- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ അനുഭവം മറിച്ചാണ്; കണ്ണൂരിലെ കല്ല്യാണ ഇടങ്ങളിൽ സ്ത്രീ-പുരുഷ വേർതിരിവ് കാണാനില്ല; മഹാഭൂരിപക്ഷം സ്ഥലത്തും സ്ത്രീകളും കുട്ടികളും പുരുഷന്മാരും കുടുംബത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു; മുസ്ലിം സമുദായത്തിൽ മുമ്പുണ്ടായിരുന്ന വിവേചനം മാറി; നിഖിലയുടെ അഭിപ്രായം തള്ളി എം വി ജയരാജൻ
കണ്ണൂർ: കണ്ണൂരിലെ മുസ്ലിം വിവാഹ ചടങ്ങുകളിൽ സ്ത്രീകൾക്ക് പ്രത്യേകം ഭക്ഷണത്തിന് സ്ഥലം ഒരുക്കുന്നുവെന്ന നടി നിഖില വിമലിന്റെ അഭിപ്രായത്തെ തുടർന്ന് സൈബറിടങ്ങളിൽ അങ്ങോളമിങ്ങോളമായി പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. നിഖിലയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ അന്നത്തെ കാലമെല്ലാം മാറിയെന്ന് പറഞ്ഞ ഒരു വിഭാഗം ആൾക്കാരും രംഗത്തുവന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കയാണ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
ഞങ്ങളുടെ അനുഭവം മറിച്ചാണെന്നും സ്ത്രീകൾ പ്രത്യേകം ഒരിടത്ത് ഭക്ഷണസ്ഥലം കാണുന്നുവെന്നല്ലാതെ, മഹാഭൂരിപക്ഷം സ്ഥലത്തും സ്ത്രീകളും കുട്ടികളും പുരുഷന്മാരും കുടുംബത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് കാണാറുള്ളതെന്നും എം വി ജയരാജൻ പറഞ്ഞു. കല്ല്യാണത്തിന് പോയ ഇടങ്ങളിൽ സ്ത്രീകളോ പുരുഷന്മാരോയെന്ന പ്രത്യേക വേർതിരിവ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിൽ വളരെ മുമ്പ് തന്നെ സ്ത്രീകളോട് വിവേചനം ഉണ്ടായിരുന്നു. വിദ്യാഭ്യാസം പാടില്ലെന്നായിരുന്നു പ്രത്യേകിച്ചും. ഇന്ന് ആ സ്ഥിതി മാറി. മുസ്ലിം പെൺകുട്ടികളാണ് മെഡിക്കൽ ബിരുദം ഉൾപ്പെടെയുള്ള മേഖലയിലുള്ളത്. കാലങ്ങളായി ആ സമുദായത്തിന്റെ നവോത്ഥാന ചിന്തയിൽ വന്ന മാറ്റങ്ങളുടെ ഫലമായിട്ടാണിതെന്നും എംവി ജയരാജൻ പറഞ്ഞു.
സമാനമായ മാറ്റം ആചാര അനുഷ്ടാനങ്ങളിലും ഉണ്ടാവണം. അത് സമുദായത്തിനകത്തെ ആളുകൾ മുൻകൈ എടുത്ത് ചെയ്യേണ്ടതാണെന്നും എംവി ജയരാജൻ കൂട്ടിചേർത്തു.വിവാഹം കഴിഞ്ഞാൽ പെൺകുട്ടിയുടെ വീട്ടിൽ പുരുഷന്മാർ താമസിക്കുന്ന സംവിധാനം ഉണ്ടായിരുന്നു. അത് മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയാണ്. അതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. ഹിന്ദുസമുദായത്തിലും ചില ആചാരാനുഷ്ടാനങ്ങൾ ഉണ്ട്. അതിലും കാലികമായ മാറ്റങ്ങൾ പിന്നീട് ഉണ്ടാവുകയാണ് ചെയ്തതെന്നും എംവി ജയരാജൻ പറഞ്ഞു.
വർധിക്കുന്ന ഈ മതവത്ക്കരണത്തിന്റെ പ്രത്യക്ഷ ഉദാഹരമാണ് നടി നിഖില വിമൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷനിടെ പറഞ്ഞത്. കണ്ണൂരുകാരിയായ നിഖില തന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസാരിക്കാറുള്ളത്. സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴും കണ്ണൂരിൽ തുടരുന്നുണ്ടെന്നാണ് നിഖില പറയുന്നത്.
'നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തലേന്നത്തെ ചോറും മീൻകറിയുമൊക്കെയാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.''- ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ നിഖില സൈബർ ആക്രമണം നേരിട്ടിരുന്നു.
നേരത്തെ പശുരാഷ്ട്രീയത്തിനെതിരെ ഒരു ഇന്റവ്യൂവിൽ പറഞ്ഞതിന് നഖിലയെ പ്രശംസിച്ച പലരും ഇന്ന് കണ്ണൂർ കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോൾ പൊങ്കാലയിടുകയാണ്. 'പശുവിനെയൊക്കെ നമ്മുടെ നാട്ടില് വെട്ടാം. ആരു പറഞ്ഞു വെട്ടാൻ പറ്റില്ലെന്ന്...?
അതൊക്കെ അങ്ങ് മുകളില്. കേരളത്തിൽ അതൊന്നും നടക്കില്ല''- ഒരു അഭിമുഖത്തിൽ നിഖില പറഞ്ഞത് നേരത്തെ വൈറൽ ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