തിരുവനന്തപുരം: മൂവായിരം ബസുകളുള്ള കെ.എസ്.ആർ.ടി.സി, വേണ്ടരീതിയിൽ നടത്തിക്കാനാവാതെ കുളമാക്കിയ സർക്കാർ, തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കണമെന്ന് സുപ്രീംകോടതിയിൽ വീണ്ടും നിലപാടെടുക്കുന്നു. തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്ത് ഒരു വർഷമായ ശേഷം, വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.

എസ്.എ ബോബ്ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്‌ച്ച പരിഗണിക്കുന്നത്. വിമാനത്താവളത്തിന്റെ കൈമാറ്റം നടന്ന സാഹചര്യത്തിൽ ഹർജികളിലെ ആവശ്യം അപ്രസക്തമായെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വാദിക്കും. വിമാനത്താവള നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറണമെന്ന് സർക്കാരും വാദമുന്നയിക്കും. തൊഴിലാളി യൂണിയന്റെയും സർക്കാരിന്റെയും ഹർജികളിലാണ് വിധി വരുന്നത്.

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരായ നിയമയുദ്ധത്തിന്റെ അവസാന ഉത്തരവാണ് വരുന്നത്. അദാനി കഴിഞ്ഞ ഒക്ടോബറിൽ വിമാനത്താവളം ഏറ്റെടുത്തിരുന്നു. സുപ്രീംകോടതി വരെ നിയമയുദ്ധം നീണ്ടെങ്കിലും സ്റ്റേയില്ലാത്തതിനാൽ അദാനിയുമായി കേന്ദ്രം പാട്ടക്കരാറൊപ്പിടുകയായിരുന്നു. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും സർക്കാരിന്റെ അനുമതിയില്ലാതെ ഇവിടെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് സർക്കാരിന്റെ വാദം.

ലേലം റദ്ദാക്കി വിമാനത്താവള നടത്തിപ്പ് ചുമതല സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകണം അല്ലെങ്കിൽ എയർപോർട്ട് അഥോറിറ്റിയുടെ നടത്തിപ്പ് തുടരണം - ഇതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ കേന്ദ്രത്തിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് വിമാനത്താവളം കൈമാറ്റത്തിനുള്ള ലേലത്തിൽ പങ്കെടുത്ത് പരാജയപ്പെട്ട ശേഷം, കൈമാറ്റത്തെ എതിർക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച പശ്ചാത്തലത്തിൽ സുപ്രീംകോടതിയിലും സർക്കാരിന് ഏറെ പ്രതീക്ഷയില്ല.

വിമാനത്താവള നടത്തിപ്പ് കൈമാറണമെന്ന ആവശ്യമുന്നയിക്കാതെ, കെ.എസ്‌ഐ.ഡി.സിയുമായി ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് ലേലത്തിൽ പങ്കെടുത്തതാണ് സർക്കാരിന് തിരിച്ചടിയായത്. ആദ്യം ലേലത്തിൽ പങ്കെടുക്കാനൊരുങ്ങിയ നെടുമ്പാശേരി വിമാനത്താവള കമ്പനിയെ മാറ്റിനിറുത്തിയതും വിനയായി. ലേലത്തുകയും കേരളം നിർദ്ദേശിക്കുന്ന തുകയും തമ്മിൽ 10%വരെ വ്യത്യാസമുണ്ടായാലും വിമാനത്താവള നടത്തിപ്പിനുള്ള ആദ്യഅവകാശം കേരളത്തിന് നൽകാമെന്ന കേന്ദ്രത്തിന്റെ ഓഫർ അംഗീകരിച്ചതും തിരിച്ചടിയായി.

അദാനിയുടെ ക്വട്ടേഷൻ തുകയുമായുള്ള വ്യത്യാസം 19.3ശതമാനമായിരുന്നു. അദാനിക്ക് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിൽ നിയമതടസമില്ലെങ്കിലും, പാട്ടക്കരാർ ഒപ്പിടുന്ന നടപടി പൂർത്തിയാക്കാനുള്ള സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് നൽകില്ലെന്നാണ് സർക്കാർ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുള്ളതാണ് കരാർ. സംസ്ഥാന സർക്കാർ, കെ.എസ്‌ഐ.ഡി.സി, മുൻസ്പീക്കർ എം.വിജയകുമാർ, എയർപോർട്ട് അഥോറിറ്റി എംപ്‌ളോയീസ് യൂണിയൻ എന്നിവർ നൽകിയ ഹർജികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം ഇവിടെയല്ല ചോദ്യംചെയ്യേണ്ടതെന്നു വ്യക്തമാക്കി ഹൈക്കോടതി തള്ളിയിരുന്നു. വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രതീരുമാനം പുനഃപരിശോധിച്ച് മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള കമ്പനിക്ക് നൽകണമെന്ന് നിയമസഭ നേരത്തേ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

ചുരുങ്ങിയത് 1000കോടിയുടെ വികസനപദ്ധതികളെങ്കിലും തിരുവനന്തപുരത്ത് നടപ്പാക്കും. വിമാനത്താവളത്തിലെ സൗകര്യങ്ങൾ ലോകനിലവാരത്തിലാക്കാനുള്ള മാസ്റ്റർപ്ലാൻ ആറുമാസത്തിനകം തയ്യാറാക്കാൻ സിംഗപ്പൂരിൽ നിന്നുള്ള വിദഗ്ദ്ധരെ അദാനി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിനടുത്തെ മാൾ ഏറ്റെടുത്ത് ടെർമിനലിന്റെ ഭാഗമാക്കാനും നീക്കമുണ്ട്.

നിലവിലെ 33,300ചതുരശ്രഅടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000 ചതുരശ്രഅടി കൂട്ടിച്ചേർത്ത് പുതിയ ടെർമിനൽ, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള എയർ ട്രാഫിക് കൺട്രോൾ ടവർ പുതുക്കൽ, യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ, ഷോപ്പിങ്-സേവന കേന്ദ്രങ്ങൾ എന്നിവയാണ് പരിഗണനയിൽ. അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകൾ സംയോജിപ്പിക്കും. ലോകോത്തര നിലവാരത്തിൽ എട്ടുനില ഉയരമുള്ള പുതിയ കൺട്രോൾ ടവറിന് എയർപോർട്ട് അഥോറിറ്റി 115കോടി അനുവദിച്ചിരുന്നെങ്കിലും സ്വകാര്യവത്കരണം വന്നതോടെ നിലച്ചു. അത്യാധുനിക ഉപകരണങ്ങളുള്ള ടവർ വന്നാൽ കൂടുതൽ വിമാനങ്ങൾ നിയന്ത്രിക്കാനാവും. മുരടിപ്പ് മാറി ലോകോത്തര സൗകര്യങ്ങളോടെ വിമാനത്താവളത്തെ വളർത്തുമെന്നാണ് അദാനിയുടെ ഉറപ്പ്.