കൊച്ചി: അമേരിക്കയിലെ ഡെട്രായിറ്റ് മുതൽ കേരളത്തിലെ കുഗ്രാമങ്ങളിൽ വരെ പോസ്റ്ററുകൾ നിറഞ്ഞ ഒരു സമ്മേളനം. റിച്ചാർഡ് ഡോക്കിൻസും ലോറൻസ് ക്രൂസും അടക്കമുള്ള ലോകത്തിലെ പ്രശസ്തർ അഭിവാദ്യങ്ങൾ അർപ്പിച്ച കേരളത്തിലെ ഒരു സമ്മേളനം. ലാടവൈദ്യം മുതൽ റോക്കറ്റ് സയൻസ്വരെയും ഹിന്ദുത്വമുതൽ പൊളിറ്റിക്കൽ ഇസ്ലാം വരെയും ചർച്ചയായാവുന്ന ഒരു സമ്മേളനം. ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേനമായ ലിറ്റ്മസ്-22 ശ്രദ്ധേയമാവുന്നത് ഇങ്ങനെയൊക്കൊയാണ്.

ലിറ്റ്മസ് 22 ഒക്ടോബർ രണ്ടിന് എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പ്രശസ്ത കവിയും ഗാനരചയിതാവും സാമൂഹ്യ പ്രവർത്തകനുമായ ജാവേദ് അക്തർ അടക്കം മുപ്പതിലേറെ പേർ, രാവിലെ 9 മണിമുതൽ വൈകീട്ട് 7 വരെയുള്ള വിവിധ സെഷനുകളിൽ സംബന്ധിക്കും. പതിനായിരത്തോളം പേർ പങ്കെടുക്കുന്ന ഈ സമ്മേളനം ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായാണ് കണക്കാക്കപ്പെടുന്നത്.

ലോക വ്യാപക പ്രചാരണം

ലോക പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനും സ്വതന്ത്രചിന്തകനുമായ റിച്ചാർഡ് ഡോക്കിൻസും,
പ്രശസ്ത ശാസ്ത്രകാരൻ ലോറൻസ് ക്രൂസും ലിറ്റ്മസിന് ആശംസകൾ നേർന്ന് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. തമിഴിലും കന്നഡയിലും ഇത്തവണ ലിറ്റ്മസിനവേണ്ടി പ്രചാരണം നടന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ധാരാളം സ്വതന്ത്രചിന്തകർ ഇത്തവണ ലിറ്റ്മസിന് എത്തുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തവണ ലിറ്റ്മസിന് വേണ്ടി പ്രചാരണം നടന്നു. എസ്സെൻസ് ഗ്ലോബലിന്റെ അമേരിക്കയിലെ പ്രവർത്തകർ ഡെട്രോയിറ്റിൽ മലയാളത്തിൽ ലിറ്റ്മസിന്റെ പോസ്റ്റർ ഒട്ടിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നോർത്ത് അമേരിക്ക, കാനഡ, യുകെ, അയർലൻഡ് എന്നിവങ്ങളിലും ഇത്തവണ ലിറ്റ്മസിനുവേണ്ടി വ്യാപകമായ പ്രചാരണം നടന്നു.

കേരളത്തിലും കാസർകോട് മുതൽ പാറ്റശ്ശാല വരെ ശക്തമായ പ്രചാരണ പ്രവർത്തനമാണ് ഇത്തവണ ലിറ്റ്മസിനുവേണ്ടി നടന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും ലിറ്റ്മസിന്റെ പോസ്റ്റുകൾ ഉയർന്നുകഴിഞ്ഞു. കോളജുകൾ, ലൈബ്രറികൾ, ശാസ്ത്ര-വാട്സാപ്പ് ഗ്രൂപ്പുകൾ എന്നിവയിലുടെയും പ്രചാരണം ശക്തമായി നടന്നുവെന്ന് എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾ അറിയിച്ചു.

ജാവേദ് അക്തർ മുതൽ സി രവിചന്ദ്രൻ വരെ

എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ വിവിധ സെഷനുകളിൽ സംബന്ധിക്കും. എസ്സെൻസ് ഗ്ലോബൽ നൽകുന്ന 'ദ ഫ്രീ തിങ്കർ ഓഫ് ദ ഇയർ 2022' പുരസ്‌ക്കാരം നൽകുന്നതിനാണ്, ജാവേദ് അക്തർ കൊച്ചിയിൽ എത്തുന്നത്. തുടർന്ന് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

ഗുജറാത്ത് കലാപം മുതൽ ഏറ്റവും ഒടുവിലായി ബിൽക്കീസ് ബാനു കേസിൽ പ്രതികളെ വെറുതെ വിട്ടതിന് എതിരെ വരെ ശക്തമായ നിലപാട് ആണ് ജാവേദ് അക്തർ എടുത്തത്.ചലച്ചിത്ര കലാ ലോകത്തെ അഭിമാനമായ ഗാനരചയിതാവ്, കവി, പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക ചിന്തകൻ, സാഹിത്യ അക്കാഡമി അവാർഡും പത്മഭൂഷണും അടക്കം നിരവധി അവാർഡുകൾ നേടിയ ആദരണീയൻ, റിച്ചാർഡ് ഡോക്കിൻസ് അവാർഡ് നേടിയ സ്വതന്ത്ര ചിന്തകൻ.... എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് ഉടമയാണ് ജാവേദ് അക്തർ.

