- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുൻജന്മത്തെക്കുറിച്ച് പറഞ്ഞത് കുറ്റമായി തോന്നുന്നില്ല; ഞാനാണോ ലോകത്ത് ആദ്യമായി മുൻജന്മത്തെപ്പറ്റി സംസാരിച്ച ആൾ; പ്രാക്ടീസിങ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല; എന്റെ അനുഭവം പങ്കുവെച്ചുവെന്നേയുള്ളൂ; വിമർശനങ്ങളിൽ പ്രതികരിച്ച് ലെന
കൊച്ചി: മുൻജന്മത്തെപ്പറ്റി ഒരു അഭിമുഖത്തിൽ സംസാരിച്ചതിന്റെ പേരിൽ നടി ലെനക്കെതിരെ വിവിധ കോണുകളിൽ നിന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ അടക്കം ലെനക്കെതിരെ രംഗത്തുവന്നു.മുൻജന്മത്തിൽ താനൊരു ബുദ്ധ സന്യാസി ആയിരുന്നു എന്ന ലെനയുടെ പരാമർശമാണ് വിവാദമായിത്. ഇതോടെ ഈ വിഷയത്തിൽ പ്രതികരണവുമായി നടി രംഗത്തുവന്നു. വിവിധ കോണുകളിൽ നിന്നും വിമർശനം കടുത്തതോടെയാണ് ലെന പ്രതികരിച്ചത്.
സൈക്കോളജിസ്റ്റ് അസോസിയേഷൻ അവരുടെ ഭാഗം വ്യക്തമാക്കുകയാണ് ചെയ്തതെന്നും അതൊരു നല്ല കാര്യമാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകൾ ദൈർഘ്യമുള്ള അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങൾ കണ്ടിട്ടാണ് ആളുകൾ പ്രതികരിക്കുന്നതെന്നും നടി വ്യക്തമാക്കി. ലോകത്ത് ആദ്യമായി മുൻജന്മത്തെപ്പറ്റി സംസാരിച്ച ആൾ താനല്ലെന്നും ലെന കൂട്ടിച്ചേർത്തു.
'ഞാനാണോ ആദ്യമായി മുൻജന്മത്തെപ്പറ്റി സംസാരിച്ച ആൾ. അറിയാൻ വേണ്ടി ചോദിക്കുകയാണ്. ഞാനാണോ ആദ്യമായി മുൻജന്മത്തെപ്പറ്റി ഈ ലോകത്ത് സംസാരിക്കുന്നത്. ഞാൻ അങ്ങനെ പറഞ്ഞു, അത്രേയുള്ളൂ. അതെങ്ങനെയാണെന്ന് ചോദിച്ചാൽ അതൊരു ലോങ് പ്രോസസാണ്. ചിലർക്ക് പാർട്ട് ടൈം റിഗ്രഷനിലൂടെയാകാം, ചിലർക്ക് മെഡിറ്റേഷനിലൂടെയാവാം, മറ്റുചിലർക്ക് ഗുരു കൊടുക്കുന്ന ദീക്ഷ വഴിയാകാം. ഒരുപാട് വഴികൾ ഇതിനുണ്ട്. അത് ഓരോരുത്തരുടേയും അനുഭവങ്ങളാണ്. ഞാൻ എന്റെ അനുഭവം പങ്കുവെച്ചുവെന്നേയുള്ളൂ. അതിൽ ഞാനൊരു കുറ്റവും കാണുന്നില്ല. ഞാനല്ല ആദ്യമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. മുൻജന്മം എന്നത് ഞാൻ കണ്ടുപിടിച്ച വാക്കുമല്ല. എന്നെ എന്തിനാണ് ഇത്രയും ചോദ്യം ചെയ്യുന്നത്. സർവസാധാരണമായാണ് ഞാൻ പറഞ്ഞത്. മുൻജന്മങ്ങളെക്കുറിച്ച് നമ്മൾ സിനിമകൾ കണ്ടിട്ടുണ്ട്, പുസ്തകങ്ങളും പ്രഭാഷണങ്ങളുമുണ്ട്.
