- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഒരു രൂപയെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് എടുത്തിട്ടുണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു; ലോകത്തിന്റെ വിവിധ ഭാഗത്തുള്ള എന്റെ സുഹൃത്തുക്കൾ സംഭാവനകൾ നൽകുന്നുണ്ട്; പണമുണ്ടാക്കാൻ ആണെങ്കിൽ മാജിക് പ്രൊഫഷൻ മതിയായിരുന്നു: ആരോപണങ്ങൾക്ക് മുതുകാടിന്റെ മറുപടി
തിരുവനന്തപുരം: മലയാളികൾ അഭിമാനമായി കാണുന്ന വ്യക്തിത്വമാണ് ഗോപിനാഥ് മുതുകാട് എന്ന മജീഷ്യൻ. ലോകപ്രസിദ്ധനായ മജീഷ്യനാണ് അദ്ദേഹം. തന്റെ സ്വപ്‌നമായ മാജിക് പ്ലാനറ്റ് സ്ഥാപിച്ച ശേഷം മാജിക്ക് എന്ന പ്രൊഫഷനിൽ നിന്നും അദ്ദേഹം പിൻവാങ്ങി. ഇപ്പോൾ മുന്നൂറോളം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും കൺകണ്ട് ദൈവമാണ് അദ്ദേഹം. ഇതിനിടെയാണ് ഏതാനും ദിവസങ്ങളായി മുതുകാടിനെ അവഹേളിക്കുന്ന വിധത്തിൽ പ്രചരണങ്ങൾ സൈബർലോകത്ത് നടക്കുന്നത്.
മുതുകാട് തന്റെ സ്ഥാപനം മറയാക്കി കേന്ദ്ര - സംസ്ഥാന ഫണ്ടുകൾ തട്ടുന്നു എന്ന വിധത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുമുയർന്ന ഈ ആരോപണഭങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി മുതുകാട് രംഗത്തുവന്നു. ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയ്ക്ക് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളുകയാണ് അദ്ദേഹം.
തിരുവനന്തപുരത്ത് സ്ഥാപിച്ച് ലോകശ്രദ്ധ നേടിയ മാജിക് പ്ലാനറ്റിന് പിന്നാലെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അന്തരാഷ്ട്ര നിലവാരത്തിലുള്ള ഒരു അക്കാദമി സ്ഥാപിക്കാൻ കാസർക്കോട്ട് ഏക്കർകണക്കിന് സ്ഥലമെടുത്ത് നൂറുകോടിയുടെ പദ്ധതിയുമായി നിരന്തരമായ ആലോചനകളിൽ മുഴുകിയിരിക്കെയാണ് അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായത്. ദി അക്കാദമി ഓഫ് മാജിക്കൽ സയൻസസ് എന്നത് ഒരു ചാരിറ്റബ്ൾ സൊസൈറ്റിയാണെന്നും ഇതിന്റെ പ്രവർത്തനങ്ങളെല്ലാം കൃത്യമാണെന്നും മുതുകാട് വിശദീകരിക്കുന്നു.
ചാരിറ്റബിൽ സൊസൈറ്റിയുടെ ഭാഗമായി ലഭിക്കുന്ന പണത്തിൽ ഞാൻ ഒരു രൂപയെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് എടുത്തിട്ടുണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും മുതുകാട് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയത് വീഡിയോയിൽ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള എന്റെ സുഹൃത്തുക്കൾ സംഭാവനകൾ നൽകുന്നുണ്ട്. പണമുണ്ടാക്കാൻ ആണെങ്കിൽ മാജിക് പ്രൊഫഷൻ തന്നെ മതിയായിരുന്നുവെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്ത്.
തനിക്കെതിരായ കല്ലേറുകളിൽ പ്രതികരിച്ചു കൊണ്ട് മുതുകാട് പറയുന്നത് ഇങ്ങനെയാണ്:
പുതുവത്സരത്തിൽ തന്നെ ഇത്തരം ചില കാര്യങ്ങൾ സംസാരിക്കേണ്ടി വന്നതിൽ വിഷമമുണ്ട്. ഇന്നലെയും മെനിയാന്നും ഞാൻ കാസർക്കോട്ടായിരുന്നു. അതുകൊണ്ടാണ്, ഇന്ന് തിരുവനന്തപുരത്ത് വന്നശേഷം ഈ കാര്യങ്ങൾ വിശദീകരിക്കാമെന്ന് കരുതിയത്.
