- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചെയ്യേണ്ട പണി സി പി എം നേതാക്കൾ ഏറ്റെടുക്കുന്നത് ഇതാദ്യ സംഭവമല്ല; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ സാഹസത്തിന് മുതിർന്നതിന് കൈയോടെ പിടികൂടിയത് രണ്ടുപേരെ; കത്ത് ബോംബിട്ട് പണി കിട്ടിയത് സാക്ഷാൽ ഇപിക്കും, കമലിനും
തിരുവനന്തപുരം: പാർട്ടിക്കാരെ നിയമിക്കാനുള്ള ലിസ്റ്റ് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കോർപ്പറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലും എഴുതിയ കത്ത് സംസ്ഥാനത്ത് രാഷ്ട്രിയ വിവാദമായി കത്തി കയറുകയാണ്. താൻ അങ്ങനെ ഒരു കത്ത് എഴുതിയിട്ടില്ലെന്നാണ് മേയറുടെ വാദം. ആര് എഴുതി എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നൽകി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മേയർ.
കത്ത് താനെഴുതിയതാണെന്ന് ഡി.ആർ. അനിൽ സമ്മതിച്ചതോടെ കോർപ്പറേഷനിൽ ഇതൊരു സ്ഥിരം ഏർപ്പാടെന്ന് വ്യക്തം. മേയർ പറഞ്ഞത് കള്ളമാണ് എന്ന് ഡി.ആർ. അനിലിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്. പി.എസ്.സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചെയ്യേണ്ട ജോലി സി പി എം നേതാക്കൾ ഏറ്റെടുക്കുന്നത് ആദ്യ സംഭവമല്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ പണി ചെയ്ത രണ്ട് പേരെ കയ്യോടെ പിടികൂടിയിരുന്നു.
ഇപ്പോഴത്തെ എൽ.ഡി.എഫ് കൺവീനറും അന്നത്തെ വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജൻ ആയിരുന്നു ആദ്യ ആൾ. ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി എംപിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്ഐഇഎൽ) മാനേജിങ് ഡയറക്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് ഇ .പി. ജയരാജൻ കത്ത് നൽകി. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കു ശുപാർശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞു ജയരാജൻ സ്വന്തം നിലയ്ക്കാണു സുധീറിനെ നിയമിക്കാൻ നിർദ്ദേശം നൽകിയത്.
ബന്ധുനിയമന വിവാദത്തെ തുടർന്ന് ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ച് പുറത്ത് പോയി. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ ആയിരുന്നു രണ്ടാമത്തെയാൾ. പിണറായി സർക്കാരിന്റെ തുടക്കത്തിൽ ചലച്ചിത്ര അക്കാദമിയിൽ നിയമിച്ച ഫെസ്റ്റിവൽ ഡയറക്ടർ ഷാജി എച്ച്, പ്രോഗ്രാം മാനേജർമാരായ റിജോയ് കെ ജെ, വി പി വിമൽ കുമാർ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ എൻപി സജീഷ് എന്നീ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് ബാലന് കമൽ കത്തയച്ചു.
സ്ഥിരപ്പെടുത്താനുള്ള കാരണങ്ങളിലൊന്നായി പറയുന്നത് ഇങ്ങനെ: 'ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സഹായിക്കും''. പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് കമലിന്റെ ഈ കത്ത് പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ ഇവരുടെ സ്ഥിരപ്പെടുത്തൽ മുടങ്ങി. ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷനാകാൻ ഒരു തവണ കൂടി കമൽ ആഗ്രഹിച്ചുവെങ്കിലും കത്ത് പുറത്ത് വന്നത് സർക്കാരിന് നാണക്കേടായി എന്ന കാരണത്താൽ പിണറായി സമ്മതിച്ചില്ല. കമലിന് പകരം വന്നത് സംവിധായകൻ രഞ്ജിത്താണ് . അക്കാദമിയിലെ ഇടതുപക്ഷക്കാരായ ഈ നാലു പേരും സ്ഥിരപ്പെടുത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് രജ്ഞിത്തിന് ചുറ്റും വലം വയ്ക്കുകയാണ്. ജയരാജനും കമലിനും കത്തെഴുതി സ്ഥാനം പോയെങ്കിൽ രാഷ്ട്രിയ ഭാവി വലിയൊരു ചോദ്യ ചിഹ്നമാകുകയാണ് ആര്യയ്ക്കും ഡി.ആർ. അനിലിനും.
ഏതായാലും ആനാവൂർ നാഗപ്പന്, മേയർ ആര്യ രാജേന്ദ്രൻ അയച്ചെന്ന പേരിൽ പ്രചരിക്കുന്ന കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് പ്രഖ്യാപനം.
തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ ആകും കേസ് അന്വേഷിക്കുക. കത്ത് വിവാദം സിപിഎം ജില്ലാ കമ്മിറ്റിയും അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പാർട്ടി പ്രവർത്തകർക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കും. കത്തിന്റെ ഉറവിടവും പ്രചാരണവും അടക്കം എല്ലാ കാര്യവും പരിശോധിക്കും. കത്തു പുറത്തു വന്നതിനു പിന്നിൽ പാർട്ടിയിലെ വിഭാഗീയതയുണ്ടോ എന്ന ചോദ്യത്തിന്, വിഭാഗീയത ഉണ്ടെന്നു വരുത്തേണ്ടത് മാധ്യമങ്ങളുടെ ആവശ്യമാണെന്നായിരുന്നു ആനാവൂരിന്റെ മറുപടി. എന്തായാലും കത്ത് പുറത്തുവന്നത് അത്ര നിഷക്കളങ്കമല്ലെന്ന് പാർട്ടിക്കാർക്കും നാട്ടുകാർക്കും അറിയാം.