തിരുവനന്തപുരം: ഒരു ലക്ഷം പാർട്ടി പ്രവർത്തകരുമായി രാജ്ഭവൻ വളയാൻ നവംബർ 15ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്ന രാജ്ഭവൻ മാർച്ചിൽ എന്തെങ്കിലും സംഘർഷമുണ്ടായാൽ സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത നടപടികളിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടക്കും. രാജ്ഭവന് സുരക്ഷയൊരുക്കാൻ അർദ്ധസൈനിക വിഭാഗമായ സി.ആർ.പി.എഫിനെ വിന്യസിക്കുന്നതിന് പുറമേ, രാജ്ഭവൻ അടങ്ങിയ കവടിയാർ മേഖലയിൽ ആർമി ആക്ട് പ്രഖ്യാപിച്ച് സൈന്യത്തെ ഇറക്കുന്നതും പരിഗണനയിലാണ്. ഇക്കാര്യങ്ങളെക്കുറിച്ച് ഗവർണർ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു.

രാഷ്ട്രപതിക്കു വേണ്ടി ഭരണം നടത്തുന്ന സുപ്രധാന ഭരണഘടനാ സ്ഥാപനമാണ് ഗവർണർ. ഗവർണറുടെ ചുമതല നിർവഹിക്കുന്നതിന് തടസപ്പെടുത്തുന്നതും ഗവർണറെ തടയുന്നതും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഏഴുവർഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഗവർണർക്കും രാഷ്ട്രപതിക്കും മാത്രമാണ് ഈ സവിശേഷ പരിരക്ഷയുള്ളത്. ഗവർണറുടെ സഞ്ചാരം തടഞ്ഞ് ഒരു ലക്ഷം പ്രവർത്തകരുമായി രാജ്ഭവൻ വളയുമ്പോൾ അദ്ദേഹത്തിന് പൊലീസ് മേധാവിയോട് കർശന നടപടിയെടുക്കാൻ ആവശ്യപ്പെടാം.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഡി.ജി.പി അനിൽകാന്ത് ഇത്തരമൊരു നടപടിയെടുക്കാൻ ഇടയില്ല. അങ്ങനെ വന്നാൽ രാജ്ഭവൻ സുരക്ഷയ്ക്കായി സി.ആർ.പി.എഫിനെ വിന്യസിക്കാൻ ഗവർണർക്ക് പള്ളിപ്പുറത്തെ സിആർപിഎഫ് കേന്ദ്രത്തിന്റെ മേധാവിയായ ഡി.ഐ.ജിക്ക് ഉത്തരവ് നൽകാൻ അധികാരമുണ്ട്. രാജ്ഭവൻ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ആൾക്കൂട്ടങ്ങളോ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ച് ഒരു ലക്ഷം പ്രവർത്തകർ രാജ്ഭവൻ വളയുന്നത് നിരോധിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാനും സംസ്ഥാന ഭരണത്തലവനായ ഗവർണർക്ക് അധികാരമുണ്ട്.

രാജ്ഭവൻ മാർച്ചിൽ അക്രമം തടയാൻ സൈന്യത്തെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ നടപടിയാണെങ്കിലും അക്രമമുണ്ടായാൽ ഗവർണർ അതിലേക്ക് കടന്നേക്കും. ഏതെങ്കിലും പ്രദേശമോ ജില്ലയോ സംസ്ഥാനമാകെയോ ആർമി ആക്ട് പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് കഴിയും. സാധാരണ ഗതിയിൽ സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് ഇത് ചെയ്യുക. എന്നാൽ രാജ്ഭവന് സംരക്ഷണം ഉറപ്പാക്കാൻ ഗവർണറുടെ ആവശ്യപ്രകാരം ആർമി ആക്ട് പ്രഖ്യാപിച്ചാൽ അവിടുത്തെ ആഭ്യന്തര സുരക്ഷ പട്ടാളത്തിന്റെ ചുമതലയാവും.പൊലീസിന് ഒരു റോളുമുണ്ടാവില്ല.

നേരത്തേ ബംഗാളിൽ ഗവർണർക്കെതിരേ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തുകയും തെരുവിൽ സമരം തുടങ്ങുകയും ചെയ്തപ്പോൾ മമതയുടെ വീട് ഉൾപ്പെടുന്ന വി.ഐ.പി മേഖലയിൽ സൈന്യത്തെ ഗവർണർ രംഗത്തിറക്കിയിരുന്നു. മമതയുടെ വീട്ടിലേക്കുള്ള റോഡിൽ രണ്ട് സൈനിക പിക്കറ്റുകൾ സ്ഥാപിച്ചു. സൈന്യം അതുവഴിയുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അപകടം മണത്ത മമത പരാതിയുമായി കേന്ദ്രത്തെ സമീപിച്ചു. ആർമി ക്യാമ്പുള്ളതിനാൽ ആ പ്രദേശത്തെ വാഹന നീക്കങ്ങൾ അടക്കമുള്ള ഡാറ്റ ശേഖരിക്കാനാണ് സൈന്യത്തെ നിയോഗിച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. സമാനമായ രീതിയിൽ സൈന്യത്തെ ഇറക്കാൻ കേന്ദ്രത്തോട് ഗവർണർക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ.

രാജ്ഭവനു പുറമെ ഗവർണർക്കെതിരേ സർവകലാശാലകളിലും ജില്ലകളിലും താലൂക്കുകളിലുമെല്ലാം എൽ.ഡി.എഫ് സമരം നടത്തുന്നുണ്ട്. ഇവിടെയെവിടെയങ്കിലും അക്രമമുണ്ടായാൽ ക്രമസമാധാന നില അപകടത്തിലാണെന്ന് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകാൻ ഗവർണർക്ക് കഴിയും. മുൻപ് ഇ.എം.എസ് സർക്കാരിനെ ഇതേ കാരണം പറഞ്ഞാണ് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഈ അനുഭവം മനസിലുള്ളതിനാൽ വളരെ കരുതലോടെയേ സർക്കാരും ഇടതുമുന്നണിയും സമരങ്ങൾ നടത്താനിടയുള്ളൂ.