തിരുവനന്തപുരം: എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുമ്പേ പേഴ്‌സണൽ സ്റ്റാഫിൽ വലിയ അഴിച്ചുപണി വേണ്ടെന്ന നിർദ്ദേശം നൽകി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ. തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെ ലഭിക്കുമെന്ന് ഉറപ്പായതോടെ തന്റെ ഒപ്പമുണ്ടായിരുന്നവരെല്ലാം അതേരീതിയിൽ തുടരട്ടെയെന്നാണ് ഗോവിന്ദന്റെ നിലപാട്. ഇതോടെ രാജേഷിന് തന്റെ അടുപ്പക്കാരെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ കഴിയാത്തിൽ അതൃപ്തിയുണ്ട്. തനിക്ക് വേണ്ടപ്പെട്ടവരെ ഒപ്പം നിറുത്തണമെന്ന് രാജേഷ് ആവശ്യപ്പെട്ടതായാണ് വിവരം.

സ്റ്റാഫുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും ഓരോരുത്തരുടെയും ചുമതലകളിൽ മാറ്റം വരുത്തുമെന്നാണ് വിവരം. തദ്ദേശ, എക്സൈസ് വകുപ്പുകളുടെ പ്രവർത്തനം ഉൾപ്പെടെ കഴിഞ്ഞ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനത്തിന് വിധേമായിരുന്നു. മന്ത്രിയായിരുന്ന എംവി ഗോവിന്ദൻ സ്വയം വിമർശനത്തോടെ അത് സമ്മതിക്കുകയും ചെയ്തിരുന്നു. അതിനാൽ പ്രവർത്തനം മെച്ചപ്പെടുത്താൻ രാജേഷ് തന്റേതായ മാറ്റം വരുത്താനുള്ള സാദ്ധ്യതയേറെയാണ്.

പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളിൽ പലരും ഗോവിന്ദന്റെ ഏറെ അടുപ്പക്കാരാണ്. ഇവർ പലരും ഫയലുകളിൽ സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. രാജേഷ് ഇത്തരം നടപടികൾ അംഗീകരിക്കില്ല. അതിനാൽ അഡീഷണൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ പലരും ആശങ്കയിലാണ്. നിലവിൽ തങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ചുമതലയിൽ നിന്ന് മാറ്റുമോയെന്നതാണ് ആശങ്കയ്ക്ക് കാരണം. ഈ വകുപ്പുകൾ പലതും കൈകാര്യം ചെയ്യുന്ന പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട്.

ഔദ്യോഗിക യാത്രക്കെന്ന പേരിൽ അടുത്തിടെ മലബാറിലെത്തിയ ഒരു പേഴ്‌സണൽ സ്റ്റാഫ് അംഗം സ്റ്റാഫിലെ മറ്റൊരംഗത്തിനൊപ്പം മദ്യപിച്ച് വാഹനമോടിച്ചെന്ന് ഉൾപ്പെടെയുള്ള ഗുരുതരമായ പരാതികളാണിവ. പാർട്ടി സെക്രട്ടറിയുമായി അടുപ്പമുള്ളവരായതിനാൽ ഇക്കാര്യത്തിൽ വലിയ നടപടികളൊന്നും പരാതിക്കാർ ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ പുതിയ മന്ത്രിയോടും ഈ പരാതികൾ ഉന്നയിക്കും. ഇതോടെ രാജേഷ് ശക്തമായ ഇടപെടലുകൾ നടത്താൻ തുടങ്ങിയാൽ അത് സ്റ്റാഫുകൾക്കും സുഖകരമാകില്ല.

എം ബി രാജേഷ് നാളെ രാവിലെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 11 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുക്കും. എം വിഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പകരക്കാരനായി രജേഷ് എത്തുന്നത്. സെക്രട്ടറിയേറ്റ് അനകസ് ഒന്നിലെ അഞ്ചാം നിലയിലാണ് ഓഫീസ്.

പാലക്കാട് എംപിയായും സ്പീക്കറായും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനെ തുടർന്നാണ് എം.ബി.രജേഷിനെ മന്ത്രിസഭയിലേക്കു പരിഗണിച്ചത്. സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമ ബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം സംസ്ഥാന സമിതിയംഗം. 2009ലും 2014ലും പാലക്കാട് എംപി. ഡിവൈഎഫ്ഐ മുഖപത്രം യുവധാരയുടെ പത്രാധിപരായിരുന്നു.