തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ ഡിജിപിയുടെ വീട്ടിൽ പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ. അഞ്ചോളം പ്രവർത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്.

പൊലീസ് സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം. ഈ സമയം ഡിജിപി വീട്ടിലുണ്ടായിരുന്നു. വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. ഡിജിപിയുടെ വീടിന്റെ ഗേറ്റ് കടന്ന് മഹിളാ മോർച്ചാ പ്രവർത്തരെത്തിയത് പൊലീസ് സുരക്ഷയെ അപ്രസക്തമാക്കിയാണ്.

വണ്ടിപ്പെരിയാർ കേസിൽ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചെത്തിയ സമയം ആവശ്യത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഡിജിപിയുടെ വസതിയിൽ ഇല്ലായിരുന്നു. ശേഷം മ്യൂസിയം പൊലീസ് കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

പത്തുമണിക്ക് ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോർച്ച മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രവർത്തകർ ഡിജിപിയുടെ വസതിയിൽ പ്രതിഷേധവുമായെത്തിയത്. സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടർന്ന് ഡിജിപിയുടെ വീടിന്റെ സുരക്ഷ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ ഏൽപ്പിച്ചു.

പ്രതിഷേധക്കാർ വസതിയുടെ ഗേറ്റ് തള്ളിത്തറന്ന് അകത്ത് കയറുകയായിരുന്നു. ഇവരെ വനിതാ പൊലീസുകാർ തടഞ്ഞെങ്കിലും നിലത്തിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ 5 പേർ അറസ്റ്റിലായി. സംഭവത്തെ തുടർന്ന് ഡിസിപിയെയും മ്യൂസിയം എസ്എച്ച്ഒയെയും ഡിജിപി വിളിപ്പിച്ചു. കൂടിക്കാഴ്‌ച്ചക്ക് ശേഷം ഡിസിപി മടങ്ങുകയായിരുന്നു. അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

ഈ പ്രതിഷേധം പൊലീസ് സേനയ്ക്കും നാണക്കേടായി. ആദ്യമായാണ് ഡിജിപിയുടെ വീട്ടിലെ ഗേറ്റ് കടന്ന് പ്രതിഷേധമെത്തുന്നത്. കേസിൽ കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.