മാഹി : കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ കീഴിൽ വരുന്ന കണ്ണൂരിനും കോഴിക്കോടിനും നടുക്ക് കിടക്കുന്ന സ്ഥലമാണ് മാഹി. കോടികൾ ചിലവഴിച്ചിട്ടും എങ്ങുമെത്താത്ത മാഹി ഹാർബർ പ്‌ളാസ്റ്റിക്ക് മാലിന്യങ്ങളും ചെളിയും നിറഞ്ഞ് ഉപയോഗ ശൂന്യമാവുന്നു. മാഹി പാറക്കലിലെ ഗ്രാന്റ് കനാൽ വഴിയാണ് പ്‌ളാസ്റ്റിക്ക് അടങ്ങിയ മാലിന്യങ്ങൾ ഹാർബറിലേക്ക് ഒഴുകിയെത്തുന്നത്. മാലിന്യങ്ങൾ നിറഞ്ഞതിനാൽ ആർക്കും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഹാർബർ.

കനാലിന് കുറുകെ മാലിന്യങ്ങൾ ഹാർബറിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ വൻ തുക ചെലവാക്കി കോൺക്രീറ്റ് സ്ലാബുകളും, ഇരുമ്പു ഗ്രില്ലുകളും സ്ഥാപിച്ചിരുന്നുവെങ്കിലും, യഥാസമയം മാലിന്യം നീക്കാത്തതിനെത്തുടർന്ന് മാലിന്യം കെട്ടിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഗ്രിൽ മാറ്റുകയും ചെയ്തു. പിന്നീട് ഗ്രിൽ പുനഃസ്ഥാപിച്ചിരുന്നില്ല.

നിലവിൽ ഹാർബറിൽ മണ്ണും ചെളിയും നിറഞ്ഞ് ഹാർബറിനകം ആഴം തീരെ കുറഞ്ഞാണുള്ളത്. വലിയ ബോട്ടുകൾക്ക് വേലിയിറക്ക സമയത്ത് അകത്തേക്ക് കയറാനോ, പുറത്ത് പോവാനോ പറ്റാത്ത അവസ്ഥയാണ്. ഹാർബർ പദ്ധതി പ്രകാരം ഗ്രാന്റ് കനാൽ ഹാർബറിന്റെ തെക്ക് ഭാഗത്തേക്ക് കടലിലേക്ക് വഴി തിരിച്ചു വിടേണ്ടതാണ്. എന്നാൽ കനാൽ വഴിതിരിച്ചു വിടുന്ന പ്രവൃത്തി ഇത് വരെ നടന്നില്ല. മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും കൊണ്ടു നിറഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ മാഹി തീരപ്രദേശം.

നിലവിലെ സ്ഥിതി തുടർന്നാൽ ഏതാനും വർഷം കൊണ്ട് ഹാർബർ മണ്ണും ചെളിയും മൂടി മത്സ്യത്തൊഴിലാളികൾ യാതൊരു പ്രയോജനവുമില്ലാതായിത്തീരും. ഗ്രാന്റ് കനാൽ ഹാർബറിനകത്ത് നിന്നും വഴിതിരിച്ചു കടലിലേക്ക് വിടണമെന്നും, ഹാർബറിനകം മണ്ണും ചെളിയും നീക്കം ചെയ്ത്, ഹാർബർ നിർമ്മാണം പൂർത്തിയാക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.