ശാസ്ത്രപ്രചരണവും സ്വതന്ത്രചിന്തയും നാസ്തികതയും പ്രചരിപ്പിക്കുന്നതിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്കായുള്ള എസ്സെൻസ് പ്രൈസുകൾ ഇത്തവണ മൂന്നുപേർക്കാണ്. ഫ്രീ തിങ്കർ ഓഫ് ദ ഇയർ അവാർഡ് ലഭിക്കുന്നത് പി സുശീൽകുമാറിനാണ്. യങ്ങ് ഫ്രീ തിങ്കർ ഓഫ് ദഇയർ പുരസ്‌ക്കാരം ഷിന്റോ തോമസ്, ജിതേഷ് കുനിശ്ശേരി എന്നിവർക്കും ലഭിക്കും. മെഡലും 25,000 രൂപയുടെ കാഷ് അവാർഡുമാണ് മൂവർക്കും ലഭിക്കുക. ഈ പുരസ്‌ക്കാരങ്ങൾ ജാവേദ് അക്തർ സമ്മാനിക്കും.

ശാസ്ത്രപ്രചരണവും സ്വതന്ത്രചിന്തയും നാസ്തികതയും പ്രചരിപ്പിക്കുന്നതിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്കായുള്ള എസ്സെൻസ് പ്രൈസുകൾ ഇത്തവണ മൂന്നുപേർക്കാണ്. ഫ്രീ തിങ്കർ ഓഫ് ദ ഇയർ അവാർഡ് ലഭിക്കുന്നത് പി സുശീൽകുമാറിനാണ്. യങ്ങ് ഫ്രീ തിങ്കർ ഓഫ് ദഇയർ പുരസ്‌ക്കാരം സിന്റോ തോമസ്, ജിതേഷ് കുനിശ്ശേരി എന്നിവർക്കും ലഭിക്കും. മെഡലും 25,000 രൂപയുടെ കാഷ് അവാർഡുമാണ് മൂവർക്കും ലഭിക്കുക. ഈ പുരസ്‌ക്കാരങ്ങൾ ജാവേദ് അക്തർ സമ്മാനിക്കും.

ഇസ്ലാം തൊട്ട് പരിണാമം വരെ

ഒക്ടോബർ 2ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന സെമിനാറിൽ, 'ഇൻഷാ അല്ലാഹ്' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരിൽ വധഭീഷണി നേരിട്ട അസ്‌ക്കർ അലിയാണ് ആദ്യം സംസാരിക്കുന്നത്.
തുടർന്ന്, ഡോ ബീനാറാണി, ബൈജുരാജ്, ജോസ്‌കുരീക്കാട്ടിൽ, കൃഷ്ണപ്രസാദ്, ഉഞ്ചോയി, ഡോ ആബി ഫിലിപ്പ്, ജാഹ്നവി സനൽ, രഹ്ന എം, മനുജാ മൈത്രി, അഭിലാഷ് കൃഷ്ണൻ, ഡോ അഗസ്റ്റസ് മോറിസ്, പ്രവീൺ രവി, ടോമി സെബാസ്റ്റ്യൻ, സി എസ് സുരാജ്, സി രവിചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് എഴുമണിക്ക് 'ദൈവം ഹാരി പോർട്ടർ' എന്ന വിഷയത്തിലാണ് സി രവിചന്ദ്രൻ സംസാരിക്കുക.

ഇതിനിടയിൽ രണ്ട് പാനൽ ഡിസ്‌ക്കഷനുമുണ്ട്. 12 മണിക്ക് തുടങ്ങുന്ന ജീൻ ഓൺ എന്ന പരിണാമം സംബന്ധിയായ ഡിബേറ്റിൽ, ആനന്ദ് ടി ആർ, ചന്ദ്രശേഖർ രമേഷ്, ഡോ പ്രവീൺ ഗോപിനാഥ്, ഡോ രാഗേഷ്, നിഷാദ് കൈപ്പള്ളി, പ്രണവ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. യാസിൻ ഒമർ മോഡറേറ്റർ ആയിരിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന 'മത വിദ്യാഭ്യാസം അനിവാര്യമോ' എന്ന ടോക്ക്‌ഷോയിൽ, ആരിഫ് ഹുസൈൻ തെരുവത്ത്, അനൂപ് ഐസക്ക്, ഷാരോൺ സാപ്പിയൻ, സുഹൈല, രാഹുൽ ഈശ്വർ, പ്രൊഫ. അനിൽ കൊടിത്തോട്ടം എന്നിവർ പങ്കെടുക്കും.

വൈകീട്ട് 6.30ന് 'ദൈവം ഹാരിപോർട്ടർ' എന്ന വിഷയത്തിൽ, പ്രശ്സ്ത എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ സംസാരിക്കുന്നതോടെ സെഷനുകൾക്ക് സമാപനം ആവും. തുടർന്ന് 7 മണിക്ക് സമാപന സമ്മേളനം നടക്കും.

ശാസ്ത്ര പ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയവ, പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകർ, എഴുത്തുകാർ, ചിന്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബർ കൂട്ടായ്മ ആണ് esSENSE Global (https://essenseglobal.com/about-us/) എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്.
കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് എസ്സെൻസ് മൂവ്മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തകരുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു.