- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപി കളിക്കരുതെന്ന് പറഞ്ഞ് വിജിൻ എംഎൽഎ പൊലീസിനോട് കയർത്തിട്ടും കാര്യമുണ്ടായില്ല; എംഎൽഎ പങ്കെടുത്ത കലക്ടറേറ്റ് മാർച്ചിൽ 100 നഴ്‌സുമാർക്കെതിരെ കേസെടുത്തു; കേസിൽ നിന്നും എംഎൽഎയെ ഒഴിവാക്കി; വിജിനെ പിന്തുണച്ചു എം വി ജയരാജൻ
കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ 100 നഴ്‌സുമാർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ഈ മാർച്ചിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുമായി വിജിൻ എംഎൽഎ കയർത്തതത്. ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ഇന്നലെ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തിയത്.
എം. വിജിൻ എംഎൽഎ ആയിരുന്നു ഉദ്ഘാടകൻ. മാർച്ച് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കടന്നതിനെ തുടർന്ന് പൊലീസും എംഎൽഎയും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. എസ്‌ഐ എംഎൽഎയെ അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. കലക്ടറേറ്റിന്റെ രണ്ടാം ഗേറ്റിലേക്കാണ് പ്രവർത്തകർ പ്രകടനമായി എത്തിയത്. സാധാരണ ഇത്തരത്തിൽ പ്രകടനമായി എത്തുന്ന ആളുകളെ ഗേറ്റിനുസമീപം പൊലീസ് തടയുകയാണ് പതിവ്. എന്നാൽ, ഈ സമയം അവിടെ ഒരു പൊലീസുകാരൻ പോലും ഉണ്ടായിരുന്നില്ല. ഇതോടെ പ്രവർത്തകർ കലക്ടറേറ്റിൽ കടന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഓടിയെത്തിയാണ് ഇവരെ തടഞ്ഞത്.
ഉടൻ ടൗൺ എസ്‌ഐ പി.പി ഷമീമും സ്ഥലത്തെത്തി. പ്രകടനമായി ഇവിടെ വന്ന് ശരിയായില്ലെന്നും കേസെടുക്കുമെന്നും എസ്‌ഐ പറഞ്ഞു.എംഎൽഎ അടക്കമുള്ള ആളുകളോട് കലക്ടറേറ്റിൽ നിന്ന് ഇറങ്ങി പോകാനും പൊലീസ് ആവശ്യപ്പെട്ടു. തുടർന്നാണ് എംഎൽഎയും എസ്‌ഐയും തമ്മിൽ വാക്കേറ്റമുണ്ടായത്.
കലക്ടറേറ്റിനുള്ളിൽ വെച്ച് ഉദ്ഘാടനത്തിനായി വിജിൻ മൈക്ക് കയ്യിലെടുത്തതോടെ എസ്‌ഐ തടഞ്ഞു. സംഭവത്തിൽ മുഴുവൻ ആളുകൾക്കെതിരേയും കേസെടുക്കണമെന്നും പങ്കെടുത്ത എല്ലാവരുടേയും പേരുകൾ എഴുതിയെടുക്കണമെന്നും എസ്‌ഐ പറഞ്ഞു. തുടർന്ന് എംഎൽഎയോട് നിങ്ങളുടെ പേരെന്താണ് എന്ന് ചോദിച്ചത് വിജിനെ പ്രകോപിപ്പിച്ചു. പൊലീസിന്റെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്നും 'സുരേഷ് ഗോപി കളിക്കരുതെന്നും' എംഎൽഎ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഭാരവാഹികളടക്കം 100 പേർക്കെതിരെ പൊലീസ് കേസെടുത്തത്. കുറ്റംചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിച്ചുവെന്നാണ് എഫ്.ഐ.ആർ. അതേസമയം എംഎൽഎക്കെതിരെ കേസില്ല.
അതേസമയം സംഭവത്തിൽ എംഎൽഎയെ പിന്തുണച്ചു സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തുവന്നു. എംഎൽഎയ അപമാനിക്കുന്ന വിധത്തിൽ പൊലീസ് പെരുമാറിയെന്നാണ് എം വി ജയരാജൻ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