- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ തെരുവുനായ ശല്യം ഗുരുതരം; നേരിടാൻ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്; നാളെ മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ചർച്ച ചെയ്യും; 152 ബ്ലോക്കുകളിൽ എബിസി കേന്ദ്രങ്ങൾ സജ്ജമാക്കുക പ്രധാനമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
കണ്ണൂർ: കേരളത്തിലെ തെരുവുനായ ശല്യം നേരിടാൻ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായശല്യം കാരണം സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും രാജേഷ് പറഞ്ഞു. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് 30 സെന്ററുകൾ സജ്ജമാണ്. പൊതുജന പങ്കാളിത്തത്തോടെ പ്രശ്നപരിഹാരം കാണാനാണു ശ്രമം. നാളെ മുഖ്യമന്ത്രിയെ കണ്ട് പ്രശ്നം ചർച്ചചെയ്യുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
''തെരുവുനായ ശല്യത്തിന്റെ കാര്യത്തിൽ ഇതിനകം തന്നെ സർക്കാർ ചില ഏകോപിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. 152 ബ്ലോക്കുകളിൽ എബിസി സെന്ററുകൾ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. 30 സെന്ററുകൾ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. വളർത്തു നായ്ക്കളുടെ കാര്യത്തിൽ ലൈൻസിങ് ഉൾപ്പെടെയുള്ള നടപടികൾ നടക്കുന്നുണ്ട്'' മന്ത്രി വിശദീകരിച്ചു.
ഇനി അടിയന്തരമായി ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ വളരെ ഗുരുതരമാണ്. നാളെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായിക്കൂടി ആലോചിച്ചശേഷം ഇക്കാര്യത്തിൽ വിശദമായ കർമപരിപാടി ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ കൊല്ലം ശാസ്താംകോട്ടയിൽ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനാൽ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചു.
ശാസ്താംകോട്ട പഞ്ചായത്ത് പതിനാറാം വാർഡിലെ രണ്ട് സ്ത്രീകളെയാണ് തെരുവുനായ ഇന്നലെ വൈകിട്ടോടെ കടിച്ചത്. ഇതിൽ ഒരു സ്ത്രീയെ റോഡിൽ കൂടി നടന്നുപോകുമ്പോഴാണ് കടിച്ചത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രായമായ സ്ത്രീയാണ് തെരുവുനായയുടെ കടിയേറ്റ രണ്ടാമത്തെയാൾ. പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാൻ വലിയ ക്യാംപയിൻ നടത്താനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. പ്രദേശത്തെ തെരുവുനായ്ക്കളെ കണ്ടെത്താനും പരിശോധന നടത്താനുമാണ് മൃഗസംരക്ഷണ വകുപ്പ് ക്യാംപയിൻ നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