കൊച്ചി: കേരളത്തെ ഞെട്ടിച്ച് വീണ്ടുമൊരു പ്രണയ കൊലപാതകം. പ്രണയം നിരസിച്ചാൽ പെണ്ണിനെ കൊല്ലുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് കേരളത്തിന് കളങ്കമായി മാറിയിരിക്കുകയാണ്.5 വർഷത്തിനിടെ ഇരുപതോളം കൊലപാതകങ്ങളാണ് പ്രണയപ്പക കാരണമുണ്ടായത്. കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ എല്ലാ കൊലപാതകങ്ങളുടെ പത്ത് ശതമാനത്തിലധികവും കാരണം പ്രണയ ബന്ധങ്ങളാണ്.

പല സംസ്ഥാനങ്ങളിലും പ്രണയവുമായി ബന്ധപ്പെട്ട് കൊലപാതകങ്ങളും ആത്മഹത്യയും വൻ തോതിലാണ് നടക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ അടുത്തിടെ പുറത്തിറക്കിയ 2020ലെ റിപ്പോർട്ട് പ്രകാരം 29,193 കൊലപാതകങ്ങളിൽ 3,031 കൊലപാതകം പ്രണയപ്പക കാരണമാണ്. എറണാകുളത്ത് കാമുകൻ വെടിവച്ചു കൊന്ന മാനസയെ മറക്കാറായിട്ടില്ല. ഗുരുതരമായ മാനസികവൈകല്യമാണ് പ്രണയപ്പക.

ബ്ലേഡുകൊണ്ട് മുഖമാകെ വരഞ്ഞും നടുറോഡിൽ കുത്തിവീഴ്‌ത്തിയും മുടിമുറിച്ചും വീടിനു തീയിട്ടുമൊക്കെയാണ് പ്രണയം നിരാകരിക്കപ്പെട്ടവരുടെ പ്രതികാരം. കൗമാരക്കാർക്ക് മാത്രമല്ല, മൂന്നു മക്കളുടെ അമ്മയായ പൊലീസുകാരിക്കു പോലും സഹപ്രവർത്തകന്റെ പ്രണയം നിരസിച്ചതിന്റെ പേരിൽ ജീവൻ നഷ്ടമായിട്ടുണ്ട്. മാവേലിക്കരയിലെ പൊലീസുദ്യോഗസ്ഥയായിരുന്ന സൗമ്യ സ്‌കൂട്ടറിൽ പോകവേ, പൊലീസുകാരനായ അജാസ് കാറിടിച്ചുവീഴ്‌ത്തി വടിവാൾ കൊണ്ട് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രണയം പ്രതികാരമായി മാറിയ സംഭവങ്ങൾ വേറെയുമുണ്ട്.

2019മാർച്ചിൽ പ്രണയാഭ്യർത്ഥന നിരസിച്ച 19കാരിയെ വി.എച്ച്.എസ്.സിയിലെ സഹപാഠി നടുറോഡിൽ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ചത് തിരുവല്ലയിലാണ്. പിന്നാലെ തൃശൂരിൽ എൻജിനിയറിങ് വിദ്യാർത്ഥിനി നീതുവിനെ സുഹൃത്ത് നിതീഷ് കുത്തിയശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തി.

നോ പറഞ്ഞതിന് കോഴിക്കോട്ടെ വിദ്യാർത്ഥിനിയുടെ വീട്ടിൽ കടന്നുകയറിയ യുവാവ്, ഹെൽമെറ്റിന് മുഖത്തടിച്ച് അഞ്ച് പല്ലുകളാണ് തെറിപ്പിച്ചത്. കൊച്ചിയിലെ ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ തടഞ്ഞുനിറുത്തി മുടിമുറിച്ചായിരുന്നു പ്രതികാരം. ശല്യപ്പെടുത്തെന്ന് പൊലീസിൽ പരാതിപ്പെട്ടതിനാണ് തൃപ്പൂണിത്തുറയിലെ കോളേജ് വിദ്യാർത്ഥിനി അമ്പിളിയെ അയൽവാസി വീട്ടിലേക്കുള്ള വഴിയിൽ കാത്തുനിന്ന് വെട്ടിയത്.

വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് കലൂരിൽ കോതമംഗലം സ്വദേശിനിയെ നടുറോഡിൽ കൊല്ലാൻശ്രമിച്ചത്. തൃശൂർ മാളയിൽ പ്രണയം നിരസിച്ച കോളജ് വിദ്യാർത്ഥിനിയുടെ മുഖം ബ്ലേഡിന് വരഞ്ഞുകീറി. തൃശൂർ പുന്നയൂർകുളത്ത് പ്രണയം നിരസിച്ച പെൺകുട്ടിയെയും വീട്ടുകാരെയും പൂട്ടിയിട്ട് വീടിന് തീവച്ചായിരുന്നു പ്രതികാരം. തിരക്കേറിയ റോഡിലൂടെ നടന്നുപോകവേ കുന്നംകുളം സ്വദേശിക്ക് കഴുത്തിൽ കുത്തേറ്റു.

വിവാഹാഭ്യർത്ഥന നിരസിച്ച കൊല്ലത്തെ യുവതിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റതിനെത്തുടർന്ന് കേൾവി ശക്തി നഷ്ടമായി. ശാസ്താംകോട്ടയിൽ 16കാരിയെ സ്‌ക്രൂഡ്രൈവറിന് കുത്തിപ്പരിക്കേൽപ്പിച്ചായിരുന്നു പ്രണയം നിരസിച്ചതിന്റെ പ്രതികാരം തീർത്തത്. രാത്രിയിൽ വീടിന്റെ ഓടിളക്കി അകത്തുകടന്നായിരുന്നു അതിക്രമം.

തിരുവനന്തപുരത്തെ ശോഭാവിശ്വനാഥനെ സുഹൃത്ത് കുടുക്കിയത് അവരുടെ കൈത്തറി വ്യാപാരകേന്ദ്രത്തിൽ കഞ്ചാവൊളിപ്പിച്ച് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു വൈരാഗ്യം. തിരുവനന്തപുരത്തെ സംരംഭകയായ യുവതിയെ നിരാശാകാമുകൻ കഞ്ചാവ് കേസിൽ കുടുക്കിയാണ് പ്രതികാരം തീർത്തത്.

കോട്ടയത്ത് ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ ക്ലാസിൽ കയറിയും കടമ്മനിട്ടയിലെ 17കാരിയെ വീട്ടിൽ കയറിയും പെട്രോളൊഴിച്ച് ചുട്ടെരിച്ചു. മലയാളികൾ മാത്രമല്ല ബംഗാളികൾക്കും പ്രണയം പ്രതികാരമായി മാറാറുണ്ട്. മലപ്പുറത്ത് പ്രണയം നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്തിയത് ബംഗാളിയായിരുന്നു.

പ്രതികാരത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട രണ്ടുഡസനിലേറെപ്പേരുണ്ട്. പിന്നാലെനടന്ന് ശല്യംചെയ്യുന്നത് പൊലീസിൽ പരാതിപ്പെട്ടതിന് കൊച്ചിയിലെ വിദ്യാർത്ഥിനി അമ്പിളി, വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ വെട്ടേറ്റ കോതമംഗലം സ്വദേശിനി, ബ്ലേഡു കൊണ്ട് മുഖം വരയപ്പെട്ട തൃശൂരിലെ പെൺകുട്ടി ഇങ്ങനെ പട്ടിക നീളും.

2017 ഫെബ്രുവരി ഒന്നിന് കെ ലക്ഷ്മി എന്ന 22 കാരിയെ കോട്ടയത്തെ ക്യാമ്പസ്സിൽ സീനിയർ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് കൊലപെടുത്തിയത്തോടെയാണ് ഇതൊരു പരമ്പരയായി തുടരുന്നത്. പിന്നീട് 2017 ജൂലൈ 22 പത്തനംതിട്ട കടമ്മനിട്ടയിലെ ശാരിക, 2019 മാർച്ച് 13 തിരുവല്ലയിലെ കവിത അതെ വർഷം ജൂൺ 19 പെരിന്തൽമനയിലെ ദൃശ്യ, 2019 ഒക്ടോബർ 10 കൊച്ചി കാക്കനാട്ടെ ദേവിക 2019 നവംബർ നാലിനു തൃശൂർ ചെയരാതെ നീതു, 2020 ജനുവരി 6 തിരുവനന്തപുരം കാരക്കോണത്തെ ആഷിക, അതേ വർഷം ജൂൺ 9 കൊച്ചിയിലെ ഇവ ആന്റണി, 2021 ജൂലൈ 30ന് കണ്ണൂരിലെ മാനസി, സ്റ്റെപംബറിൽ 29ന് നെടുമങ്ങാട്ടിലെ സൂര്യ ഗായത്രി ഇങ്ങനെ ഇരകളുടെ എണ്ണം നീളും.