- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ; ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിനു മുൻപാകെ പത്താമത്തെ കേസായി എത്തും; ആറ് വർഷത്തിനിടെ 30 തവണ ലിസ്റ്റ് ചെയ്ത കേസ് ഇക്കുറി കേൾക്കുമോ?
ന്യൂഡൽഹി: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചവിഷയമായിരുന്ന എസ്എൻസി ലാവലിൻ കേസ് വീണ്ടും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പലതവണ സിബിഐ അഭിഭാഷകരുടെ അടക്കം ബുദ്ധിമുട്ടുകൾ പരിഗണിച്ച് നിരന്തരം മാറ്റിവെച്ച കേസ് ഇന്ന് പുതിയ ബെഞ്ചാകും പരിഗണിക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിനു മുൻപാകെ പത്താമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബർ പത്തിനാണ് കേസ് ലിസ്റ്റ് ചെയ്തത്. എന്നാൽ, മറ്റു കേസുകൾ നീണ്ടുപോയതിനാൽ പരിഗണിച്ചില്ല.
ലാവലിൻ കേസ് കഴിഞ്ഞ ആറ് വർഷത്തിനിടെ 30 തവണ സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. കൂടാതെ, ഉടൻ പരിഗണിക്കാനാവശ്യപ്പെട്ട് പലപ്പോഴായി നാല് തവണ അഭിഭാഷകർ കേസ് സുപ്രീംകോടതിക്ക് മുമ്പാകെ ശ്രദ്ധയിൽപ്പെടുത്തി. 2017-ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ ഇതുവരെ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. ഏതെങ്കിലും അഭിഭാഷകരുടെ അസൗകര്യമോ മറ്റു കേസുകൾ നീണ്ടുപോയതോ കാരണം ഇത് മാറ്റിവെച്ചുകൊണ്ടിരുന്നു. അടുത്തിടെ രണ്ട് തവണ സിബിഐ.ക്കുവേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ അസൗകര്യം കണക്കിലെടുത്താണ് മാറ്റിവെച്ചത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതു വഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് ആരോപണം. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ. നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് കോടതിക്ക് മുമ്പാകെയുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐ.യുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
2006 മാർച്ച് ഒന്നിനാണ് എസ്എൻസി ലാവലിൻ കേസ് സിബിഐക്ക് വിടാൻ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ 2006 ഡിസംബർ നാലിന്, ലാവലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് വി എസ് സർക്കാർ തീരുമാനിച്ചു. 2007 ജനുവരി 16 ന് കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂൺ 11 ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു.
2013 നവംബർ 5ന് പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. 2017 ഓഗസ്റ്റ് 23 ന് പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കേസിൽ നിന്ന് ഹൈക്കോടതിയും ഒഴിവാക്കി. 2017 ഡിസംബർ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹർജി നൽകി.
2018 ജനവരി 11 ന് കസ്തൂരി രംഗ അയ്യർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റ് 27 മുതൽ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലാണ്. സിബിഐ അഭ്യർത്ഥനയനുസരിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി പലതവണ മാറ്റിവച്ചിരുന്നു.