- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷി കമ്മീഷണർ ഉത്തരവിട്ടിട്ടതോടെ ചരിത്രത്തിലാദ്യമായി ഭിന്നശേഷികുട്ടിക്ക് പ്രവേശനത്തിന് വാതിൽ തുറന്നെങ്കിലും നടപ്പാക്കില്ലെന്ന് പിടിവാശി; ഉത്തരവുമായെത്തിയ അമ്മയെയും മകനെയും വൈകുന്നേരം വരെ കാത്തുനിറുത്തിയ ശേഷം മടക്കി അയച്ചു; ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ നീക്കം; ഭിന്നശേഷി കുട്ടികൾക്ക് അയിത്തം കൽപിച്ച് കാര്യവട്ടം എൽ എൻ സി പി അധികാരികൾ
തിരുവനന്തപുരം : ഭിന്നശേഷിക്കാർ കായികരംഗത്ത് രാജ്യത്തിന്റെ അഭിമാനമായി മാറുന്ന കാലത്ത് ഭിന്നശേഷിക്കാരനായ കുട്ടിക്ക് കാര്യവട്ടത്തെ ലക്ഷ്മീ ബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ (എൽ.എൻ.സി.പി) വിലക്ക്. മൂന്നുഘട്ടത്തിലുള്ള പ്രവേശന നടപടികളും വിജയിച്ചെങ്കിലും തിരുവനന്തപുരം മുട്ടട സ്വദേശിയായ കുട്ടിക്കാണ് പ്രവേശനം നിഷേധിച്ചത്.
പഠനവൈകല്യമുള്ള കുട്ടിയുടെ കായിക മികവ് ലക്ഷ്യമിട്ട് മാതാപിതാക്കൾ നടത്തിയ നിരന്തരമായ ശ്രമത്തിനൊടുവിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പഞ്ചാപകേശൻ അനുകൂല ഉത്തരവിട്ടു. തുടർന്ന് കേരളസർവകലാശാല കുട്ടിക്ക് പ്രവേശം നൽകണമെന്ന നിർദ്ദേശം രേഖാമൂലം എൽ.എൻ.സി.പി അധികൃതർക്ക് നൽകി. ഇന്നലെ രാവിലെ ഇതുമായി കുട്ടിയും അമ്മയും എൽ.എൻ.സി.പിയിലെത്തി. പാർലമെന്ററി സമിതിയുടെ യോഗം കോവളം ലീലയിൽ നടക്കുന്നതിനാൽ പ്രിൻസിപ്പൽ കിഷോർ വൈകുമെന്നും, അദ്ദേഹം വന്നാൽ മാത്രമേ അഡ്‌മിഷൻ നടക്കൂവെന്നുമായിരുന്നു കോളേജുകാരുടെ നിലപാട്.
വൈകിട്ട് ആറുമണിവരെ അമ്മയും മകനും കാത്തുനിന്നെങ്കിലും പ്രിൻസിപ്പൽ ഓഫീസിലെത്തിയില്ല. സമീപത്തെ ക്വാട്ടേഴ്സിൽ പ്രിൻസിപ്പൽ കിഷോർ എത്തിയെങ്കിലും കാണാൻ കൂട്ടാക്കിയില്ല. ചൊവ്വാഴ്ച സർവകലാശാല സിൻഡിക്കേറ്റ് ഇത്തരമൊരു ഉത്തരവ് നൽകിയെന്ന് അറിഞ്ഞതോടെ പ്രിൻസിപ്പൽ കിഷോർ ഹൈക്കോടതിയിലുള്ള എൽ.എൻ.സി.പിയുടെ സ്റ്റാൻഡിങ് കൗൺസിലായ ഗോവിന്ദ് .കെ. ഭരതനോട് സ്റ്റേ ലഭിക്കുന്നതിനെ കുറിച്ച് നിയമോപദേശം തേടിയിരുന്നു. ഇന്നലെ ഇത് സംബന്ധിച്ച പേപ്പറുകൾ തയ്യാറാക്കി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് സ്റ്റേ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുമെന്നാണ് വിവരം.
