- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരൻ ആർ എസ് ശശികുമാറിനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ല; ബഹളമുണ്ടാക്കുന്നത് നിയമപ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; ഇഫ്താർ വിരുന്നിൽ, മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യ സംഭാഷണം നടത്തിയെന്ന പ്രസ്താവന പച്ചക്കള്ളം; ആരോപണങ്ങൾക്ക് മറുപടിയുമായി ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റൽ കേസിൽ വിശദീകരണവുമായി ലോകായുക്ത. വിചാരണയ്ക്കിടെ പരാതിക്കാരനെ 'പേപ്പട്ടി' എന്നു വിളിച്ചെന്ന ആരോപണത്തിന് വാർത്താക്കുറിപ്പിലൂടെയാണ് മറുപടി. ഹർജിക്കാരനെ പേപ്പട്ടിയെന്നു വിളിച്ചതായി ആരോപിച്ച് ബഹളമുണ്ടാക്കുന്നത് നിയമപ്രശ്നത്തിൽനിന്നും ശ്രദ്ധ തിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്ന് ലോകായുക്ത വിമർശിച്ചു. മുഖ്യമന്ത്രി വിളിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തതിനെക്കുറിച്ചും ലോകായുക്ത വിശദീകരിച്ചു.
ദുരാതാശ്വാസനിധി കേസിലെ പരാതിക്കാരാനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാറിനെ പേപ്പട്ടി എന്നു വിളിച്ചു ബഹളമുണ്ടാക്കുന്നത് നിയമപ്രശ്നത്തിൽനിന്നും ശ്രദ്ധ തിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്ന് ലോകായുക്ത പിആർഒ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ലോകായുക്ത പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചിട്ടില്ല. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേർന്ന് ആ തൊപ്പി ലോകായുക്തയുടെ ശിരസ്സിൽ അണിയിച്ചതാണ്.
കോടതിയിൽ കേസ് നടക്കുമ്പോൾ പരാതിക്കാരനും കൂട്ടാളികളും സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ലോകായുക്ത ചൂണ്ടിക്കാട്ടിയെന്നത് സത്യമാണ്. അതിനൊക്കെ മറുപടി പറയാത്തത് വിവേകം കൊണ്ടാണെന്നും പറഞ്ഞു. വിവേകപൂർണമായ പ്രതികരണത്തിന് ഉദാഹരണവും പറഞ്ഞു. വഴിയിൽ പേപ്പട്ടി നിൽക്കുന്നതു കണ്ടാൽ അതിന്റെ വായിൽ കോലിടാൻ നിൽക്കാതെ ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നു ലോകായുക്ത ചൂണ്ടിക്കാട്ടി. ആശയം വിശദമാക്കാൻ ഒരു ഉദാഹരണം പറഞ്ഞതിനെ പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചു പറഞ്ഞ് ബഹളമുണ്ടാക്കുന്നത് നിയമപ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണെന്നും ലോകായുക്ത വ്യക്തമാക്കി.
ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയൻ നടത്തിയ സ്വകാര്യ ഇഫ്താർ വിരുന്നിലല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താറിലാണ്. തലസ്ഥാനത്തെ ഔദ്യോഗിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം വിശിഷ്ടാതിഥികളായി ക്ഷണം ലഭിച്ചതുകൊണ്ടാണ് പങ്കെടുത്തത്. ലോകായുക്തയ്ക്കൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ചെയർമാൻ, പിന്നാക്ക വിഭാഗ കമ്മിഷൻ എന്നീ മുൻ ജഡ്ജിമാരും ഇഫ്താറിൽ പങ്കെടുത്തു. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യ സംഭാഷണം നടത്തിയെന്ന പ്രസ്താവന പച്ചക്കള്ളമാണ്.
ഡൽഹിയിൽ പ്രസിഡന്റ്, പ്രധാനമന്ത്രി, നിയമമന്ത്രി, അറ്റോർണി ജനറൽ തുടങ്ങിവരും സംസ്ഥാനങ്ങളിൽ ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവരും വിശേഷാവസരങ്ങളിൽ നടത്തുന്ന വിരുന്നു സൽക്കാരങ്ങളിൽ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ പങ്കെടുക്കുന്ന പതിവുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകൾ കക്ഷികളായിട്ടുള്ള കേസുകൾ കോടതിയിൽ ഉണ്ടെന്നത് അതിനു തടസമായി ആരും കരുതിയിട്ടില്ല. ഒരു ഔദ്യോഗിക വിരുന്നിൽ പങ്കെടുത്താൽ സർക്കാരിനു അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാർ എന്ന ചിന്ത അധമവും സംസ്കാര രഹിതവുമാണ്. ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