സോഷ്യൽ മീഡിയയിൽ ഡിഫ്റന്റ് ആർട്സ് സെന്റർ എന്നും വ്യക്തിപരമായി എനിക്കും നേരെ ചില ആക്ഷേപങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. ആ ആക്ഷേപം ഉന്നയിച്ചവരുടെ അപക്വമായ വാക്കുകൾക്ക് ഞാൻ മറുപടി പറയേണ്ടതില്ലെന്ന് കരുതിയാണ് ഇത്രയും നാൾ മിണ്ടാതിരുന്നത്. എന്നാൽ, ഡിഫറന്റ് ആർട്സ് സെന്ററിനെയും കാസർകോട്ട് തുടങ്ങാനിരിക്കുന്ന പ്രസ്ഥാനത്തെയും ധനസഹായം നൽകി ചേർത്തുപിടിച്ച നൂറുകണക്കിനാളുകളും അഭ്യുദയകാംക്ഷികളും സർക്കാർ തലത്തിലുള്ള അധികാരികളുമൊക്കെ ഈ വാർത്ത കേട്ട് തെറ്റിദ്ധരിക്കുന്നുണ്ടാവും എന്ന് കരുതി ഈ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കിയാണ് ഞാൻ സംസാരിക്കുന്നത്.
ദി അക്കാദമി ഓഫ് മാജിക്കൽ സയൻസസ് എന്നത് ഒരു ചാരിറ്റബ്ൾ സൊസൈറ്റിയാണ്. 1996-ലാണിത് രജിസ്റ്റർ ചെയ്തത്. അന്നുമുതൽ എല്ലാവർഷവും മുടക്കമില്ലാതെ ഇൻകം ടാക്സ് അനുസരിച്ച് ടാക്സ് റിട്ടേൺ സമർപ്പിക്കുകയും കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതനുസരിച്ച് വിദേശത്തുനിന്ന് സംഭാവനകൾ സ്വീകരിക്കാൻ അടക്കം അനുവാദമുള്ള ഒരു സൊസൈറ്റിയാണിത്. കൂടാതെ സി.എസ്.ആർ ഫണ്ട് സ്വീകരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ അനുമതിയുമുണ്ട്.
മാജിക് എന്ന കല സംഗീത നാടക അക്കാദമിയുടെ പരിധിയിൽ വരുന്നതുകൊണ്ടും അത് സംസാസ്‌കാരിക വകുപ്പിന് കീഴിലായതുകൊണ്ടും ആദ്യകാലം മുതൽ തന്നെ സാംസ്‌കാരിക വകുപ്പിന്റെ ഗ്രാന്റിന് വേണ്ടി ഞങ്ങൾ അപേക്ഷ സമർപ്പിക്കാറുണ്ട്. എന്നാൽ, അതെല്ലാം നിരസിക്കുകയായിരുന്നു.
കിൻഫ്ര ഫിലിം വീഡിയോ പാർക്കിൽ 2014-ൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് മാന്യമായ ഒരു ജീവിതം നൽകുക എന്ന ലക്ഷ്യത്തോടെ ഈ മാജിക് പ്ലാനറ്റ് നിലവിൽ വന്ന ശേഷവും വർഷങ്ങൾ കഴിഞ്ഞാണ് കുറേശ്ശെയായി ഗ്രാന്റ് ലഭിച്ചു തുടങ്ങിയത്. ആറുവർഷം മുമ്പാണ് ബജറ്റിൽ തുക വകയിരുത്തി തുടങ്ങിയത്. ഓരോ വർഷവും കിട്ടിയ തുകക്ക് കൃത്യമായ ഓഡിറ്റ് റിപോർട്ട് സാംസ്‌കാരിക വകുപ്പിന് സമർപ്പിക്കുകയും അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടുത്ത ബജറ്റിൽ തുക അനുവദിക്കുകയുമാണുണ്ടായത്. ബജറ്റിൽ അനുവദിച്ച തുക ലഭിക്കാനുള്ള നൂലാമാല എത്രയാണെന്ന് ബന്ധപ്പെട്ട എല്ലാവർക്കും അറിയുമായിരിക്കും. എത്രയോ ഉദ്യോഗസ്ഥർക്കും ഗവൺമെന്റിനും കൃത്യമായി ബോധ്യപ്പെട്ടാലെ തുക പ്രഖ്യാപിച്ചാലും അത് അനുവദിക്കൂ എന്നും നാം മനസ്സിലാക്കണം.