അതുവരെ പ്രിൻസിപ്പൽ കിഷോർ കുട്ടിക്കും രക്ഷിതാക്കൾക്കും മുന്നിൽ പ്രത്യക്ഷപ്പെടില്ല. ഇന്ന് രാവിലെയും കുട്ടിയും അമ്മയും പ്രവേശനം നേടാൻ എൽ എൻ സി പിയിൽ എത്തുമെങ്കിലും സ്റ്റേ ലഭിക്കുന്നത് വരെ നീട്ടികൊണ്ടുപോകാനുള്ള തന്ത്രമാണ് എൽ എൻ സി പിയുടെ അണിയറയിൽ നടക്കുന്നത്. നാലു വർഷത്തെ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സിന് മൂന്നുഘട്ടമായുള്ള പ്രവേശന നടപടികളിലൂടെയാണ് പ്രവേശനം നൽകുന്നത്. ആദ്യഘട്ടം എഴുത്തുപരീക്ഷയാണ്. ഈ കുട്ടിക്ക് പഠന വൈകല്യമാണുള്ളത്.
അതിനാൽ എഴുതാൻ സമയം കൂടുതൽ വേണം. എഴുത്തുപരീക്ഷയുടെ ഘട്ടം മുതൽ കുട്ടിക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്നായിരുന്നു എൽ എൻ സി പി അധികൃതരുടെ നിലപാട്. എന്നാൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പും ഭിന്നശേഷി കമ്മീഷണറുടെ ഓഫീസും ഇടപെട്ടതോടെ കുട്ടിയെ പ്രവേശന നടപടികളിൽ നിന്ന് ഒഴിവാക്കാനായില്ല. ഇത് എൽ എൻ സി പി അധികൃതർക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് എഴുത്ത് പരീക്ഷയ്ക്ക് ശേഷം ശാരീരിക പരിശോധനയും തിരഞ്ഞെടുക്കുന്ന ഗെയിമിൽ മികവും തെളിയിക്കുന്നതിലും കുട്ടി വിജയിച്ചു. ബാസ്‌ക്കറ്റ് ബോളാണ് തിരഞ്ഞെടുത്തത്. എന്നാൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ വെയിറ്റിങ് ലിസ്റ്റിൽ 99 ആയി.
ഇതോടെയാണ് രക്ഷിതാക്കൾ പരാതിയുമായി ഭിന്നേശഷി കമ്മീഷണറുടെ അടുത്ത് എത്തിയത്. അപ്പോഴേക്കും എൽ എൻ സി പി കുട്ടിയ്്ക്ക് പ്രവേശനം നൽകില്ലെന്ന ഉറച്ചനിലപാടിലായി. ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സിന് ഭിന്നശേഷി ക്വാട്ടയില്ലെന്നാണ് എൽ എൻ സി പിക്കാരുടെ വാദം. ഇക്കാര്യം കമ്മീഷൻ അംഗീകരിച്ചില്ല. ഈ കേസിൽ നേരിട്ട് ഹാജരാകാൻ കമ്മീഷണർ പ്രിൻസിപ്പൽ കിഷോറിനോട് ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. ഇതോടെയാണ് ഭിന്നശേഷി കുട്ടികളുടെ അവകാശനിയമ പ്രകാരം കമ്മീഷൻ ഉത്തരവിട്ടത്. എൽ എൻ സി പി കേന്ദ്രസർക്കാർ സ്ഥാപനമാണെങ്കിലും അവിടെയുള്ള ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സ് കേരളസർവകലാശാലയാണ് നടത്തുന്നത് അതിനാലാണ് കമ്മീഷൻ ഉത്തരവ് സർവകലാശാലയ്ക്ക് നൽകിയത്.
സർവകലാശാല സിൻഡിക്കേറ്റ് യോഗം ചേർന്ന് എൽ എൻ സി പിക്ക് നൽകിയെങ്കിലും അതിനെതിരെ സ്റ്റേ വാങ്ങി തങ്ങളുടെ ഭാഗം ജയിക്കാനുള്ള ശ്രമത്തിലാണ് പ്രിൻസിപ്പൽ കിഷോറും കൂട്ടരും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്