- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17ാം വയസ്സിൽ തോക്കെടുത്തു; 30 വയസ്സിനുള്ളിൽ ഒരു ഡസൻ കൊലയടക്കം 25ഓളം കേസുകൾ; സംഘത്തിലുള്ളത് 700ഓളം ഷാർപ്പ് ഷൂട്ടർമാർ; ആസൂത്രണം തിഹാർ ജയിലിൽ നിന്ന്; കൃഷ്ണമൃഗവേട്ടക്ക് സൽമാൻഖാന് ഭീഷണി; ഇപ്പോൾ കർണി സേന അധ്യക്ഷന്റെ കൊലയും; ലോറൻസ് ബിഷ്ണോയി വീണ്ടും വാർത്തകളിൽ
ജയ്പൂർ: ജയ്പൂരിൽ, രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദിയെ വെടിവച്ചു കൊന്ന സംഭവം, രാജ്യത്തെ നടുക്കിയിരിക്കയാണ്. മേദിയുടെ ജയ്പൂരിലെ വസതിയിൽ, അദ്ദേഹത്തിനൊപ്പം ചായ കുടിച്ച ശേഷം, അക്രമികൾ കൂളായി വെടിവച്ചതിന്റെ വീഡിയോ ഞെട്ടിക്കുന്നതാണ്. തൊട്ടടുത്ത് നിന്ന് അഞ്ചുതവണയെങ്കിലും വെടിവെച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. അനക്കമില്ലാതാകുന്നത് വരെ ഗോഗമേദിയെ തുടർച്ചയായി വെടിവയ്ക്കുന്നതിന്റെ 20 സെക്കന്റ് ക്ലിപ്പ് ഞെട്ടിപ്പിക്കുന്നതാണ്.
ഈ കൊലപാതകത്തിന്റെയും സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്നത് ലോറൻസ് ബിഷ്ണോയി എന്ന ഗ്യാങ്ങ്സ്റ്ററിലേക്കാണ്. കഴിഞ്ഞവർഷം ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തത, തിഹാർ ജയിലുള്ള അതേ മാഫിയാ തലവൻ. അതിവിചിത്രമാണ് ലോറൻസ് ബിഷ്ണോയിയുടെ ജീവിത കഥ.
തിഹാർ ജയിലിൽ നിന്ന് ആസൂത്രണം
ഇന്ത്യയിലെ ഏറ്റവും ശക്തമായ സുരക്ഷാ സന്നാഹങ്ങളുള്ള തിഹാർ ജയിലിൽ കിടന്നാണ് ലോറൻസ് ബിഷ്ണോയി ക്വട്ടേഷൻ എടുക്കുന്നത് എന്ന് ഓർക്കണം. 700 ഓളം ഷാർപ്പ് ഷൂട്ടർമാരുള്ള ഒരു വലിയ ശൃംഖലയുടെ അധ്യക്ഷനാണിയാൾ. ബിഷ്ണോയി ഒന്ന് മൂളിയാൽ മതി, ലോകത്ത് എവിടെയുമുള്ള എതിരാളികൾ ശരീരത്തിൽ ഉണ്ട വീണ് മരിച്ചിരിക്കും. വെറും 17ാം വയസ്സിൽ തോക്കെടുത്ത വ്യക്തിയാണ് ലോറൻസ് ബിഷ്ണോയി. വെറും 30 വയസ്സേ കക്ഷിക്കുള്ളൂ. 12 ഫെബ്രുവരി 1993 ആണ് ഡേറ്റ് ഓഫ് ബർത്ത്. ഇക്കാലത്തിനുള്ളിൽ കൊലപാതകം, കൊള്ളയടിക്കൽ ഉൾപ്പെടെ 25ഓളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇതിൽ 12 എണ്ണം കൊലപാതകക്കേസാണ്.
നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി തീർത്തും അഭ്യസ്തവിദ്യരാണ് പഞ്ചാബിൽ ഗുണ്ടാസംഘങ്ങളിലേക്കും മറ്റും എത്തിപ്പെടുന്നവർ. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിൽ ധട്ടറൺവാലിയിലെ ഭേദപ്പെട്ട ഒരു കുടുംബത്തിലായിരുന്നു ലോറൻസ് ബിഷ്ണോയിയുടെ ജനനം. പൊലീസ് കോൺസ്റ്റബിൾ ലാവിൻഡർ സിങ് ബിഷ്ണോയിയുടെയും സുനിത ബിഷ്ണോയിയുടെയും മൂത്ത മകനായി ജനിച്ച ലോറൻസ് എങ്ങനെയാണു രാജ്യത്തെ നോട്ടോറിയസ് ക്രിമിനൽ ആയത് ഒരു നടുക്കുന്ന കഥയാണ്.
ഭഗത് സിങിന്റെ വലിയ ആരാധകനായിരുന്നു ചെറുപ്പത്തിൽ ബിഷ്ണോയി. 2011 ലാണ് ഇയാൾ തന്റെ പൊളിറ്റിക്കൽ പ്ലസ് ഗ്യാങ്ങ്സ്റ്റർ യാത്ര ആരംഭിക്കുന്നത്. ചണ്ഡീഗഡിലെ ഡി എ വി കോളേജിൽ പഠിക്കുന്ന കാലത്ത് ബിഷ്ണോയി രാഷ്ട്രീയത്തിൽ ഇറങ്ങുകയും, സ്റ്റുഡന്റ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. പക്ഷേ പൊരുതി തോൽക്കാനായിരുന്നു വിധി. തോറ്റ ബിഷ്ണോയി ചെയ്തത് തോക്ക് എടുത്ത് ആകാശത്തേക്ക് ഫയർ ചെയ്യുകയാണ്. ഇതായിരുന്നു അയാൾ ലൈം ലൈറ്റിൽ വന്ന ആദ്യ വിഷയം. പിന്നീട് തുടർച്ചയായി എതിർ പാർട്ടികളുമായി ബിഷ്ണോയി തല്ലുണ്ടാക്കി. അങ്ങനെ ആദ്യ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു.
2010 ൽ കൊലപാതക ശ്രമത്തിന്റെ പേരിൽ ബിഷ്ണോയിക്കെതിരെ എതിർ പാർട്ടികൾ കേസ് നൽകി. കേസു നൽകിയവനെ പരസ്യമായി പഞ്ഞിക്കിട്ട് അയാൾ ഹീറോയായി. അതോടെ ക്രിമിനൽ വൃത്തങ്ങൾക്കിടയിൽ ബിഷ്ണോയി അറിയപ്പെട്ടു. 2011-ൽ പഞ്ചാബ് യൂണിവേഴ്സിറ്റി കാമ്പസ് സ്റ്റുഡന്റ്സ് കൗൺസിലിൽ ചേർന്ന അദ്ദേഹം മറ്റൊരു ഗുണ്ടാസംഘമായ ഗോൾഡി ബ്രാറിനെ കണ്ടുമുട്ടി. അവർ സർവ്വകലാശാല രാഷ്ട്രീയത്തിൽ ഏർപ്പെടുകയും കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോർട്ട്.
ഒരിക്കൽ കോടതിയിൽ ഹാജരാക്കുന്നതിനിടെ ബിഷ്ണോയി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് നേപ്പാളിലേക്ക് കടന്നു കളഞ്ഞു. തന്റെ ഗാങ് ശക്തമാക്കാനും ആയുധങ്ങൾ വാങ്ങിക്കാനും ബിഷ്ണോയി നേപ്പാളിൽ കുറച്ച് കാലം നിന്നു. ഈ സമയത്താണ് പഞ്ചാബിലെ ഗ്യാങ്്സ്റ്റർ റാപ്പിസ്റ്റുകൾ എന്ന് അറിയപ്പെടുന്ന പാട്ടും മയക്കുമരുന്ന് വിൽപ്പനയും മനുഷ്യക്കടത്തുമുള്ള റാപ്പ് ഗായകരുമായി ബന്ധപ്പെടുന്നത്. അവരുടെ സംരക്ഷണം ബിഷ്ണോയി ഏറ്റെടുത്തു.
2013ൽ ബിരുദപഠനത്തിന് ശേഷം, മുക്ത്സറിലെ ഗവൺമെന്റ് കോളേജിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെയും ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ഒരു എതിരാളിയെയും ബിഷ്ണോയി വെടിവെച്ചു കൊന്നു. ഇതോടെ ഒളിവിൽ പോകേണ്ടി വന്നു. തുടർന്ന് മദ്യക്കച്ചവടത്തിലേക്ക് കടന്നു. തന്റെ സംഘത്തിൽ കൊലപാതകികൾക്കും അഭയം നൽകി. 2014-ൽ രാജസ്ഥാൻ പൊലീസുമായി ഒരു സായുധ ഏറ്റുമുട്ടൽലിൽ പിടിയിലായി ജയിലിയായി. പിന്നെ ജയിലിൽ വച്ചായി കൊലപാതകങ്ങളുടെ ആസൂത്രണം. ക്രിമിനലിൽ നിന്നും പൊളിറ്റീഷൻ ആയി മാറിയ ജസ്വിൻഡർ സിംങ്ങുമായി അടുത്ത ബന്ധം ഉയാൾക്കുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും നോട്ടോറിയസ്സ് ആയ ഗ്യാങിലെ ഒരാളാണ് ബിഷ്ണോയി എന്നാണ് പൊലീസ് റിപ്പോർട്ട്.
സിദ്ദുമൂസെവാലയുടെ കൊലപാതകം
പ്രശസ്ത റാപ്പ് ഗായകൻ സിദ്ദു മൂസെവാലെയുടെ കൊലപാതകവും ബിഷ്ണോയി ജയിലിൽ കിടന്നുകൊണ്ട് ആസൂത്രണം ചെയ്തതാണ്. തന്റെ എതിർ ഗ്രൂപ്പിനെ സഹായിച്ചു എന്നതാണെത്രേ സിദ്ദു ചെയ്ത കുറ്റം. കഴിഞ്ഞവർഷ മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ച് മൂസ് വാല അജ്ഞാതരാൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിനും ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പിന്നിൽ പിടിയിലായാത് ബിഷ്ണോയി സംഘമായിരുന്നു. കഴിഞ്ഞ വർഷം ഇയാളെ ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മാറ്റി. എന്നാൽ, ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് കഴിഞ്ഞ ജൂൺ 14 ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലുടനീളം അക്രമ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും നടത്താൻ തീവ്രവാദ ഗ്രൂപ്പുകളും ക്രിമിനൽ സംഘങ്ങളും ഗൂഢാലോചന നടത്തിയെന്ന കേസിൽ, 2022 നവംബറിൽ പഞ്ചാബിലെ ബതിന്ദാ ജയിലിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി ബിഷ്ണോയിയെ അറസ്റ്റ് ചെയ്തു. ജയിലിനുള്ളിൽ നിന്നാണ് ബിഷ്ണോയി തന്റെ ഗൂഢാലോചനകളിൽ ഭൂരിഭാഗവും നടത്തുന്നതെന്നായിരുന്നു കണ്ടെത്തൽ. 2023 നവംബറിൽ, ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയി, ബബ്ബർ ഖൽസ ഇന്റർനാഷണൽ ഭീകരസംഘം ശൃംഖല കേസിൽ എൻഐഎ മൂന്നാം കുറ്റപത്രം സമർപ്പിച്ചു. പഞ്ചാബ്, ഹരിയാന, ഛത്തിസ്ഗഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലായി നിരവധി പ്രദേശങ്ങളിൽ ആസൂത്രിതമായ കൊലപാതകങ്ങൾ നടത്താനുള്ള ഗൂഢാലോചന ഉൾപ്പെടെയുള്ള കേസുകളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
സൽമാൻ ഖാനും ഭീഷണി
ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ആരെപ്പേടിച്ചാണ് ഈ രീതിയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതും, അടിക്കടി ബംഗ്ലാവുകൾ മാറുന്നതും എന്ന് ചോദിച്ചാൽ അതിനും ഒരു ഉത്തരമേയുള്ളൂ. ലോറൻസ് ബിഷ്ണോയിയുടെ വധഭീഷണി തന്നെ. മൂന്നാലെപേരെ കള്ളുകുടിച്ച് വാഹനമോടിച്ച് കൊന്ന കേസിൽ നിഷ്പ്രയാസം രക്ഷപ്പെട്ടയാളാണ് സൽമാൻ. പക്ഷേ അയാൾ ഒരു കൃഷ്ണമൃഗത്തേ വേട്ടയാടിയതിനാണ് ശരിക്കും കുടുങ്ങിയത്. ബിഷ്ണോയി സമുദായം വിശുദ്ധ മൃഗമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്, ബിഷ്ണോയി സൽമാന് വിധിച്ചത് വധശിക്ഷയാണ്!
സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷയും പൊലീസ് ശക്തമാക്കിയിരുന്നു. കൃഷ്ണമൃഗവേട്ട കേസിൽ സൽമാൻ കുറ്റക്കാരനെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. പക്ഷേ ബിഷ്ണോയി അത് മുഖവിലക്ക് എടുക്കുന്നില്ല. 2020ൽ സൽമാൻ ഖാനെ നേരെ വധശ്രമം ഉണ്ടായിരുന്നു. അന്ന് ബിഷ്ണോയി സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുൽ, കൊലപാതക കേസിൽ 2020ൽ അറസ്റ്റിലായിരുന്നു.
പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ മൂസെവാലയുടെ ഗതി വരുമെന്നായിരുന്നു സൽമാന്റെ വീടിന് മുന്നിൽ നിന്ന് നേരത്തെ കത്ത് ലഭിച്ചിരുന്നു. അതിനിടെ പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനെതിരെ ലോറൻസ് ബിഷ്ണോയി എന്ന പേരിലുള്ള ഒരു അക്കൗണ്ട് ഫേസ്ബുക്കിൽ ഭീഷണി ഉയർത്തിയിരുന്നു ''നിങ്ങൾ സൽമാൻ ഖാനെ ഒരു സഹോദരനായി കണക്കാക്കുന്നുണ്ടല്ലോ. അതിനാൽ ഇപ്പോൾ നിങ്ങളുടെ 'സഹോദരന്' നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സൽമാൻ ഖാനുടേത് കൂടിയാണ് - ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന വ്യാമോഹത്തിലാകരുത്. നിന്നെ രക്ഷിക്കാൻ ആർക്കും കഴിയില്ല. സിദ്ധു മൂസ് വാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കരുതുക. മുഴുവൻ പടവും ഉടൻ പുറത്തിറങ്ങും. നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് ഓടിപോവുക., എന്നാൽ ഓർക്കുക മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ വരും' - എന്നായിരുന്നു ആ കുറിപ്പ്.
കാനഡയിലെ വാൻകൂവറിലെ തന്റെ വീടിന് പുറത്ത് ഒരാൾ വെടിവച്ചതായി ഗ്രെവാൾ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്തിരുന്നു. ഇതോടെപേടിച്ചുപോയ ഗ്രെവാൾ നിലപാട് മാറ്റി. സൽമാനുമായി തനിക്ക് സൗഹൃദമില്ലെന്നും രണ്ട് തവണ മാത്രമേ താരത്തെ കണ്ടിട്ടുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. 2023 സെപ്റ്റംബർ 21-ന്, ഗുണ്ടാസംഘവും ഖാലിസ്ഥാനി വിഘടനവാദിയുമായ സുഖ്ദൂൽ സിങ്ങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബിഷ്ണോയ് ഏറ്റെടുത്തിരുന്നു.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റിപ്പോർട്ട് ബിഷ്ണോയിക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ഗോൾഡി ബ്രാറിനും ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അവർ കളം മാറ്റി ചവുട്ടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഖലിസ്ഥാൻ വാദികളായ ഭീകരർ കാനഡയിലും മറ്റും കൊല്ലപ്പെടുന്നത്, ബിഷ്ണോയി സംഘം നൽകിയ ചില ഇൻപുട്ടുകളെ തുടർന്നാണെന്നും, അതിനാൽ ഈ സംഘത്തോട്, ഇപ്പോൾ റോയും എൻഐയെും മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