കഴിഞ്ഞ ബജറ്റിൽ സ്ഥാപനത്തിന് അനുവദിച്ച 75 ലക്ഷത്തിൽ 18.75 ലക്ഷം രൂപ അനുവദിച്ചുകിട്ടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ട്രഷറി അക്കൗണ്ടിൽനിന്ന് അത് ഇതുവരെയും എടുക്കാൻ നമുക്കായിട്ടില്ല. സർക്കാർ ഗ്രാന്റ് സംബന്ധമായ എല്ലാ ഓഡിറ്റ് റിപോർട്ടുകളും സാമ്പത്തിക രേഖകളും ഉത്തരവാദപ്പെട്ട ആർക്കും എപ്പോഴും പരിശോധിക്കാവുന്ന രീതിയിൽ ഇവിടെയുണ്ട്. മറ്റൊരു ആരോപണം, ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട പെൻഷൻ പോലും മുടങ്ങുമ്പോൾ സാമൂഹ്യ നീതിവകുപ്പ് എങ്ങനെ ഇങ്ങനെയൊരു സ്ഥാപനത്തിന് മാത്രമായി തുക അനുവദിച്ചുവെന്നാണ് ചോദ്യം.
അതിലേക്ക് കടുക്കുംമുമ്പ് ഒന്നു-രണ്ട് കാര്യങ്ങൾ ചുരുക്കിപ്പറയാം. ഡോ. മുഹമ്മദ് അഷീൽ കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ എക്സിക്യൂട്ടീവ് ഡയരക്ടറായിരുന്ന കാലത്താണ് ഒരു പ്രത്യേക സാഹചര്യത്തിന്റെ തുടർച്ചയായി (വിശദാംശങ്ങളിലേക്ക് പോകുന്നില്ല) ഭിന്നശേഷിയുള്ള കുട്ടികളെ മാജിക് പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കാൻ സഹായിക്കക്കണമെന്ന് പറഞ്ഞ് ഞാൻ സമീപിച്ചത്. അന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അനുമതിയോടുകൂടി മാജിക് അക്കാദമി ആ ഉത്തരവാദിത്തം ഏറ്റെടുത്തു. സാമൂഹ്യനീതി വകുപ്പ് ആ മക്കളുടെ അരങ്ങേറ്റത്തോടൊപ്പം അനുയാത്ര ക്യാമ്പയിന്റെ അംബാസഡർമാരായി ഈ കുട്ടികളെ പ്രഖ്യാപിച്ചു. അവിടെ അവസാനിപ്പിക്കാമായിരുന്ന ആ മാജിക് പഠനം. ആ കുട്ടികളിൽ ചിലർക്കെങ്കിലും ജോലി നൽകണം എന്ന ലക്ഷ്യത്തോടെ, മാജിക് പ്ലാനറ്റിന് ഒരു എംപവർ സെന്ററുണ്ടാക്കാനായി സാമൂഹ്യ സുരക്ഷാ മിഷനും കിൻഫ്രയും മാജിക് അക്കാദമിയും ചേർന്ന് ഒരു ട്രൈ പാർട്ടി അഗ്രിമെന്റ് ഉണ്ടാക്കുകയും കെ.എസ്.എസ്.എമ്മിന്റെ ഇന്നവേഷൻ ഫണ്ടിൽനിന്ന് ഒരു ചെറിയ തുകയെടുത്ത് 2017-ൽ കുട്ടികൾക്ക് പെർഫോമേഴ്സ് ആയി ജോലി ചെയ്യാനുള്ള ഒരു സ്ഥലം ഇവിടെ ഉണ്ടാക്കുകയുംചെയ്തു.
അവിടെയാണ് ഈ മേഖലയിലേക്കുള്ള എന്റെ യാത്ര തുടങ്ങുന്നത്. പിന്നീട് ഏകദേശം 25 കോടിയോളം മുടക്കി ഡിഫറന്റ് ആർട്സ് സെന്ററും ഇവിടെയുള്ള യൂനിവേഴ്സൽ എംപവർമെന്റ് സെന്ററും ഒക്കെ ഉണ്ടാക്കിയെങ്കിലും സാമൂഹ്യനീതി വകുപ്പിൽനിന്ന് ഒരു രൂപ പോലും ആവശ്യപ്പെട്ടുമില്ല, അനുവദിച്ചിട്ടുമില്ല. പറഞ്ഞുവരുന്നത് ഇവിടെ ഇങ്ങനെയൊരു സ്ഥാപനം ഉള്ളതുകൊണ്ട് ഭിന്നശേഷിക്കാർക്കുള്ള ഒരു ആനുകൂല്യവും ഈ സ്ഥാപനം കൈപ്പറ്റുന്നില്ല എന്നതാണ്.
