- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല! ലാവലിൻ കേസ് പതിവു പോലെ ഇന്നും മാറ്റിവെച്ചു; മെയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും; കേസ് അടിയന്തരമായി കേൾക്കണമെന്ന് സിബിഐ; വിശദമായി കേൾക്കാമെന്ന് സുപ്രീം കോടതിയും; വാദം പൂർത്തിയായില്ലെങ്കിൽ മെയ് രണ്ടിനും വാദം തുടരാൻ അനുമതി
ന്യൂഡൽഹി: ലാവലിൻ കേസിൽ ഇന്നും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കേസിൽവാദം കേൾക്കൽ സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. മെയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. അന്നേദിവസം വാദം പൂർത്തിയായില്ലെങ്കിൽ മെയ് രണ്ടിന് തുടരാനാണ് തീരുമാനം. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ നൽകിയ അപ്പീൽ മെയ് 7നു പരിഗണിക്കുമെന്നും കോടതി പറഞ്ഞു. 38ാമത്തെ തവണയാണ് ലാവ്ലിൻ കേസ് മാറ്റി വയ്ക്കുന്നത്. ജഡ്ജിമാരായ സര്യാകാന്ത്, കെ.വി. വിശ്വാനാഥ് എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിച്ചത്.
കഴിഞ്ഞ ഒക്ടോബർ 31നു കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു. കേസ് അടിയന്തരമായി കേൾക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ഒക്ടോബറിൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണു സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കീഴ്ക്കോടതി കേസിൽനിന്ന് ഒഴിവാക്കാത്ത ഉദ്യോഗസ്ഥരും അപ്പീൽ നൽകിയിട്ടുണ്ട്.
കേസിൽ കൂടുതൽ രേഖകൾ നൽകാനുണ്ടെന്നു കാരണം പറഞ്ഞു കക്ഷികൾ കേസ് മാറ്റി വയ്ക്കാൻ അപേക്ഷ നൽകിത്തുടങ്ങിയതോടെ വാദം അന്തമായി നീളുകയായിരുന്നു. അപ്പീൽ നൽകിയ സിബിഐ തന്നെ കേസ് മാറ്റി വയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു. അതിനിടെ, കേസ് പരിഗണിച്ച ജഡ്ജിമാരായ എൻ.വി. രമണ, യു.യു. ലളിത്, എം.ആർ. ഷാ എന്നിവർ സുപ്രീംകോടതിയിൽ നിന്നു വിരമിക്കുകയും ചെയ്തു.
എന്താണ് ലാവലിൻ കേസ്?
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.
നാല് മന്ത്രിസഭ അഞ്ച് വൈദ്യുത മന്ത്രിമരാണ് കേസിൽ ആരോപണ വിധേയരായിട്ടുള്ളത്. 1995-ൽ യുഡിഎഫ് സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാർത്തികേയനാണ് കമ്പനിയുമായുള്ള ആദ്യ ധാരണാപത്രം ഒപ്പു വയ്ക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു. ഇതിന് പിന്നാലെ വന്ന ഇ കെ നയനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ. ഇദ്ദേഹമാണ് ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പുവച്ചത്.
പിന്നീട്, 2001 മെയ് മാസത്തിൽ വീണ്ടും അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ കാലത്താണ് കരാർ പ്രകാരമുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. കടവൂർ ശിവദാസനായിരുന്നു എകെ ആന്റണി സർക്കാരിലെ വൈദ്യുത മന്ത്രി. പിന്നീട്, ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. എസ്എൻസി ലാവലിൻ കരാറുകൾ തുടങ്ങിയത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാരാണ് വൈദ്യുത വകുപ്പ് ഭരിച്ചിരുന്നത്. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകേണ്ട 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.
ലാവ്ലിൻ കരാറിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇ.ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച പറയാതെ പോകാനാകില്ല.നായനാർ സർക്കാർ നിയോഗിച്ച കമ്മീഷൻ.ഈ പദ്ധതിക്ക് 105കോടിയാണ് നിശ്ചയിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഭെല്ലിനെ ഏൽപിക്കാനായിരുന്നു കമ്മീഷൻ ശുപാർശ.ഇത് മറികടന്നാണ് ലാവ്ലിൻ വന്നത്. അതും ടെൻഡറില്ലാതെയാണ് കൊടുത്തത്. 1997 ഫെബ്രുവരി 10നാണ് കരാറിന് മന്ത്രിസഭയുടെ പച്ചക്കൊടി കാട്ടിയത്. ലാവ്ലിൻ കമ്പനിയും വൈദ്യുത ബോർഡും തമ്മിൽ ധാരണപത്രമായി.ഒപ്പം മലബാർ കാൻസർ സെന്റർ സ്ഥാപിക്കാൻ 98കോടി രൂപയുടെ കനേഡിയൻ വാഗ്ദാനവും.ഇവിടം മുതൽ പൊരുത്തക്കേടുകൾ തുടങ്ങുന്നു.
മറുനാടന് ഡെസ്ക്