കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ നടക്കുന്നതെല്ലാം ഞെട്ടിപ്പിക്കും ക്രിമിനൽ പ്രവർത്തനങ്ങൾ. ഒരു മാസത്തിനിടെയാണ് അക്രമങ്ങൾ വർദ്ധിച്ചത്. പൊലീസ് നടപടികൾ എടുക്കാത്തതും അക്രമം കൂട്ടി. അതിനിടെ കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവങ്ങളുടെ പുറത്തു വന്ന വീഡിയോ ഞെട്ടിക്കുന്നതാണ്. ഏകപക്ഷീയമായ ആക്രമണം എസ് എഫ് ഐയ്ക്ക് നേരെയുണ്ടായി എന്നാണ് ഇടതുപക്ഷം പറയുന്നത്. കത്തികുത്തിൽ പരിക്കേറ്റത് എസ് എഫ് ഐ നേതാവിനാണ് എന്നതും വസ്തുതയാണ്. എന്നാൽ ഇന്നലെ എസ് എഫ് ഐക്കാരും അഴിഞ്ഞാട്ടം നടത്തി. ഇതിന്റെ വീഡിയോയാണ് പുറത്തു വന്നത്.

ആംബുലൻസിൽ കയറിയുള്ള എസ്എഫ്ഐക്കാരുടെ മർദനത്തിൽ ബിലാൽ എന്ന പ്രവർത്തകനാണ് പരിക്കേറ്റത്. നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്ന് ബിലാൽ ആരോപിച്ചു. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ അമൽ, ബിലാൽ എന്നിവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് തൊട്ടടുത്തെ ജനറൽ ആശുപത്രിയിൽ ഇവർ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസിൽ കയറി എസ്എഫ്ഐ പ്രവർത്തകർ ആകമിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ഇതോടെ കോളേജിലെ അക്രമങ്ങളിൽ ഇരുകൂട്ടരും പങ്കാളിയായി എന്നാണ് വ്യക്തമാകുന്നത്. പരിക്കേറ്റ ഫ്രറ്റേണിറ്റിയുടെ പ്രവർത്തകനെ ആംബുലൻസിൽ കൊണ്ടു പോകാൻ ശ്രമിച്ചു. കെ എസ് യുക്കാരും ആംബുലൻസിലുണ്ടായിരുന്നു. കെ എസ് യു പ്രവർത്തകൻ അമൽ ടോമിക്കും ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനും ആംബുലൻസിൽ നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമാണ്. പൊലീസ് എത്തിയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതാക്കളെ ആംബുലൻസിലേക്ക് മാറ്റിയത്. പൊലീസ് കാവലുള്ളപ്പോൾ ആ അംബുലൻസിലേക്ക് എസ് എഫ് ഐക്കാർ ഇരച്ചു കയറി. ബിലാലിനെ മർദ്ദിച്ച് അവശനാക്കി. ആംബുലൻസിൽ അക്രമം പാടില്ലെന്ന പൊതു തത്വം പോലും എസ് എഫ് ഐ കാറ്റിൽ പറത്തി.

ഈ സാഹചര്യത്തിൽ കൂടിയാണ് എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. എസ്എഫ്ഐ നേതാവിനെ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്‌മാനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. വിദ്യാർത്ഥിനി അടക്കമുള്ളവർക്കെതിരെ വധശ്രമം അടക്കം ഒൻപത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

സംഭവത്തിൽ പ്രതികളായവരും ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ആംബുലൻസ് ആക്രമിച്ചവർക്കെതിരെ നടപടിയൊന്നും പൊലീസ് എടുക്കുന്നുമില്ല. മഹാരാജാസിൽ കുറച്ചു നാളുകളായി പരസ്പരം ഏറ്റുമുട്ടൽ നടക്കുന്നു. ഇരു വിഭാഗത്തുള്ളവർക്കെതിരേയും കൊലപാതക ശ്രമങ്ങളുണ്ടായി. എന്നാൽ എസ് എഫ് ഐ ആക്രമണങ്ങളിൽ പൊലീസ് നിസംഗത പുലർത്തി. ഇതാണ് കഴിഞ്ഞ ദിവസം വലിയ അക്രമങ്ങൾക്ക് കാരണമായതെന്നും സൂചനയുണ്ട്.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കുത്തേറ്റ നാസർ അബ്ദുൾ റഹ്‌മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘർഷമുണ്ടായതും നാസറിന് കുത്തേൽക്കുകയും ചെയ്തത്. വടി വാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം എന്നാണ് ആരോപണം. സാരമായി പരുക്കേറ്റ നാസറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലുള്ളത്.

14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്‌മാൻ പറഞ്ഞു. ഇതിനിടെയാണ് ആംബുലൻസിലെ അക്രമവും വീഡിയോയായി പുറത്തു വരുന്നത്. ചികിൽസയിലുള്ള ബിലാൽ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ പൊലീസ് കേട്ടഭാവം കാട്ടിയില്ല. ഇതിനിടെയാണ് പൊലീസ് സാന്നിധ്യത്തിലായിരുന്നു ആംബുലൻസ് ആക്രമണമെന്ന് തെളിയിക്കുന്ന വീഡിയോ വൈറലാകുന്നത്.