ഏറെ വിഷമം ഉണ്ടാക്കിയ വേറൊരു കാര്യം...ഞാനീ ചാരിറ്റബിൾ സൊസൈറ്റിയിൽ അഴിമതി നടത്തുന്നുവെന്ന ആരോപണമാണ്:
ഞാൻ ഒരു രൂപയെങ്കിലും ഈ ചാരിറ്റബ്ൾ സൊസൈറ്റിയിൽനിന്ന് കഴിഞ്ഞ 27 വർഷത്തിനിടയിൽ വ്യക്തിപരമായ ആവശ്യത്തിന് എടുത്തിട്ടുണ്ടെന്ന് തെളിയിക്കാൻ ഞാൻ ആരോപണം ഉന്നയിക്കുന്നവരെ വെല്ലുവിളിക്കുന്നു. 27 വർഷമായി ഞാൻ ഈ സ്ഥാപനത്തിന്റെ അമരത്തുണ്ട്. ഇതുവരേ ഞാൻ ഒരു രൂപ പോലും ശമ്പളം കൈപ്പറ്റിയിട്ടില്ല. മാജിക് പ്ലാനറ്റിന്റെ നിർമ്മാണഘട്ടത്തിൽ സാമ്പത്തിക പിരിമുറുക്കത്തിൽ വീട് പോലും വിൽക്കേണ്ടിവന്ന സാഹചര്യം ഉണ്ടായവനാണ് ഞാനും എന്റെ കുടുംബവും. ആ പണം മുഴുവൻ ഞാൻ നൽകിയത് ഈ സൊസൈറ്റിയിലേക്കാണ്. മാജിക് ഷോ നടത്തിയപ്പോൾ കിട്ടിയ പണം മുഴുവുൻ ഒഴുക്കിയതും ഈ സൊസൈറ്റിയിലേക്കാണ്. ഇന്ന് ഞങ്ങൾ താമസിക്കുന്നത് ഒരു ചെറിയ ഫ്‌ളാറ്റിലാണ്. ഒരു 30 സെന്റ് സ്ഥലം എന്റെ പേരിലുണ്ടായിരുന്നത് ഈ സൊസൈറ്റിയുടെ പേരിൽ എഴുതി രജിസ്റ്റർ ചെയ്തുകൊടുത്ത് അവിടെ 16 വീടുകളുണ്ടാക്കി. ഇന്നവിടെ താമസിക്കുന്നത് ഇവിടുത്തെ കുട്ടികളുടെ കുടുംബവും ആർട്ടിസ്റ്റുകളുമാണ്. ഒരു രൂപ പോലും ഇതുവരെയും ആരിൽനിന്നും അതിന്റെ പേരിലും ഈടാക്കിയിട്ടില്ല.
എന്റെ ഭാര്യയുടെ പേരിലുള്ള 14 സെന്റ് ഭൂമിയും ഈ സൊസൈറ്റിയുടെ പേരിൽ എഴുതി വാങ്ങി അവിടെ വീട് പണി പൂർത്തിയാക്കി വരികയാണ്. ഇതെല്ലാം കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. മോട്ടിവേഷൻ പ്രോഗ്രാമിന് പോകുമ്പോൾ സംഘാടകർ എനിക്കു തരാറുള്ള പണം, ഏതെങ്കിലും അവാർഡുകളുടെ പേരിലുള്ള സമ്മാനത്തുക പോലും ഞാൻ ഈ സൊസൈറ്റിയിലേക്ക് കൊടുത്തോളൂ എന്നാണ് പറയാറുള്ളത്.
ജാലവിദ്യ പരിപാടി നടത്തിയപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃദ്ബന്ധങ്ങളിലൂടെ തീർച്ചയായും ഒരുപാട് പേർ ഈ പ്രസ്ഥാനത്തിലേക്ക് സംഭാവന നൽകുന്നുണ്ട്. അതിനെല്ലാം കൃത്യമായി റസീപ്റ്റ് നൽകി, ഓഡിറ്റ് ചെയ്താണ് മുന്നോട്ടുപോകുന്നത്. ഇനി മാജിക് പ്ലാനറ്റിൽ വരുന്നവർക്ക് സംഭാവന നൽകണമെന്ന് തോന്നിയാൽ അവിടെയും പ്രത്യക കൗണ്ടറുണ്ട്. അവിടെയും പണമായി സ്വീകരിക്കില്ലെന്നും എല്ലാം അക്കൗണ്ട് മുഖേന മാത്രമേ പാടുള്ളുവെന്നും വ്യക്തമായി കാണിച്ചിട്ടുണ്ട്. അങ്ങനെ മാത്രമെ ചെയ്യുന്നുള്ളൂ. അതിനുള്ള റസീപ്റ്റ് ആ സമയത്തുതന്നെ അവിടുന്ന് നൽകുന്നുമുണ്ട്.
