കൊച്ചി: എസ്എഫ്‌ഐ-കെ എസ് യു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. പ്രിൻസിപ്പൽ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

മഹാരാജാസ് കോളജിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർത്ഥികൾക്കും അദ്ധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഭാവിയിൽ കോളജിൽ ഇത്തരം സംഘർഷസാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർത്ഥി സർവ്വകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളജ് തുറന്നു പ്രവർത്തിപ്പിക്കും. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയതായും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം അർധരാത്രിയോടെ ക്യാംപസിലുണ്ടായ സംഘർഷത്തിനിടെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർത്ഥിയുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൽ നാസറിനാണു (21) വെട്ടേറ്റത്. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകൻ ഇന്ന് അറസ്റ്റിലായിരുന്നു.

ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ക്യാംപസിൽ വിദ്യാർത്ഥി കയ്യേറ്റം ചെയ്‌തെന്നും മൂർച്ചയുള്ള വസ്തു കൊണ്ടു പിന്നിൽ നിന്ന് ഇടിച്ചെന്നുമാണ് പരാതി. കോളജിലെ അസി. പ്രൊഫസറും കോളജ് യൂണിയൻ സ്റ്റാഫ് അഡൈ്വസറുമായ ഡോ. കെ.എം.നിസാമുദ്ദീനാണു മർദനമേറ്റത്. അദ്ധ്യാപകന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.