- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വാലിബനെതിരെ ഹേറ്റ് ക്യാംപെയിൻ; ഫാൻസിന് വേണ്ടിയുള്ള സിനിമയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; പരിചിതമായ രീതി തന്നെ സിനിമ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്; മോഹൻലാൽ സിനിമക്കെതിരായ വിമർശനങ്ങൾക്കെതിരെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി
കൊച്ചി: മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബൻ' സിനിമയ്ക്കെതിരേ നടക്കുന്ന വിമർശനങ്ങളോട് പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സൈബറിടത്തിൽ നെഗറ്റീവ് കാമ്പയിൻ ശക്തമാകുമ്പോഴാണ് വിമർശനവുമായി ലിജോ രംഗത്തുവന്നത്. മലൈക്കോട്ടൈ വാലിബനെതിരെ ഹേറ്റ് ക്യാംപെയിൻ നടക്കുന്നുണ്ടെന്നും അത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ലിജോ പറഞ്ഞു.
സിനിമ കണ്ട് അഭിപ്രായം പറയണമെന്നും എന്നാൽ നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്‌ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുതെന്നും പരിചിതമായ രീതി തന്നെ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നതെന്നും ലിജോ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ഒന്നര വർഷത്തോളം കഷ്ടപ്പെട്ടാണ് 'മലൈക്കോട്ടെ വാലിബൻ' ചിത്രീകരിച്ചത്. കണ്ടുപരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും എല്ലാ സിനിമകളിലും വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ലിജോ പറഞ്ഞു. ഫെരാരി എൻജിൻ ഉപയോഗിച്ച് ഒടുന്ന വണ്ടിയല്ല ഈ സിനിമ. മുത്തശ്ശിക്കഥയുടെ വേഗം മാത്രമുള്ള ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചത്. നമ്മൾ കണ്ടുപരിചയിച്ച രീതി തന്നെ വേണമെന്ന് വാശി പിടിക്കുന്നതിൽ അർഥമില്ല. നമ്മുടെ കാഴ്ച വേറെ ഒരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുത്. നമ്മുടെ കാഴ്ച നമ്മുടെ മാത്രം കാഴ്ചയാകണം. നമുക്ക് കിട്ടിയ രുചി വേറൊരാളുടെ നാവിൽനിന്നു കിട്ടിയ രുചിയാകരുത്. നിങ്ങളുടെ അഭിപ്രായം അറിയാൻ സ്വയം കണ്ട് വിലയിരുത്തുക. ഇപ്പോഴും ഒരു മാറ്റവും വരുത്താൻ ആലോചിക്കുന്നില്ല, സ്വാധീനിക്കുവാനും ശ്രമിക്കുന്നില്ല- ലിജോ വ്യക്തമാക്കി.
ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായങ്ങൾ ''ഒരിക്കലും സത്യമാകണമെന്നില്ല. രാവിലെ ആറു മണിക്കു കാണുന്ന ഓഡിയൻസും വൈകിട്ട് വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. പക്ഷെ, നിർഭാഗ്യവശാൽ രാവിലെ ഷോ കഴിഞ്ഞുവരുന്ന ഓഡിയൻസ് പറഞ്ഞു പരത്തുന്ന അഭിപ്രായം മറ്റുള്ളവരെ സ്വാധീനിക്കുന്നു. അത് സമൂഹമാധ്യമങ്ങളിലും പ്രതിഫലിപ്പിക്കുന്നുണ്ട്. എന്തിനാണ് ഈ വിദ്വേഷം പ്രചരിപ്പിക്കുന്നത്? എന്ത് ഗുണമാണ് ഇതിൽനിന്ന് ലഭിക്കുന്നത്? ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ്?