ഇനി മറ്റൊരു ആരോപണം: ഇവിടെ കാര്യമായ പ്രശ്നങ്ങളുള്ള കുട്ടികൾ ഇല്ലെന്നും ഓട്ടിസം ബാധിച്ചുള്ള കുട്ടികൾ ഇല്ലെന്നും ഉള്ളവർക്കുതന്നെ ഒരു മാറ്റവും ഇല്ലെന്നുമാണ്. അതോടൊപ്പം ഞാൻ കുട്ടികളെ തട്ടിമാറ്റുന്നുവെന്നുമാണ്.
ഇതിനുള്ള മറുപടി പറയേണ്ടത് ഞാനല്ല, ഇവിടെയുള്ള കുട്ടികളുടെ മാതാപിതാക്കളാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തേണ്ടത്. എന്റെ കാഴ്ചപ്പാടിൽ ഇവിടെ വരുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടികൾക്ക് ഒരുപാട് മാറ്റം വന്നതായാണ് എനിക്കും ഇവിടുത്തെ അദ്ധ്യാപകർക്കും സ്റ്റാഫിനും ഡോക്ടേഴ്സിനും തെറാപ്പിസ്റ്റുകൾക്കുമെല്ലാം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളത്. അസസ്മെന്റ് റിപോർട്ടുകളിലൂടെ ഗവൺമെന്റ് ഏജൻസികളായ ഐകോൺസും ചൈൽഡ് ഡവലപ്മെന്റ് സെന്ററും ആ റിപോർട്ട് പുറത്തുവിട്ടിട്ടുണ്ട്.
ഇവിടെ കുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഡിസിബിലിറ്റി സർട്ടിഫിക്കറ്റ് പ്രകാരം ഓട്ടിസം, സെറിബ്രൽ പാഴ്സി, ഇന്റലക്ച്വൽ ഡിസിബിലിറ്റി, കാഴ്ച-കേൾവി പരാധീനതകളുള്ളവർ അടക്കം പല തരത്തിലുള്ള വൈകല്യങ്ങളുള്ള മക്കൾ ഇവിടെയുണ്ട്. എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാത്തത് എന്തുകൊണ്ട് എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.
നോക്കൂ, ഇത് ഡിഫറന്റ് ആർട്ട് സെന്റർ ആണ് എന്ന് മനസ്സിലാക്കുക. കലാപരമായി കുട്ടികളെ പരിശീലിപ്പിക്കുകയും കലാപരമായി അവരെ സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം. അതല്ലാതെ ഭിന്നശേഷി മേഖലയിലെ മുഴുവൻ പ്രശ്നങ്ങളും ഏറ്റെടുക്കാമെന്ന് നമ്മൾ എവിടെയും പറഞ്ഞിട്ടില്ല. ഇത് ഭിന്നശേഷിക്കാർക്ക് സ്പെഷ്യൽ എഡ്യുക്കേഷൻ കൊടുക്കുന്ന ഒരു സ്‌കൂൾ അല്ലെന്നു മനസ്സിലാക്കണം. അതുകൊണ്ടുതന്നെ സാധാരണ സ്പെഷ്യൽ സ്‌കൂളുകൾക്ക് അവകാശപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യനീതി വകുപ്പിന്റെയോ കേന്ദ്ര ഗവൺമെന്റിന്റെ ഡി.ഡി.ആർസിന്റെയോ ഗ്രാന്റ് ഈ സ്ഥാപനം ഇതുവരെയും സ്വീകരിച്ചിട്ടില്ല. സാധാരണ ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്ന ഈ ഗ്രാന്റുകളൊന്നും സ്ഥാപനം സ്വീകരിച്ചിട്ടില്ലെന്നാണ് പറയുന്നത്.
ഒപ്പം, ഇവിടെയുള്ള കുട്ടികളുടെ ഏതെങ്കിലും കുടുംബത്തിൽനിന്ന് ഇതുവരെ ഒരു രൂപ പോലും ഫീസായോ മറ്റേതെങ്കിലും പേരിലോ സ്ഥാപനം വാങ്ങിയിട്ടില്ല. കുട്ടികൾക്കും മാതാപിതാക്കൾക്കും ഇവിടുത്തെ മുഴുവൻ സ്റ്റാഫിനും സൗജന്യമായാണ് ഭക്ഷണം നൽകുന്നത്. എല്ലാ കുട്ടികൾക്കും അവരുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും ഒരു തുക സ്‌റ്റൈപ്പന്റായി മുടങ്ങാതെ നൽകുന്നുണ്ട്. മുഴുവൻ യൂനിഫോമും വാങ്ങിക്കൊടുക്കുന്നുണ്ട്. അവർക്കു വന്നുപോകാനായി വാഹനം സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഏറ്റവും നല്ല രീതിയിൽ തെറാപ്പി നൽകാനായി ആർ.സിഐ അംഗീകാരമുള്ള ഉഗ്രൻ തെറാപ്പിസ്റ്റുകളും സംവിധാനവും തികച്ചും സൗജന്യമായി ഇവിടെയുണ്ട്. പുറത്തുനിന്ന് വരുന്നവർക്കും സൗജന്യമായി തെറാപ്പി നൽകുന്നുണ്ട്. ഇവിടെയുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും മാത്രമല്ല പുറമെയുള്ള ഭിന്നശേഷി സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും ഈ ഡിഫ്റന്റ് ആർട്സ് സെന്റർ സഹായം നൽകുന്നുണ്ട് എന്നും മനസ്സിലാക്കുക.
കുട്ടികളുടെ മാതാപിതാക്കളെ സഹായിക്കാനായി കരിസ്മ എന്ന പേരിൽ ഒരു ചാരിറ്റബ്ൾ സൊസൈറ്റി രജിസ്റ്റർ ചെയ്ത് അവർ തന്നെ ജോലിചെയ്ത് ഉപജീവനമാർഗം കണ്ടെത്തുവാനുള്ള സ്ഥലവും ഉപകരണങ്ങളും സ്ഥാപനങ്ങളും മാർഗങ്ങളും ഒരുക്കിക്കൊടുത്തിട്ടുമുണ്ട്. അതിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും നടത്തുന്നത് ഈ കുട്ടികളുടെ മാതാപിതാക്കൾ മാത്രമാണ്. നമ്മൾ അതിനകത്ത് ഇടപെടുന്നില്ല. ഇതെല്ലാം സാധിക്കുന്നത് ഒരുപാട് നല്ല മനുഷ്യരുടെ സഹായവും സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചാണ്.
കുട്ടികളെ പ്രദർശിപ്പിക്കുന്നു എന്നാണ് മറ്റൊരു ആരോപണം.
മാജിക് പ്ലാനറ്റിലേക്ക് വരുന്ന ആളുകൾ ഈ മക്കളുടെ കലാവൈഭവം കാണുന്നതാണ് അവരിലുണ്ടാക്കുന്ന വലിയ മോട്ടിവേഷനും മാറ്റത്തിനും കാരണമെന്ന് ശാസ്ത്രീയമായി തന്നെ സർക്കാർ ഏജൻസിയായ ചൈൽഡ് ഡവല്പമെന്റ് സെന്റർ റിപോർട്ട് ചെയ്തതാണ്. ഇ മക്കളെ എവിടെയെങ്കിലും ഒളിച്ചുവെക്കുകയല്ല, സമൂഹത്തിലേക്ക് ഇറക്കിക്കൊണ്ടുവരികതന്നെയാണ് ചെയ്യേണ്ടതെന്നാണ് സ്ഥാപനം ഉറച്ചു വിശ്വസിക്കുന്നത്.
