തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ഭാഗ്യവാൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ അത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി 30കാരൻ അനൂപാണ്. ആരും കൊതിക്കുന്ന ഭാഗ്യമാണ് തിരുവോണ ബമ്പറിലൂടെ ഇന്നലെ അനൂപിനെ തേടിയെത്തിയത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ഓണം ബമ്പറിലൂടെയാണ് ഭാഗ്യദേവത വള്ളക്കടവ് പെരുന്താന്നി പണയിൽ വീട്ടിൽ അനൂപിനെ കടാക്ഷിച്ചത്.

അനൂപിന് ലോട്ടറി അടിച്ചതോടെ അസാധാരണ നടപടിയും ഇന്നലെയുണ്ടായി. ഞായറാഴ്ച ബാങ്ക് അവധിയായിരുന്നിട്ടും വൈകിട്ട് 6.30തോടെ കാനറ ബാങ്കിന്റെ മണക്കാട് ശാഖയിലെ മാനേജരും മറ്റ് ജീവനക്കാരുമെത്തി അനൂപിന് ടിക്കറ്റ് സൂക്ഷിക്കാൻ ലോക്കർ സൗകര്യം ലഭ്യമാക്കി. അനൂപിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ഇത്. ലോട്ടറി രാത്രി വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷാ പ്രശ്നമുള്ളതിനാലാണ് അടിയന്തര നടപടി സ്വീകരിച്ചത്. അടുത്താഴ്ച ഷെഫായി മലേഷ്യയിലെ സുഹൃത്തിന്റെ ഹോട്ടലിൽ പോകാനിരിക്കെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ അനൂപിന്റെ തലവര മാറിയത്. ഇ

നി നാട്ടിൽ ഹോട്ടൽ തുടങ്ങാനുള്ള പ്ലാനിലാണ്. ലോട്ടറി എടുക്കാൻ പണം തികായത്തിനാൽ മകന്റെ കുടുക്കയിൽ നിന്നെടുത്ത അമ്പതു രൂപയും ചേർത്ത് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. അൻപതു രൂപ കുറവുണ്ടായിരുന്നതിനാൽ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. അഞ്ഞൂറു രൂപ മുടക്കി എടുക്കേണ്ട എന്നായിരുന്നു ഭാര്യ പറഞ്ഞതെന്നും ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ ഭാര്യ വഴക്കു പറഞ്ഞേനെയെന്നും അനൂപ് പറഞ്ഞു. ഫലം വന്നപ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്ന് അനൂപിന് സംശയമുണ്ടായിരുന്നു. ഭാര്യ ടിക്കറ്റ് നോക്കിയാണ് ഉറപ്പിച്ചത്. ടിക്കറ്റ് ഇന്ന് ലോട്ടറി ഡയറക്ടറേറ്റിന് കൈമാറും.

ശനിയാഴ്ച രാത്രി 7.30ന് ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജൻസിയിൽ നിന്ന് വാങ്ങിയ 'ടി.ജെ 750605' എന്ന ടിക്കറ്റിനാണ് ബമ്പറടിച്ചത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനർഹമായ ടിക്കറ്റ് എടുത്തത്. അനൂപിന്റെ പിതാവിന്റെ സഹോദരിയും ലോട്ടറി ഏജന്റുമായ സുജയുടെ വീട് പണി പൂർത്തിയാക്കാനായി മൂന്ന് ലക്ഷം രൂപയുടെ വായ്പയ്ക്കായി മുട്ടത്തറ സഹകരണ ബാങ്കിൽ അപേക്ഷിച്ചിക്കെയായിരുന്നു. കഴിഞ്ഞ ദിവസം ലോൺ പാസായി എന്നാൽ ഇന്നലെ ലോൺ വേണ്ടെന്ന് അറിയിച്ചു.

വർഷങ്ങൾക്ക് മുൻപ് സൗദിയിൽ പോയ അനൂപ് ജോലിയൊന്നും ശരിയാകാത്തതിനാൽ തിരികെ മടങ്ങുകയായിരുന്നു. തുടർന്ന് നാട്ടിൽ ചെറിയ ബിസിനസുകൾ തുടങ്ങിയെങ്കിലും നഷ്ടത്തിലായി. തുടർന്നാണ് ഓട്ടോറിക്ഷ വാങ്ങിയത്. അഞ്ചര ലക്ഷത്തോളം രൂപയുടെ കടമുണ്ട്. ഒരു തവണ 5000 രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാന ജേതാവിന് 10ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും. ടിക്കറ്റ് ഹാജരാക്കി 30 ദിവസത്തിനുള്ളിൽ പണം ലഭിക്കും.

ഭഗവതി ഏജൻസിക്ക് 2.5 കോടി രൂപയാണ് കമ്മിഷൻ. നികുതി കിഴിച്ച് 1.60 കോടി രൂപ ലഭിക്കുമെന്ന് ഭഗവതി ഏജൻസി ഉടമ തങ്കരാജ് വ്യക്തമാക്കി. അമ്മ അംബികയും ഭാര്യ മായയും മകൻ രണ്ടര വയസുകാരൻ അദ്വൈതും അടങ്ങുതാണ് അനൂപിന്റെ കുടുംബം. സഹോദരി അശ്വതി,ഭർത്താവ് സനൽ. 12 വർഷം മുമ്പ് പിതാവ് ബാബുവിന്റെ മരണത്തെ തുടർന്ന് സാമ്പത്തിക ബാദ്ധ്യത തീർക്കാനായി മുക്കാൽ സെന്റ് വസ്തുവും അതിലുണ്ടായിരുന്ന വീടും വിറ്റു.

തുടർന്ന് ശ്രീവരാഹത്ത് തന്നെ പലയിടത്തായി വാടകയ്ക്ക് താമസിച്ചു. ഒരു വർഷം മുമ്പാണ് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് വീടുവച്ച് താമസമായത്. ഭാര്യയുടെ അച്ഛൻ സുധാകരനും വിജയമ്മയും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. സുധാകരൻ അട്ടക്കുളങ്ങരയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. അനൂപിന്റെ അമ്മ അംബിക ഇനിയും അമ്പരപ്പിൽ നിന്ന് മുക്തയായിട്ടില്ല. ജീവിതം വഴിമുട്ടിയപ്പോൾ അവൻ ഒരുപാട് വിഷമിച്ചതാണ്. തങ്ങളുടെ കഷ്ടപ്പാട് കണ്ട് ദൈവം അനുഗ്രഹിച്ചതാണെന്ന് അമ്മ പറയുന്നു.

ഭർത്താവ് മരിച്ചതിനുശേഷം വി.കെ.കെ നഗറിലെ ശിവൻ കോവിലിൽ തൂപ്പ് ജോലി ചെയ്യുകയാണ് അംബിക. രണ്ടാം സമ്മാനമായ 5 കോടി രൂപ കോട്ടയം മീനാക്ഷി ഏജൻസിയുടെ പാലായിലുള്ള ബ്രാഞ്ചിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. പാലായിൽ ലോട്ടറി വിൽപന നടത്തുന്ന പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം.