- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാവേദ് അക്തർ മുതൽ സി രവിചന്ദ്രൻ വരെ; പരിണാമത്തെ കുറിച്ചും മത വിദ്യാഭ്യാസത്തെക്കുറിച്ചും പ്രത്യേക ചർച്ച; പച്ചമരുന്നുകൾ തൊട്ട് റോക്കറ്റ് സയൻസ് വരെയും ഹിന്ദുത്വ മുതൽ പൊളിറ്റിക്കൽ ഇസ്ലാം വരെയും വിഷയങ്ങൾ; ശാസ്ത്രത്തിന്റെയും സ്വതന്ത്രചിന്തയുടെ വസന്തോത്സവമായി ലിറ്റ്മസ് വരുന്നു
കൊച്ചി: പച്ചമരുന്നുകൾ മുതൽ റോക്കറ്റ് സയൻസ് വരെയും, ഹിന്ദുത്വ മുതൽ പൊളിറ്റിക്കൽ ഇസ്ലാം വരെയുമുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ ചർച്ചചെയ്യുന്ന അത്യപൂർവമായ ഒരു സമ്മേളനം. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 22 ആണ്, ശാസ്ത്രബോധത്തിന്റെയും, സ്വതന്ത്രചിന്തയുടെയും വസന്തോത്സവമായി മാറുന്നത്. ഒക്ടോബർ 2 ന് എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ, പ്രശസ്ത കവിയും ഗാനരചയിതാവും സാമൂഹിക പ്രവർത്തകനുമായ ജാവേദ് അക്തർ അടക്കം മുപ്പതിലേറെ പേർ പങ്കെടുക്കും.
'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തി പതിനായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടി, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ വിവിധ സെഷനുകളിൽ സംബന്ധിക്കും.
ജാവേദ് അക്തർ എത്തുന്നു
എസ്സെൻസ് ഗ്ലോബൽ നൽകുന്ന 'ദ ഫ്രീ തിങ്കർ ഓഫ് ദ ഇയർ 2022' പുരസ്‌ക്കാരം നൽകുന്നതിനാണ്, അക്തർ കൊച്ചിയിൽ എത്തുന്നത്. തുടർന്ന് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. മോദി- അമിത് ഷാ സഖ്യത്തിന്റെ കണ്ണിലെ ഏറ്റവും വലിയ കരടാണ്, സംഘപരിവാർ രാഷ്ട്രീയത്തിന്റെ ശക്തനായ വിമർശകൻ കൂടിയായ ജാവേദ് .ജാവേദ് അക്തർ, ശബ്നാ ആസ്മി, നസീറുദ്ദീൻ ഷാ, എന്നിവരെ 'തുക്‌ഡെ-തുക്‌ഡെ ഗ്യാങ്ങിന്റെ ഏജന്റുമാർ' എന്നാണ് അമിത് ഷാ നേരത്തെ വിശേഷിപ്പിച്ചിരുന്നത്.
ഗുജറാത്ത് കലാപം മുതൽ ഏറ്റവും ഒടുവിലായി ബിൽക്കീസ് ബാനു കേസിൽ പ്രതികളെ വെറുതെ വിട്ടതിന് എതിരെ വരെ ശക്തമായ നിലപാട് ആണ് ജാവേദ് അക്തർ എടുത്തത്. ചലച്ചിത്ര കലാ ലോകത്തെ അഭിമാനമായ ഗാനരചയിതാവ്, കവി, പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക ചിന്തകൻ, സാഹിത്യ അക്കാഡമി അവാർഡും പത്മഭൂഷണും അടക്കം നിരവധി അവാർഡുകൾ നേടിയ ആദരണീയൻ, റിച്ചാർഡ് ഡോക്കിൻസ് അവാർഡ് നേടിയ സ്വതന്ത്ര ചിന്തകൻ.... എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് ഉടമയാണ് ജാവേദ് അക്തർ.
ഒക്ടോബർ 2ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന സെമിനാറിൽ, 'ഇൻഷാ അല്ലാഹ്' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരിൽ വധഭീഷണി നേരിട്ട അസ്‌ക്കർ അലിയാണ് ആദ്യം സംസാരിക്കുന്നത്.
തുടർന്ന്, ഡോ ബീനാറാണി, ബൈജുരാജ്, ജോസ്‌കുരീക്കാട്ടിൽ, കൃഷ്ണപ്രസാദ്, ഉഞ്ചോയി, ഡോ ആബി ഫിലിപ്പ്, ജാഹ്നവി സനൽ, രഹ്ന എം, മനുജാ മൈത്രി, അഭിലാഷ് കൃഷ്ണൻ, ഡോ അഗസ്റ്റസ് മോറിസ്, പ്രവീൺ രവി, ടോമി സെബാസ്റ്റ്യൻ, സി എസ് സുരാജ്, സി രവിചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് എഴുമണിക്ക് 'ദൈവം ഹാരി പോർട്ടർ' എന്ന വിഷയത്തിലാണ് സി രവിചന്ദ്രൻ സംസാരിക്കുക.