ആദ്യം വന്ന കുട്ടികൾ ഇപ്പോൾ ഇവിടെ ജീവനക്കാരാണ്. ഒൻപത് ലക്ഷത്തോളം അവർ ശമ്പളം വാങ്ങിക്കഴിഞ്ഞു. ഒരുവിഭാഗം കുട്ടികൾ കമ്പ്യൂട്ടറിൽ പരിശീലനം നേടുന്നു. വേറെ കുട്ടികൾക്കായി ഈ മാസംതന്നെ ഒരു റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാൻ പോകുന്നു. ഇതിലൂടെയെല്ലാം ഈ മക്കളെ സ്വയം പര്യാപ്തരാക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് മുന്നിലുള്ളത്. ഇതിലപ്പുറം ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്
പ്രാണവായുവായ മാജികിനെ പോലും ഉപേക്ഷിച്ച് ഈ മേഖലയിലേക്ക് കടന്നുവന്നവനാണ് ഞാൻ. പണമുണ്ടാക്കാനാണ് എന്റെ ലക്ഷ്യമെങ്കിൽ ആ പ്രൊഫഷൻ മാത്രം കൊണ്ടുനടന്നാൽ മതിയായിരുന്നു. ഇന്നും മാജിക് നന്നായി കൊണ്ടുനടക്കാനോ അതിനുള്ള ഭാവനാശേഷിക്കോ എനിക്ക് യാതൊരു കുറവുമില്ല. സമ്പന്നമായി ജീവിക്കാമായിരുന്നു. അങ്ങനെ ചെയ്താൽ ആരും ഇത്തരമൊരു ആരോപണം ഉന്നയിക്കുമായിരുന്നില്ല. 1994 മുതൽ ഞാൻ വ്യക്തിപരമായി ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നുണ്ട്. എല്ലാം കൃത്യമാണെങ്കിൽ കോടീശ്വരനായി ജീവിക്കാൻ നമ്മുടെ രാജ്യത്ത് ഒരു ബുദ്ധിമുട്ടുമില്ല.
പക്ഷേ, ഇനിയുള്ള ജീവിതം ഇവർക്കായി സമർപ്പിക്കണമെന്ന് ഒരു നിമിഷം തോന്നിപ്പോയി. മാജിക് ഉപേക്ഷിച്ചതും ഒരമ്മ പറഞ്ഞ വാക്കുകൾ കേട്ട് മനസ്സ് മാറിയതും ഇതിനൊക്കെ ആയിരുന്നോ എന്നെനിക്ക് തോന്നുന്നുണ്ട്.
ആരോപണത്തിൽ ഉന്നയിച്ചതുപോലെ ഇയാൾക്ക് ഓട്ടിസത്തെക്കുറിച്ച് എന്തറിയാം എന്ന് ചോദിക്കുന്നവരുടെ ഈ കേരളത്തിൽ ഇതൊന്നും ആർക്കും ആവശ്യമുണ്ടായിരുന്നില്ലെന്നും തോന്നുന്നുണ്ട്. പല രാജ്യങ്ങളിലും യാത്ര ചെയ്ത് പലരുടെയും കാലുപിടിച്ച് ആ രാജ്യങ്ങൾ ചെയ്യുന്ന മഹത്തായ പല കാര്യങ്ങളും നമ്മുടെ നാട്ടിൽ നടപ്പാക്കണമെന്നും വ്യത്യസ്തമായ ഒരു ഭിന്നശേഷി സംസ്‌കാരം രൂപപ്പെടുത്തണമെന്നും ആഗ്രഹിക്കേണ്ടിയിരുന്നില്ലെന്നും തോന്നുന്നു.
പണ്ട് മാജിക് രംഗത്ത് ഉണ്ടായിരുന്നപ്പോൾ പല രാജ്യങ്ങളിൽ ഉണ്ടാക്കിയെടുത്ത ഊഷ്മള ബന്ധങ്ങളിലൂടെ മാത്രമമാണ് ഇത്രയെങ്കിലും മുന്നോട്ടു പോകാനായത്. പലരും സംഭാവന ചെയ്യുന്ന സഹായങ്ങൾ എന്നിലൂടെ ഈ മക്കൾക്ക് ഉപകാരപ്രദമാവട്ടെ എന്നു മാത്രമാണ് ആഗ്രഹിച്ചത്. അതിൽനിന്ന് ഒരു രൂപ പോലും എനിക്കോ എന്റെ കുടുംബത്തിനോ എടുക്കാനാവില്ല. ഇതൊരു ചാരിറ്റബ്ൾ സൊസൈറ്റിയാണ്. ഇന്ന് ഞാനതിന്റെ എക്സിക്യൂട്ടീവ് ഡയരക്ടർ ആണെങ്കിൽ നാളെ മറ്റൊരാൾ വരും.
