- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അദ്വാനിയും മുരളി മനോഹർ ജോഷിയും പങ്കെടുത്തേക്കില്ല; പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർത്ഥിച്ചെന്ന് ചമ്പത് റായ്; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി ഒരുക്കങ്ങൾ തകൃതി
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിനായി ഏറ്റവും അധികം പ്രക്ഷോഭങ്ങൾ നടത്തിയ നേതാക്കാണ് എൽകെ അദ്വാനിയും മുരളീ മനോഹർ ജോഷിയും. ബിജെപി രാഷ്ട്രീയത്തിന് വേരു നൽകിയത് ഇവരുടെ മോഹങ്ങളായിരുന്നു. എന്നാൽ, സംഘപരിവാറിന്റെ സ്വപ്‌നം യാഥാർഥ്യമാകുന്ന ആ മുഹൂർത്തത്തിന് നേരിൽ സാക്ഷികളാകാൻ ഇരുവരും ഉണ്ടായേക്കില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
അയോധ്യയിലെ രാമക്ഷേത്രത്തിലെ ജനുവരിയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിൽ മുതിർന്ന ബിജെപി. നേതാക്കളായ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും പങ്കെടുത്തേക്കില്ലെന്നാണ് സൂചന. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർത്ഥിച്ചതെന്നും അദ്വാനിയും ജോഷിയും അത് അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ജനുവരി 22-നാണ് പ്രതിഷ്ഠാചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുക്കും. 96 വയസ്സാണ് അദ്വാനിയുടെ പ്രായം. ജോഷിക്ക് അടുത്തമാസം 90 വയസ്സു തികയും. അയോധ്യാ രാമക്ഷേത്ര നിർമ്മാണ ആവശ്യത്തിന് മുൻനിരയിലുണ്ടായിരുന്ന നേതാക്കളായിരുന്നു ഇരുവരും.
ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ ജനുവരി 15-ന് പൂർത്തിയാകുമെന്നും പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള പൂജകൾ 16-ാം തീയതി മുതൽ ആരംഭിച്ച് 22 വരെ തുടരുമെന്നും ചമ്പത് റായ് കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി ദേവെഗൗഡയെ ക്ഷണിക്കാൻ മൂന്നംഗ സമിതി രൂപവത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാലായിരത്തോളം പുരോഹിതന്മാരും 2,200 മറ്റ് അതിഥികളും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കാശി വിശ്വനാഥ്, വൈഷ്ണോദേവി തുടങ്ങിയ പ്രധാനക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാരും ചടങ്ങിൽ പങ്കെടുക്കും.
ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാതാരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത്, മാധുരി ദീക്ഷിത്, സംവിധായകൻ മാധുർ ഭണ്ഡാർകർ, വ്യവസായ പ്രമുഖന്മാരായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വസുദേവ് കാമത്ത് തുടങ്ങി നിരവധി പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചമ്പത് റായി പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങുകൾക്കു ശേഷം ജനുവരി 24 മുതൽ 48 ദിവസത്തേക്ക് മണ്ഡൽപൂജ നടത്തും. ജനുവരി 23-ന് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കും. പ്രശസ്ത ചിത്രകാരൻ വാസുദേവ് കാമത്ത്, ഐ.എസ്.ആർ.ഒ നിലേഷ് ദേശായി തുടങ്ങി നിരവധി പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 24 മുതൽ 48 ദിവസം ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മണ്ഡലപൂജ നടക്കും. ജനുവരി 23 ന് ക്ഷേത്രം ഭക്തർക്കായി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിഥികൾക്ക് താമസിക്കാൻ അയോധ്യയിൽ മൂന്നിലധികം സ്ഥലങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ വിവിധ മഠങ്ങളും ക്ഷേത്രങ്ങളും വീടുകളും ചേർന്ന് 600 മുറികൾ ലഭ്യമാക്കിയിട്ടുണ്ട്.
ഭക്തർക്കായി ഫൈബർ ടോയ്ലറ്റുകൾ സ്ഥാപിക്കുമെന്നും സ്ത്രീകൾക്ക് വസ്ത്രം മാറാൻ പ്രത്യേകം സ്ഥലങ്ങളിൽ സൗകര്യമൊരുക്കുമെന്നും അയോധ്യ മുനിസിപ്പൽ കമ്മിഷണർ വിശാൽ സിങ് അറിയിച്ചു.