- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിനൊപ്പം തമിഴ്നാടും
ചെന്നൈ: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ ഡൽഹിയിൽ കേരളം നടത്തുന്ന സമരത്തിൽ ഡി.എം.കെ. പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്ര അവഗണന സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കേരളം നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ച് സ്റ്റാലിൻ പിണറായി വിജയന് കത്തെഴുതി. ഇത് പങ്കുവെച്ചുള്ള ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്വയംഭരണത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിനെതിരെ സുപ്രീംകോടതിയിൽ കേരള സർക്കാരിന്റെ ഹർജിക്ക് തമിഴ്‌നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് പിണറായിക്ക് എഴുതിയ മറുപടി കത്തിൽ താൻ ഉറപ്പ് കൊടുത്തിട്ടുണ്ടെന്ന് സ്റ്റാലിൽ മലയാളത്തിൽ പങ്കുവെച്ച എക്സ് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
'തെക്കേ ഇന്ത്യയിൽ ഞങ്ങളും സഖാവ് പിണറായിയും കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും കൂടാതെ നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കൾ എല്ലാവരും ഇന്ന് സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച് നിൽക്കുന്നു. സഹകരണ ഫെഡറലിസം സ്ഥാപിച്ച്, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതിൽ വിജയിക്കുന്നത് വരെ ഞങ്ങളുടെ പ്രതിഷേധം അവസാനിക്കില്ല', സ്റ്റാലിൻ കുറിച്ചു.
സംസ്ഥാനസ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ബിജെപിക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം,ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഡൽഹി ജന്തർ ജന്തറിൽ എട്ടിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റാണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. സമരത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് മുഖം തിരഞ്ഞ് നിൽക്കുമ്പോൾ കേന്ദ്രസർക്കാരിനെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നാളെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോൺഗ്രസ് ദേശിയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പക്ഷേ യുഡിഎഫ് പങ്കെടുക്കുന്നില്ല.
ദക്ഷിണേന്ത്യയ്ക്ക് നൽകേണ്ട വികസന ഫണ്ടുകളുടെ വിഹിതം ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നു എന്ന കർണാടക എംപി ഡി.കെ സുരേഷിന്റെ പ്രസ്താവന കേന്ദ്രസർക്കാർ ആയുധമാക്കുമ്പോഴാണ് രാജ്യതലസ്ഥാനത്തെ പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, 138 എംഎൽഎമാർ, എംഎൽസിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. ജന്തർ മന്തർ അടക്കമുള്ള ഇടങ്ങൾ പ്രതിഷേധ വേദിയാക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
സംസ്ഥാനത്തിന് 5 വർഷത്തിനിടെ ലഭിക്കേണ്ട 62,000 കോടി രൂപ നൽകിയിട്ടില്ല. സംസ്ഥാനം കടുത്ത വരൾച്ച നേരിടുമ്പോൾ കേന്ദ്രം സഹായിക്കുന്നില്ല എന്നുമാണ് ആക്ഷേപം. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത അവഗണന നേരിടുന്നെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കുറ്റപ്പെടുത്തി. വ്യാഴാഴ്ചയാണ് ഇതേ വിഷയം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ ജന്തർമന്തറിൽ പ്രതിഷേധകൂട്ടായ്മ നടത്തുന്നത്.