കോതമംഗലം: സംസ്ഥാനത്ത് ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴ ശക്തമായതോടെ മലയോര മേഖലകളിൽ മേഖലകളിൽ മണ്ണിടിച്ചിൽ ഭീതി. പലയിടങ്ങളിലും മണ്ണിടിച്ചിൽ ശക്തമായി തുടരുന്ന അവസ്ഥയാണുള്ളത്. കോതമംഗലത്ത് ഇടമലയാറിൽ വ്യാപക മണ്ണിടിച്ചിലൂണ്ടായി. ഗതാഗതം മുടങ്ങിയ അവസ്ഥ കൂടി ആയതോടെ ആദിവാസി മേഖലകൾ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ഇടമലയാർ-താളുംകണ്ടം റോഡിൽ രണ്ടിടത്താണ് മലയിടിച്ചിലുണ്ടായിരിക്കുന്നത്.

ഡാമിനുടുത്ത് വൈദ്യുതവകുപ്പിന്റെ റോഡിലേയ്ക്കും മലിയിടിഞ്ഞുവീണിട്ടുണ്ട്. ഡാമിൽ നിന്നും ഒന്നര കിലോമീറ്ററോളം അകലത്തിൽ സ്ഥിതിചെയ്യുന്ന വൈശാലി ഗുഹയോട് ചേർന്നാണ് വൻതോതിൽ മലയിടിച്ചിൽ ഉണ്ടായിട്ടുള്ളത്. വലിയ മലയുടെ ഒട്ടുമുക്കാൽ ഭാഗവും ഇടിഞ്ഞ് റോഡിലേയ്ക്ക് പതിച്ചിരിക്കുകയാണ്.കഴിഞ്ഞ വർഷവും ഈ ഭാഗത്ത് മലയിടിച്ചിൽ ഉണ്ടായിരുന്നു.ഇതിന് സമീപത്താണ് വീണ്ടും മലയിടിച്ചിൽ ഉണ്ടായിട്ടുള്ളത്.

ആദിവാസി മേഖലകളായ താളുംകണ്ടത്തിനും പൊങ്ങൻചോടിനുമുള്ള പ്രധാന പാതയിലേയ്ക്കാണ് മണ്ണിടിഞ്ഞുവീണിട്ടുള്ളത്.ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം ഇന്നലെ രാത്രി മുതൽ മുടങ്ങി.കുട്ടമ്പുഴ പഞ്ചായത്തും വൈദ്യുത വകുപ്പും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുണ്ട്. മേഖലയിൽ മഴ തുടർന്നാൽ റോഡിലെ മണ്ണുനീക്കൽ നിർത്തിവയ്ക്കേണ്ടിവരുമെന്നും മഴ മാറുന്ന മുറയ്ക്ക് ജോലികൾ തുടരുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം റോഡിലേയ്ക്ക് മലയിടിഞ്ഞ് വീണ് പാതയിൽ ദിവസങ്ങളോളം ഗതാഗതം മുടങ്ങിയിരുന്നു.

അതേസമയം ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി, അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.

തുടർന്നു പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യുന മർദ്ദമാകും. ഈയാഴ്ച അവസാനത്തോടെ ഇത് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.