ന്യൂഡൽഹി: വീണ്ടും ഇന്ത്യൻ പാർലമെന്റ് ആക്രമിക്കപ്പെട്ടു. ഇത്തവണ ആളപായമില്ല. എന്നാൽ 22 കൊല്ലമായി പഴുതടച്ച് ഉറപ്പാക്കിയ സുരക്ഷാ സംവിധാനത്തെയാ് അവർ വെല്ലുവിളിച്ചത്. പാർലമെന്റിൽ 22 കൊല്ലമുമ്പുണ്ടായ ആക്രമണത്തിന് ശേഷം കനത്ത സുരക്ഷയായിരുന്നു പാർലമെന്റിൽ. അതാണ് ഇപ്പോൾ അക്രമികൾ വെല്ലുവിളിച്ചത്. പുക വമിക്കുന്ന ഉപകരണവുമായി അവർ ലോക്‌സഭയ്ക്കുള്ളിലെത്തി. ഷൂവിനുള്ളിൽ ഒളിപ്പിച്ചാണ് അതു കൊണ്ടു വന്നത്. ഇതേ സമയം പാർലമെന്റിന് പുറത്തും രണ്ടു പേർ പ്രതിഷേധിച്ചു. വലിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ പ്രതിഷേധം. ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ഹിന്ദിയിലായിരുന്നു മുദ്രാവാക്യം വിളികൾ.

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ചയാണുണ്ടായത്. ലോക്‌സഭാ നടപടികൾ നടക്കുന്നതിനിടെ രണ്ട് പേർ സന്ദർശക ഗാലറിയിൽ നിന്ന് താഴേക്ക് ചാടി സ്‌പ്രേ പ്രയോഗിച്ചു. കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയുടെ നിമിഷങ്ങളായി. എംപിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേൽ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന സ്‌പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എംപി മാർക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. കണ്ണീർവാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്. വലിയ പുകയാണ് ലോക്‌സഭയിൽ ഈ സമയം നിറഞ്ഞത്. ഇത് വിഷപുകയാണോ എന്ന സംശയവും ഉണ്ടായി.

ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു. എംപിമാരെല്ലാം സുരക്ഷിതരാണ്. ഒരു യുവതി അടക്കം നാല് പേർ കസ്റ്റഡിയിലുള്ളതായാണ് റിപ്പോർട്ട്. ഇതിൽ ചിലർ പുറത്ത് മുദ്രാവാക്യം വിളിച്ചവരാണ്. കൃത്യം നടത്തിയവരിൽ ഒരു യുവാവിനെ എംപിമാർ തന്നെയാണ് പിടിച്ചുവച്ചത്. ഞൊടിയിടയിൽ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടാമത്തെയാളെയും കീഴ്പ്പെടുത്തി സഭയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്സഭയ്ക്ക് പുറത്തും രണ്ട് പേർ മുദ്രാവാക്യം വിളിക്കുകയും സ്‌പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ്സിഖ് സംഘടനകൾ പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഡിസംബർ 13- ഇന്ത്യൻ ജനാധിപത്യത്തിന് നേരെ പാക് ഭീകരർ നിറയൊഴിച്ച കറുത്ത ദിനമാണ്. പാർലമെന്റ് ആക്രമണത്തിന്റെ നടക്കുന്ന ഓർമ്മകൾക്ക് ഇന്ന് 22 വയസ്. 22 കൊല്ലം മുമ്പ് ശീതകാല സമ്മേളനം നടക്കുന്നതിനിടെയിൽ വളരെ അപ്രതീക്ഷിതമായാണ് അഞ്ച് ലഷ്‌കർ, ജയ്‌ഷെ മുഹമ്മദ് ഭീകർ നിറയൊഴിച്ചത്. അര മണിക്കൂറോളം നീണ്ട ആക്രമണത്തിനൊടുവിൽ അഞ്ച് ഭീകരരെയും സുരക്ഷാ സേന വധിച്ചു. ശക്തമായി തിരിച്ചടിച്ച ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ രക്തസാക്ഷിത്വം വരിച്ചു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അഫ്‌സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒൻപതിന് തിഹാർ ജയിലിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇതേ ദിവസം തന്നെ വീണ്ടും പാർലമെന്റിൽ അജ്ഞാതർ നുഴഞ്ഞു കയറി.

ശീതകാല സമ്മേളനം നടക്കുന്ന സമയത്തായിരുന്നു 22 കൊല്ലം മുമ്പ് ആക്രമണം. സഭാ നടപടികൾ നിർത്തിവെച്ചിരുന്നെങ്കിലും അന്നത്തെ ആഭ്യന്തരമന്ത്രി എൽകെ അദ്വാനി അടക്കമുള്ളവർ പാർലമെന്റിൽ ഉള്ളപ്പോഴാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ അഞ്ച് ഭീകരർ പാർലമെന്റ് വളപ്പിനകത്തേക്ക് കടന്നത്. ഞൊടിയിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തി. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-ത്വയ്ബ എന്നീ ഭീകരസംഘടനകൾ സംയുക്തമായിരുന്നു ഇന്ത്യൻ പാർലമെന്റിൽ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ ഒരു വനിതയടക്കം ഡൽഹി പൊലീസിലെ ആറ് പേർ, ഓരോ സിആർപിഎഫ്, പാർലമെന്റ് വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ഉൾപ്പടെ ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അഫ്‌സൽ ഗുരുവിനെ കശ്മീരിൽ നിന്നും പിടികൂടി.

പിന്നീട് ഡൽഹി സർവകലാശാല അദ്ധ്യാപകൻ എസ്എആർ ഗീലാനി, അഫ്സാൻ ഗുരു, ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരെയും പിടികൂടി. 2002 ഡിസംബറിൽ ഗീലാനി, ഷൗക്കത്ത്, അഫ്സൽ ഗുരു എന്നിവർക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. പിന്നീടുള്ള നിയമനടപടികളിൽ ഗീലാനി, ഷൗക്കത്ത് എന്നിവർ ശിക്ഷാ ഇളവ് നേടി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ ആക്രമണം ആയാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിന്റെ ഓർമ്മ ചടങ്ങുകൾ ഇന്നും നടന്നിരുന്നു. രക്തസാക്ഷികളുടെ കുടുംബത്തെ പ്രധാനമന്ത്രി തന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. അതേ ദിവസമാണ് മറ്റൊരു പ്രതിഷേധം പാർലമെന്റിനുള്ളിൽ പുറത്തു നിന്നുള്ളവർ എത്തുന്നത്.

ഇന്ന് പാർലമെന്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. പഴയ പാർലമെന്റ് മന്ദിരത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ , ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ എന്നിവരും വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സേണിയ ഗാന്ധി എന്നിവരും പൂഷ്പാർച്ചന നടത്തി. 2001 ഡിസംബർ 13ന് രാവിലെ 11.40ഓടെയാണ് ആ ആക്രമണം ഉണ്ടായത്.