുറം പയ്യനാട് സ്വദേശി അനീഷ് റാഷിദ് ആണ് കേസിലെ മറ്റൊരു മുഖ്യപ്രതി. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കർണാടകയിൽ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തതത്. കേസെടുത്ത് ഒരു വർഷത്തിനുശേഷം, കർണാടകയിലെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന വിവരങ്ങൾ ശേഖരിച്ച് പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തു വകകൾ കണ്ടുകെട്ടുന്നതിന് പൊലീസും കെ എസ് എഫ് ഇയും നടപടി സ്വീകരിച്ചു വരികയാണ്.

കെഎസ്എഫ്ഇ മാവൂർ റോഡ്, പാളയം, കല്ലായി താമരശ്ശേരി ബ്രാഞ്ചുകളിലും സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, നരിപ്പറ്റ, തിനൂർ, കൂടരഞ്ഞി, കട്ടിപ്പാറ വില്ലേജുകളുടെ പേരിൽ സംഘം വ്യാജ രേഖകൾ തയാറാക്കി തട്ടിപ്പിനായി വിവിധ കെഎസ്എഫ്ഇ ഓഫിസുകളിൽ ഹാജരാക്കിയിട്ടുണ്ട്. കെഎസ്എഫ്ഇ കല്ലായി ബ്രാഞ്ചിൽ ബാലുശ്ശേരി വില്ലേജ് ഓഫിസിന്റെ പേരിൽ വ്യാജ രേഖ ഹാജരാക്കിയത് പരിശോധനയിൽ വ്യക്തമായതോടെയാണ് ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളിലും പരിശോധന നടത്തി കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.