ഞാൻ ഈ ഭൂമിയിൽനിന്ന് പോയാലും ഈ പ്രസ്ഥാനം ഇവിടെ നിലനിൽക്കും; നിലനിൽക്കണം. ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ ഇനി എന്തു ചെയ്യണം എന്ന് ഞാൻ സ്വയം ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. ഇവിടെ കുട്ടികളെയും അവരുടെ കുടുംബത്തെയും ഇപ്പോൾ ഇവർക്കു കിട്ടുന്ന ഇതേ സൗകര്യത്തോടെ സംരക്ഷിക്കാൻ ആരെങ്കിലും മുന്നോട്ടു വരികയാണെങ്കിൽ നിറഞ്ഞ സന്തോഷം. പലരുടെയും സാമ്പത്തിക സഹായത്തോടെ ഈ ചാരിറ്റബ്ൾ സൊസൈറ്റിയുടെ പേരിൽ കാസർകോട് മടിക്കൈയിൽ വാങ്ങിയ 20 ഏക്കർ സ്ഥലത്തും പണിയൊന്നും നാം തുടങ്ങിയിട്ടില്ല. ഭൂമി മാത്രമേ വാങ്ങിയിട്ടുള്ളൂ.
100 കോടിയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്ന ആ മാതൃകാസ്ഥാപനം സഫലമാക്കാൻ ഇനി എത്ര വെയില് കൊള്ളണമെന്നും ഇനിയെത്ര ഉറക്കമിളക്കണമെന്നും ആരുടെയൊക്കെ കാലുപിടിക്കേണ്ടിവരുമെന്നും എനിക്കറിഞ്ഞൂകുടാ. അതും അറിവുള്ള ആരെങ്കിലും ഏറ്റെടുക്കാൻ മുന്നോട്ടുവന്നാൽ സന്തോഷം. ഇല്ലെങ്കിൽ വെറുതെ അനാവശ്യമായ അപവാദങ്ങൾ ഉന്നയിക്കരുത്. സംശയമുള്ളവർക്ക് ഇവിടെ വരാം. സംശയങ്ങൾ തീർക്കാം. ഇവിടെ നടക്കുന്ന കാര്യങ്ങൾ കാണാം, മനസ്സിലാക്കാം, അനുഭവിക്കാം.
അതല്ലാതെ, ഇവിടെ പ്രവേശനം ലഭിക്കാത്തവരും പലവിധത്തിലുള്ള സഹായം ആവശ്യപ്പെട്ടപ്പോൾ അത് നൽകാത്തതിന്റെ പേരിൽ പിണക്കമുള്ളവരും തക്കതായ കാരണങ്ങളാൽ ഇവിടെയുള്ള ജോലിയിൽനിന്ന് പിരിച്ചുവിട്ടവരും ഉന്നയിക്കുന്ന കാര്യങ്ങൾ മാത്രം കേട്ട്, അതിനേക്കാൾ വലിയ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നവർ ഒന്നോർക്കുക:
നിങ്ങൾ ചവിട്ടി മെതിക്കുന്നത് എത്രയോ കുട്ടികളെയാണ്. ഇന്ന് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന എത്രയോ കുടുംബങ്ങളെയാണ്. ഇവിടെ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന എത്രയോ കുടുംബങ്ങളെയാണ്, കാലങ്ങളായി കാസർക്കോടിന്റെ മണ്ണിൽ എൻഡോസൾഫാന്റെ ദുരിതത്തിൽ പെട്ടുഴലുന്ന എത്രയോ മാതാപിതാക്കളുടെ പ്രതീക്ഷകളെയാണ് നിങ്ങൾ തകർത്തെറിയുന്നത്.
എനിക്ക് ഇതുപോലെയുള്ള ഒരു മകനോ മകളോ ഉള്ളതിന്റെ പേരിലല്ല ഞാൻ ഈ മേഖലയിലേക്ക് വന്നത്. ധാർമികമായ ഒരു ഉത്തരവാദിത്തത്തിന്റെ പേരിൽ മാത്രമാണ്. മാജിക് ഉപേക്ഷിക്കാൻ തീരുമാനിച്ചതുപോലെ ഈ മേഖലയിൽനിന്ന് പിന്മാറിയാൽ നഷ്ടം സംഭവിക്കുക എത്രയോ കുട്ടികൾക്കാണ്. ആണയിട്ട് വീണ്ടും വീണ്ടും ഞാൻ പറയുന്നു: ഇവിടെ എല്ലാം സുതാര്യമാണ്. അത് നേരിട്ടറിയാൻ എല്ലാവർക്കും സ്വാഗതം. ഗേറ്റ് തുറന്നുവെച്ചിരിക്കുകയാണ്.
സ്നേഹം, നന്ദി...
മറുനാടന് മലയാളി ബ്യൂറോ