കൊച്ചി: ശാസ്ത്രകുതുകികളുടെയും സ്വതന്ത്ര ചിന്തകരുടെയും വസന്തോത്സവമായി 'ലിറ്റ്മസ് 22വിന്' സമാപനം. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒക്ടോബർ രണ്ടിന് 9 മണിമുതൽ നടന്ന പരിപാടിയിൽ പതിനായിരത്തോളം പേർ പങ്കെടത്തു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനം, ലാട വൈദ്യം മുതൽ റോക്കറ്റ് സയൻസ്വരെയും ഇസ്ലാം മുതൽ ഹിന്ദുത്വവരെയും, കമ്യൂണിസം മുതൽ ജൈവപരിണാമം വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങളാൽ സമ്പന്നമായിരുന്നു.

ലോകത്തിലെ എറ്റവും വലിയ നാസ്തിക സമ്മേളനം എന്ന തലക്കെട്ടിലാണ് എസ്സെൻസ് ഗ്ലോബൽ ലിറ്റ്മസിനെ അവതിരിപ്പിച്ചത്. അത് ശരിവെക്കുന്ന രീതിയിൽ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് രാവിലെ മുതൽ ജനം ഒഴുകിയെത്തുക ആയിരുന്നു. തമിഴ്‌നാട്, കർണാടക എന്നിവടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇത്തവണ സജീവമായി ലിറ്റ്മസിൽ ഉണ്ടായിരുന്നു.

.

ശാസ്ത്രപ്രചരണവും സ്വതന്ത്രചിന്തയും നാസ്തികതയും പ്രചരിപ്പിക്കുന്നതിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്കായുള്ള എസ്സെൻസ് പ്രൈസുകൾ മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് സമ്മാനിച്ചു. ഫ്രീ തിങ്കർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് പി സുശീൽകുമാറിനാണ്. യങ്ങ് ഫ്രീ തിങ്കർ ഓഫ് ദ ഇയർ പുരസ്‌ക്കാരം സിന്റോ തോമസ്, ജിതേഷ് കുനിശ്ശേരി എന്നിവർക്കും സമ്മാനിച്ചു. മെഡലും 25,000 രൂപയുടെ കാഷ് അവാർഡുമാണ് മൂവർക്കും ലഭിച്ചത്.

്രാവിലെ 9 മണിക്ക് തുടങ്ങിയ സെമിനാറിൽ, 'ഇൻഷാ അല്ലാഹ്' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരിൽ വധഭീഷണി നേരിട്ട അസ്‌ക്കർ അലിയാണ് ആദ്യം സംസാരിക്കുന്നത്.

തുടർന്ന്, ഡോ ബീനാറാണി, ബൈജുരാജ്, ജോസ്‌കുരീക്കാട്ടിൽ, കൃഷ്ണപ്രസാദ്, ഉഞ്ചോയി, ഡോ ആബി ഫിലിപ്പ്, ജാഹ്നവി സനൽ, രഹ്ന എം, മനുജാ മൈത്രി, അഭിലാഷ് കൃഷ്ണൻ, ഡോ അഗസ്റ്റസ് മോറിസ്, പ്രവീൺ രവി, ടോമി സെബാസ്റ്റ്യൻ, സി എസ് സുരാജ്, എന്നിവർ സംസാരിച്ചു.

ഇതിനിടയിൽ നടന്ന രണ്ട് പാനൽ ഡിസ്‌ക്കഷനുകളും ഏറെ ശ്രേദ്ധേയമായി. ജീൻ ഓൺ എന്ന പരിണാമം സംബന്ധിയായ ഡിബേറ്റിൽ, ആനന്ദ് ടി ആർ, ചന്ദ്രശേഖർ രമേഷ്, ഡോ പ്രവീൺ ഗോപിനാഥ്, ഡോ രാഗേഷ്, നിഷാദ് കൈപ്പള്ളി, പ്രണവ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. യാസിൻ ഒമർ മോഡറേറ്റർ ആയിരുന്നു. ദൈവത്തിന്റെ യാതൊരു സാധ്യതകളും പരിണാമം, ബാക്കിവെക്കുന്നില്ലെന്ന് പാനലിസ്റ്റുകൾ അടിവരയിട്ടു പറഞ്ഞു.

'മത വിദ്യാഭ്യാസം അനിവാര്യമോ' എന്ന ടോക്ക്ഷോയിൽ, ആരിഫ് ഹുസൈൻ തെരുവത്ത്, അനൂപ് ഐസക്ക്, പ്രസാദ് വേങ്ങര, ശാലു, മുസ്തഫ മൗലവി, രാഹുൽ ഈശ്വർ, പ്രൊഫ. അനിൽ കൊടിത്തോട്ടം എന്നിവർ പങ്കെടുത്തു.

ഇന്നത്തെ രീതിയിലുള്ള മതവിദ്യാഭാസത്തോട് യോജിപ്പില്ലെന്നും അത് മൂല്യാധിഷ്ഠിതമായി പരിഷ്‌ക്കരിക്കണമെന്നും, താൻ ഖദീസുകൾ അംഗീകരിക്കുന്നില്ലെന്നും മതപക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിച്ച മുസ്തഫ മൗലവി അഭിപ്രായപ്പെട്ടത് വലിയ കൈയടിയോടെയാണ് സദസ്യർ സ്വീകരിച്ചത്. എന്നാൽ നിഷ്‌ക്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക് വർഗീയതയും, പരമത നിന്ദയും, കുത്തിവെക്കുന്ന മതവിദ്യാഭ്യാസം ആവശ്യമില്ലെന്ന നിലപാടിയാണ് അനൂപ് ഐസക്ക് അടക്കമുള്ള ശാസ്ത്രപക്ഷത്തെ പാനലിസ്റ്റുകൾ ഉറച്ചു നിന്നത്. വൈകീട്ട് 6.30ന് 'ദൈവം ഹാരിപോർട്ടർ' എന്ന വിഷയത്തിൽ, സി രവിചന്ദ്രന്റെ പ്രഭാഷണത്തെ തുടർന്നാണ് ലിറ്റ്മസിന് സമാപനമായത്.