സൈക്കോളജിസ്റ്റ് അസോസിയേഷൻ അവരുടെ ഭാഗം സ്പഷ്ടമാക്കുകയാണ് ചെയ്തത്. അത് വളരെ നല്ലൊരു കാര്യമാണ്. ഞാനൊരു പ്രാക്ടീസിങ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല, അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. ഞാൻ ഒരു മുഴുവൻ സമയ നടിയാണ്. അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങൾ കണ്ടിട്ട് പ്രതികരിക്കുന്നവരോട് ഒന്നും പറയാനാകില്ല. മൂന്ന് മണിക്കൂർ അഭിമുഖത്തിന്റെ കുറച്ച് സെക്കന്റുകൾ കണ്ടാൽ ആർക്കും തെറ്റിദ്ധാരണ വരാം', ലെന പറഞ്ഞു.
കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു. ടിബറ്റ്- നേപ്പാൾ അതിർത്തിയിലായിരുന്നു അവസാനകാലം. 63ാമത്തെ വയസ്സിൽ മരണപ്പെട്ടു. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് സന്യാസിമാരെപ്പോലെ മുടി വെട്ടിയത്. കൂടാതെ ഹിമാലത്തിലേക്ക് യാത്രപോയത് എന്നായിരുന്നു ലെന നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
പരാമർശം വിവാദമായതോടെ ലെന വീണ്ടു പ്രതികരിച്ചിരുന്നു. ' ഞാൻ പറഞ്ഞതൊന്നും രാഷ്ട്രീയവും മതപരമായതുമല്ല. ഒരു മതത്തെയും പിന്തുടരുന്ന ആളല്ല ഞാൻ. എന്നാൽ എല്ലാ മതക്കാരും എന്റെ കുടുംബത്തിലുണ്ട്. മതസൗഹാർദം കണ്ടാണ് ഞാൻ വളർന്നത്. കഴിഞ്ഞ ജന്മത്തെക്കുറിച്ച് പറയുമ്പോൾ, ആദ്യം നമുക്കൊരു ഐഫോൺ 5 ഉണ്ടായിരുന്നു, അന്ന് നമ്മൾ അതിൽ ഫോട്ടോസ് സ്റ്റോർ ചെയ്യാൻ ഒരു ഐ ക്ലൗഡ് ആരംഭിച്ചു. കാലങ്ങൾക്കിപ്പുറം ഐ ഫോൺ 15 ൽ എത്തി നിൽക്കുമ്പോൾ ആ ക്ലൗഡ് സ്റ്റോറേജ് തന്നെയാണ് നമ്മൾ ഉപയോഗിക്കുക. ഒരു പുതിയ ഫോൺ ആണെന്ന് കരുതി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട ആവശ്യമില്ല. അതിനുള്ളിലെ സാധനങ്ങൾ വികസിച്ചു കൊണ്ടേയിരിക്കും. ഈ ഫോണുകളാണ് നമ്മുടെ ശരീരങ്ങൾ, ഈയൊരു കണക്ഷനാണ് അതിനെ ഒരേ ഫോണുകൾ ആക്കുന്നത്. അങ്ങനെയാണ് മുൻ ജന്മവും.
മനസിന് ശരീരവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ നമുക്കെല്ലാവർക്കും ഒരു കഴിഞ്ഞ കാലമുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധസന്യാസിയായിരുന്നു. 63 വയസുവരെ ജീവിച്ചു. എന്നെ വിമർശിക്കുന്നവർ ഞാൻ പറയുന്നത് കേൾക്കണമെന്ന് എനിക്കൊരു നിർബദ്ധവുമില്ല. അവരിത് മറന്ന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ, ഞാൻ ആരുടെയും വീട്ടിൽ അതിക്രമിച്ച് കയറിയിട്ടല്ലല്ലോ ഇതൊക്കെ പറയുന്നത്'- ലെന പറഞ്ഞു.