ഇതിനിടയിൽ രണ്ട് പാനൽ ഡിസ്‌ക്കഷനുമുണ്ട്. 12 മണിക്ക് തുടങ്ങുന്ന ജീൻ ഓൺ എന്ന പരിണാമം സംബന്ധിയായ ഡിബേറ്റിൽ, ആനന്ദ് ടി ആർ, ചന്ദ്രശേഖർ രമേഷ്, ഡോ പ്രവീൺ ഗോപിനാഥ്, ഡോ രാഗേഷ്, നിഷാദ് കൈപ്പള്ളി, പ്രവീൺ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. യാസിൻ ഒമർ മോഡറേറ്റർ ആയിരിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന 'മത വിദ്യാഭ്യാസം അനിവാര്യമോ' എന്ന ടോക്ക്ഷോയിൽ, ആരിഫ് ഹുസൈൻ തെരുവത്ത്, അനൂപ് ഐസക്ക്, ഷാരോൺ സാപ്പിയൻ, സുഹൈല, രാഹുൽ ഈശ്വർ, പ്രൊഫ. അനിൽ കൊടിത്തോട്ടം എന്നിവർ പങ്കെടുക്കും.
തെളിവുകൾ നയിക്കട്ടെ!
'തെളിവുകൾ എന്തായിക്കൊള്ളട്ടെ ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ തുടരും' എന്ന ഡോഗ്മയെ പൊളിച്ചടുക്കിയാണ് എസ്സെൻസ് ഗ്ലോബൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നത്. മതങ്ങളെയും മതേതര അന്ധവിശ്വാസങ്ങളെയും ഒരു പോലെ വിമർശിച്ചുകൊണ്ടാണ് നവ നാസ്തികതയുടെ ഈ തരംഗം കേരളത്തിലും മുന്നേറുന്നത്. കമ്യൂണിസവും മാർക്‌സിസവും പോലുള്ള മതേതരമായ വിശ്വാസ പ്രസ്ഥാനങ്ങളെയും, ഹോമിയോ- ആയുർവേദം പോലുള്ള സമാന്തര ചികിത്സകളെയും തൊട്ട് ജൈവകൃഷി പോലുള്ള ആധുനിക അന്ധവിശ്വാസങ്ങളെ വരെ എസ്സെൻസ് വിമർശന വിധേയമാക്കുന്നു. അശാസ്ത്രീയമായ എന്തിനെയും തള്ളി, യുക്തിയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ ചിന്താധാര വളർത്തിയെടുക്കാനാണ് ലിറ്റ്മസ് കൊണ്ട് ശ്രമിക്കുന്നതെന്ന് എസ്സെൻസ് ഗ്ലോബൽ സംഘാടകർ പറയുന്നു.
'അടച്ചിട്ട മുറിയിൽ അഞ്ചാറുപേർ' എന്നായിരുന്നു മുമ്പ് സ്വതന്ത്ര ചിന്തകരെ കുറിച്ച് പറഞ്ഞിരുന്നത്. സിംഹവാലൻ കുരങ്ങുകളെപ്പോലെ കേരളത്തിൽ അവർ വിരലിൽ എണ്ണാവുന്നവർ ആണെന്ന് ആക്ഷേപവും ഉണ്ടായിരുന്നു. എന്നാൽ ആ കാലം വളരെ പെട്ടെന്നാണ് മാറി മറിഞ്ഞത്. ഇന്ന് സ്വതന്ത്ര ചിന്തകർക്കും മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന രീതിയിൽ വലിയ സമ്മേളനങ്ങൾ നടത്താൻ കഴിയുന്നുണ്ട്. 2018ൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ലിറ്റ്മസിൽ മൂവായിരത്തോളം പേർ പങ്കെടുത്തിരുന്നു. 2019ൽ കോഴിക്കോട്ട് നടന്ന പരിപാടിയിൽ 7000 ത്തോളം പേർ പങ്കെടുത്തതോടെ, അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറി. ഇത്തവണ പതിനായിരത്തിലേറെ പേരെയാണ് ലക്ഷ്യമിടുന്നത്. അതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി ലിറ്റ്മസ് മാറുമെന്നും സംഘാടകർ അവകാശപ്പെടുന്നു.
എന്താണ് എസ്സെൻസ്?
ശാസ്ത്ര പ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയവ, പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകർ, എഴുത്തുകാർ, ചിന്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബർ കൂട്ടായ്മ ആണ് esSENSE Global (https://essenseglobal.com/about-us/) എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. 'നാസ്തികനായ ദൈവം' ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് esSENSE എന്ന ആശയം 2016 ഓഗസ്റ്റിൽ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്‌മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ആണ് ഈ ആശയം നിർദ്ദേശിക്കുന്നതും പേര് കണ്ടെത്തുന്നതും. പിന്നീടു ലോകകമെമ്പാടും എസ്സെൻസിന്റെ പേരിൽ വിവിധങ്ങളായ ഗ്രൂപ്പുകളും കൂട്ടായ്മകളും ഉണ്ടായിട്ടുണ്ട്.
കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് എസ്സെൻസ് മൂവ്‌മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തകരുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രീണിപ്പിക്കാനോ, അവരുടെ മുന്നിൽ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. താൽപര്യമുള്ളവർക്ക് എസ്സെൻസ് ഗ്ലോബലിന്റെ വെബ്സൈറ്റിൽ (https://essenseglobal.com/essenseconnect4/) വിവരങ്ങൾ നൽകി എസ്സെൻസിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരാവുന്നതാണ്.
ലിറ്റ്മസ് 22നായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. പങ്കെടുക്കുന്നതിന് https://essenseglobal.com/programs/litmus22 എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