ഇതുവരെ ചെയ്ത സിനിമകളുടെ അനുഭവം കൂട്ടിവച്ചാണ് ഈ സിനിമയെടുത്തിരിക്കുന്നത്. അടുത്ത സിനിമയെടുക്കുമ്പോൾ ഈ സിനിമയിൽനിന്നുള്ള അനുഭവം കൂടി ഉപകരിക്കും. ഒരു മോശം സിനിമ നൽകാനല്ല ഇതെടുത്തത്. ഒരു പ്രത്യേക വിഭാഗം ആളുകൾക്കായി എടുത്ത സിനിമയുമല്ല 'വാലിബൻ'. എന്റെ കാഴ്ചയാണ് ഞാൻ ആളുകൾക്കു കൊടുത്തത്. റിലീസായ ശേഷം വരുന്ന പ്രതികരണങ്ങളിൽ ചിലത് ഷോക്കിങ്ങായിരുന്നു. പണം മുടക്കിയ നിർമ്മാതാക്കളെ വീണ്ടും സിനിമയെടുക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കണം ഈ സിനിമയുടെ റിസൽട്ട്. പക്ഷെ, എല്ലാവരുടേയും മനസ് മടുത്ത നിലയിലാണ്. അതുകൊണ്ടാണ് എനിക്കിവിടെ ഒറ്റയ്ക്കിരുന്നു സംസാരിക്കേണ്ടി വന്നത്. തിയറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകൻ ഇതറിയേണ്ട കാര്യമില്ല. ആദ്യഭാഗം വിജയിപ്പിക്കണം, എന്നാലേ രണ്ടാം ഭാഗത്തിലേക്ക് കടക്കാൻ പറ്റൂ.
സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായി ദുഃഖിക്കുകയോ ചെയ്യുന്ന ഒരാളല്ല ഞാൻ. പക്ഷേ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. പണ്ടൊക്കെ 99 ദിവസമൊക്കെ ഒരു സിനിമ തിയറ്ററുകളിൽ ഓടാറുണ്ട്. ഇന്നതൊരു 28 ദിവസമായി ചുരുങ്ങി. ഈ സിനിമ തിരശീലയിൽ കാണാൻ ഓഡിയൻസിനുള്ള അവസരം 28 ദിവസമാണ്. അവരാണ് ഇത് എവിടെ കാണണം എന്നു തീരുമാനിക്കുന്നത്. ഇതു തിയറ്ററിൽ തന്നെ പോയി കണ്ട് അനുഭവിക്കേണ്ട സിനിമയാണ്.''
'മലൈക്കോട്ടൈ വാലിബൻ' തിയേറ്റർ കുലുങ്ങുമെന്ന സഹസംവിധായകൻ ടിനു പാപ്പച്ചൻ നടത്തിയ പരാമർശത്തിലും ലിജോ പ്രതികരിച്ചു. ''മൂല്യങ്ങൾ ഏറെയുള്ള സിനിമയാണ് വാലിബൻ. അതിന്റെ മൂല്യം ഒരിക്കലും എന്റെ മനസിൽ ഇടിയില്ല. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖത്തോടെ കാണാവുന്ന സിനിമ. എനിക്കൊരിക്കലും അതൊരു അബദ്ധമായി തോന്നിയിട്ടില്ല. തിയറ്റർ കുലുങ്ങുമെന്ന സഹസംവിധായകൻ ടിനു പാപ്പച്ചന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണ്. ഇതൊരു മാസ് പടമാണെന്നും ഫാൻസ് സിനിമയാണെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ഇതൊരു യോദ്ധാവിന്റെ യാത്രയാണ്.
ആ യാത്രയുടെ ഇടവഴയിൽവച്ചാണ് നമ്മളും കയറുന്നത്. കഥയുടെ പശ്ചാത്തലം പരിചയപ്പെടുത്താനാണ് സിനിമയുടെ ആദ്യ 30 മിനിറ്റ് എടുത്തിരിക്കുന്നത്. സമയമെടുത്താണ് കഥയുടെ വേഗത കൂട്ടുന്നത്. ചുറ്റിക വച്ച് തലയോട്ടി തകർന്ന നായകനല്ല വേണ്ടത്. നൂറു കണക്കിനാളുകളെ കൊന്ന് രക്തത്തിൽ മുങ്ങി നടന്നു വരുന്ന നായകനെ ഒരിക്കലും വേണ്ട.''- ലിജോ കൂട്ടിച്ചേർത്തു.