ന്യൂഡൽഹി: ലോക്‌സഭയ്ക്കുള്ളിൽ പുക ഏവരേയും ആശങ്കയിലാക്കി. ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്ന് സിഖ് ഭീകരൻ ഗുർപട്വന്ത് സിങ് പന്നു ഭീഷണി മുഴക്കിയിട്ടും വേണ്ടത്ര കരുതൽ എടുത്തില്ലെന്ന ചർച്ചയാണ് ഈ വിഷയം ഉയർത്തുന്നത്. രാവിലെ തന്നെ പാർലമെന്റ് മന്ദിര പരിസരത്ത് എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് സുരക്ഷാ ആശങ്ക കൂടുന്നത്.

യു എസിൽ വച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും അതിനു പ്രതികാരമായി ഈ മാസം 13ന് പാർലമെന്റ് ആക്രമിക്കുമെന്നുമാണ് വിഡിയോയിലൂടെയുള്ള പന്നുവിന്റെ ഭീഷണി. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനമാണ് ഡിസംബർ 13. ഖലിസ്ഥാൻ ഹിതപരിശോധന നടത്തിയതിന്റെ പേരിൽ മോദി സർക്കാർ തന്നെ കൊലപ്പെടുത്താൻ ആളെ ഏർപ്പാടു ചെയ്തതായി പന്നു പറഞ്ഞിരുന്നു. ഇതിന് പ്രതികാരം തീർക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് സമാനമാണ് സംഭവിച്ചത്. ഇപ്പോൾ ലോക്‌സഭയിൽ പുക നിറച്ചവർ പന്നുവിന്റെ ആളുകൾ ആണോ എന്ന് വ്യക്തമല്ല. പക്ഷേ അതു സംഭവിച്ചുവെന്നിടത്താണ് സുരക്ഷാ വീഴ്ച.

നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനാണ് പന്നു. 2020 ജൂലൈയിൽ ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചു. പന്നുവിന്റെ ഭീഷണി ഗൗരവത്തിലെടുത്ത് സുരക്ഷാ ഏജൻസികൾ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നിട്ടും പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്നതാണ് ഗൗരവതരം. ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിങ് പന്നുവിനെ വിട്ടു നൽകണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ പന്നു നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങളും കൈമാറി.

ഇയാൾ തുടർച്ചയായി ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത് അമേരിക്കയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും നടപടികൾ തുടരുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിരുന്നു. ഡിസംബർ പതിമൂന്നിന് മുമ്പ് പാർലമെന്റ് ആക്രമിക്കുമെന്നും അത് ഐഎസ്‌ഐയുടെ സഹായത്തോടെയാകുമെന്നുമായിരുന്നു പിന്നുവിന്റെ ഭീഷണി. പാർലമെന്റ് ആക്രമണത്തിന്റെ 22 ാം വാർഷികം ഡിസംബർ 13 നാണ്. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ പോസ്റ്റർ ഉപയോഗിച്ചായിരുന്നു പന്നുവിന്റെ വീഡിയോ.

കഴിഞ്ഞ നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അന്നൊന്നും സംഭവിച്ചില്ല. അതുകൊണ്ട് തന്നെ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയേയും ആരും ഗൗരവത്തോടെ കണ്ടില്ല. ഇത് മുതലെടുത്താണ് രണ്ടു പേർ പാർലമെന്റിലുള്ളിലേക്ക് കയറിയത്. നീലം എന്നൊരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. സംഘടനകളുമായി ബന്ധമില്ലെന്നും കർഷകർക്ക് വേണ്ടിയാണ് പ്രതിഷേധമെന്നും ആ സ്ത്രീ വിളിച്ചു പറയുന്നുണ്ട്. എന്നാൽ ഇത്രയും വലിയ ഗൂഢാലോചന നടത്താൻ വ്യക്തമായ പദ്ധതികൾ ഉണ്ടായിട്ടുണ്ട്. വെറും വിദ്യാർത്ഥി പ്രതിഷേധമായി ഇതിനെ സർക്കാർ കാണില്ല. അതിന് പന്നുവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും.

രാജ്യത്തെ ഞെട്ടിച്ച അപ്രതീക്ഷിത സുരക്ഷാവീഴ്ചയാണ് ബുധനാഴ്ച പാർലമെന്റിൽ ഉണ്ടായത്. ശൂന്യവേള നടക്കുന്നതിനിടെയാണ് പൊടുന്നനെ രണ്ടുപേർ സന്ദർശക ഗാലറിയിൽനിന്ന് താഴേക്ക് ചാടിയത്. എംപിമാരിലൊരാൾ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. സന്ദർശക ഗാലറിയിൽനിന്ന് താഴേക്കുചാടിയ രണ്ടുപേർ എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മേലേകൂടി ഓടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആദ്യമൊന്നു പകച്ച എംപിമാർ, ഉടൻതന്നെ ഇവരെ തടയാൻ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇരിപ്പിടത്തിനു മുകളിൽ നിൽക്കുന്ന ആളെ എംപിമാർ വളഞ്ഞു.

ഇതോടെ ഇവർ ഇട്ടിരുന്ന ഷൂവിന് ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്‌പ്രേ എടുത്ത് പ്രയോഗിക്കുകയായിരുന്നു. മഞ്ഞനിറത്തിലുള്ള സ്‌പ്രേകൊണ്ട് അന്തരീക്ഷം നിറഞ്ഞു. എംപിമാരുടെ നേർക്കും ഇവർ സ്‌പ്രേ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. അക്രമം നടത്തിയവരിൽ ഒരാളെ എംപിമാർ തന്നെ് പിടിച്ചുവെച്ചു. ഉടൻതന്നെ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടുപേരെയും കീഴ്‌പ്പെടുത്തി സഭയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേർ മുദ്രാവാക്യം വിളിക്കുകയും സ്പ്രേ പ്രയോഗിക്കാനും ശ്രമിച്ചിരുന്നു. ഇവരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.