- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തുനായയെ ചൊല്ലി വരെ കലഹം; തമ്മിൽ പിരിഞ്ഞതോടെ മഹുവയ്ക്ക് പണി കൊടുക്കാൻ മുന്നിട്ടിറങ്ങിയത് മുൻപങ്കാളിയായ അഭിഭാഷകൻ; അദാനിയെ ലക്ഷ്യമിട്ട് വ്യവസായി ഹിരനന്ദാനിക്ക് വേണ്ടി കളി കളിച്ചുവെന്ന ആരോപണത്തിൽ കുടുക്കി; തീപ്പൊരി ചോദ്യങ്ങൾ ചോദിച്ച മഹുവ മൊയ്ത്ര പുറത്തായത് ഇങ്ങനെ
ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ, പാർലമെന്റിൽ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്ര മോദി സർക്കാരിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തെ പ്രമുഖ ശബ്ദമായിരുന്നു. ഒടുവിൽ ചോദ്യം ചോദിക്കൽ വിവാദം തന്നെ അവരുടെ എംപി സ്ഥാനം തെറിപ്പിച്ചു. എല്ലായ്‌പ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന നേതാവാണ് മൊയ്ത്ര. പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലും ഏറ്റവും ഒടുവിൽ ബിജെപി എംപി നിഷികാന്ത് ദുബെയുമായുള്ള പോരിലും മൊയ്ത്ര ഒരിഞ്ചുവിട്ടുകൊടുത്തില്ല.
താൻ പാർലമെന്റിൽ ചോദിച്ച ചോദ്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ദി ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്. അദാനി ഗ്രൂപ്പിന് എതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് തന്നെ വേട്ടയാടിയതെന്നാണ് മൊയ്ത്രയുടെ പക്ഷം. മോദി സർക്കാരിനെ നിയന്ത്രിക്കുന്ന ഗൗതം അദാനിയെ പോലുള്ളവരുടെ പങ്ക് പുറത്ത് കാട്ടുന്ന തന്നെ മാധ്യമ വിചാരണ വഴി താഴ്‌ത്തി കെട്ടാൻ ഏതുവഴിയും നോക്കുകയാണെന്ന് വ്യക്തമാണെന്നും അവർ പറഞ്ഞു.
സർക്കാരിനെ വിമർശിക്കുന്നവരെയല്ലാം വേട്ടയാടുകയാണ്. ആം ആദ്മി പാർട്ടിയായാലും രാഹുൽഗാന്ധിയായാലും, ടി എം സിയുടെ അഭിഷേക് ബാനർജിയായാലും സർക്കാരിന് എതിരെ ശബ്ദം ഉയർത്തുന്നവരെ അവർ ലക്ഷ്യമിടും. തന്റെ ഒരു വ്യക്തിബന്ധം തകർന്നതിൽ നിന്ന് ഉണ്ടായ കള്ളപ്പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വിഷയം ഉയർത്തി കൊണ്ടുവന്നതെന്നും അവർ വാദിക്കുന്നു.
നിഷികാന്ത് ദുബെയുടെ ആരോപണം
തനിക്ക് കിട്ടിയ സുപ്രീം കോടതി അഭിഭാഷകന്റെ കത്താണ് ദുബെയുടെ പരാതിക്ക് ആധാരം. മഹുവ മൊയ്ത്ര, റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ വ്യവസായി ഹിരാനന്ദാനിയുടെ സിഇഒ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് ലോക്‌സഭയിൽ ചോദ്യം ചോദിക്കാൻ കൈക്കൂലി വാങ്ങി എന്നതിന് നിഷേധിക്കാൻ കഴിയാത്ത തെളിവുകളാണ് തനിക്ക് കിട്ടിയ കത്തിലുള്ളതെന്ന് ദുബെ ആരോപിച്ചിരുന്നു. 2005 ഡിസംബറിലെ ചോദ്യ കോഴ വിവാദത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും ബിജെപി എം പി പറഞ്ഞിരുന്നു. തൃണമൂൽ എംപി ലോക്‌സഭയിൽ ചോദിച്ച 61 ചോദ്യങ്ങളിൽ 50 എണ്ണവും ദർശൻ ഹിരാനന്ദാനിയുടെ വ്യവസായ താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ, സംരക്ഷിക്കുന്നതോ, ആയിരുന്നു എന്നാണ് മുഖ്യ ആരോപണം.
വിമർശനവുമായി അദാനി ഗ്രൂപ്പും
ദുബെയുടെ ആരോപണത്തിന് പിന്നാലെ വിമർശനം ഉന്നയിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. ആരോപണം തങ്ങളുടെ സൽപ്പേരും കീർത്തിയും വിപണിയിലെ സ്ഥാനവും അപകീർത്തിപ്പെടുത്താൻ ചില വ്യക്തികളും ഗ്രൂപ്പുകളും അധികസമയം ജോലിചെയ്യുന്നുവെന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. അദാനി ഗ്രൂപ്പിന്റേയും ചെയർമാൻ ഗൗതം അദാനിയുടേയും കീർത്തിയും താത്പര്യങ്ങളും കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ 2018 മുതൽ നിലവിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സംഭവമെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.
പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാനായി പ്രമുഖ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് എംപി. കൈക്കൂലി വാങ്ങിയെന്ന് സുപ്രീംകോടതി അഭിഭാഷകനായ ജയ് അനന്ത് ദെഹ്ദ്രായി സിബിഐയിൽ സത്യവാങ്മൂലമായി പരാതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് പ്രതികരണവുമായി രംഗത്തെത്തിയത്. നേരത്തെ, അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം താഴേയ്ക്കുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒ.സി.സി.ആർ.പി. അടക്കം ചില അന്തർദേശീയ മാധ്യമങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.
വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങി വ്യവസായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ഉയർന്ന ആരോപണം. കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നൽകി ആരോപിച്ചു.
എംപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് മഹുവയുടെ മുൻ പങ്കളിയും അഭിഭാഷകനുമായ ആനന്ദ് ദെഹദ്രായ് സിബിഐക്ക് പരാതി നൽകിയിരുന്നു. ഹിരാ നന്ദാനി ഗ്രൂപ്പുമായുള്ള മഹുവ മൊയിത്രയുടെ ബന്ധം വ്യക്തമാക്കുന്ന രേഖകളാണ് കൈമാറിയത്. ആനന്ദ് ദെഹദ്രായാണ് മഹുവയ്ക്കെതിരായ വിവരങ്ങൾ നിഷികാന്ത് ദുബൈ എംപിക്കും കൈമാറിയത്.
അതിന് പിന്നാലെ മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി നിഷികാന്ത് ദുബെ രംഗത്തെത്തി. ലോക്‌സഭാ വെബ്‌സൈറ്റിന്റെ ലോഗിൻ ഐ.ഡിയും പാസ്വേഡും അടക്കം ഹിരാനന്ദാനിക്കും റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഹിരാനന്ദാനിക്കും നൽകിയോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവിനും സഹമന്ത്രി രാജീവ് ചന്ദ്രശേഖരനും കത്ത് നൽകി. ദേശീയ സുരക്ഷയടക്കം ബാധിക്കുന്ന വിഷയമാണിതെന്ന് ദുബെ കത്തിൽ ആരോപിച്ചു.
മഹുവ പറഞ്ഞത്
ദർശനിൽ നിന്ന് ഒരു സ്‌കാർഫും ലിപ്സ്റ്റിക്ക് ഉൾപ്പെടെയുള്ള മേക്കപ്പ് വസ്തുക്കളും മാത്രമാണ് ലഭിച്ചതെന്നാണ് മഹുവ പറഞ്ഞത്. ദർശൻ ദുബായിൽ നിന്ന് വരുമ്പോൾ മേക്കപ്പ് സെറ്റ് കൊണ്ടുവന്നിരുന്നു. മുംബൈ യാത്രകളിൽ അദ്ദേഹത്തിന്റെ വാഹനം ഉപയോഗിച്ചു. എംപിയെന്ന നിലയിൽ ലഭിച്ച ബംഗ്ലാവ് നവീകരിക്കാൻ സഹായം തേടിയതിനെ തുടർന്ന് വാസ്തുവിദ്യാ പ്ലാനുകൾ ദർശൻ നൽകിയിരുന്നു. എന്നാൽ പണി നടത്തിയത് കേന്ദ്ര സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പാണ്. ദർശനെ ഭീഷണിപ്പെടുത്തിയാണ് സത്യവാങ്മൂലം വാങ്ങിയത്.
അദാനിയെക്കുറിച്ച് മറ്റൊരാൾ വഴി വിവരം ശേഖരിക്കേണ്ട ആവശ്യം വൻ വ്യവസായിയ അദ്ദേഹത്തിനില്ല. മുൻ പങ്കാളി ജയ് ആനന്ദ് ദേഹാദ്രായിയുമായി വളർത്തു നായയുടെ പേരിലുള്ള കലഹമാണുള്ളത്.
അതിൽ എത്തിക്‌സ് കമ്മിറ്റി ഇടപെടേണ്ടതില്ല. തന്റെ ഫോട്ടോകൾ ദേഹാദ്രായി ബിജെപി നേതാക്കൾക്ക് നൽകി ദുരുപയോഗം ചെയ്യുന്നുവെന്നും അവർ ആരോപിച്ചു. വിദേശത്ത് ബാങ്കിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്ത് ആഡംബര ജീവിതം നയിച്ചിരുന്നു. വിലപിടിപ്പുള്ള 35 ജോഡി ഷൂസുകളുണ്ട്. എന്നാൽ എംപിയെന്ന നിലയിൽ ബാറ്റയുടെ ഹവായി ചെരുപ്പാണ് ധരിക്കുന്നത്. ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രി മമതാ ബാനർജി അകറ്റിയെന്ന ആരോപണവും അവർ തള്ളിിയിരുന്നു.
വജ്രാഭരണങ്ങൾ തന്നിട്ടുണ്ടെങ്കിൽ ഫോട്ടോയുൾപ്പെടെയുള്ള തെളിവ് കാണിക്കാം. ആരോപണങ്ങൾ തെളിയിക്കാനുള്ള ബാദ്ധ്യത പരാതിക്കാരനാണ്. രണ്ടു കോടി രൂപ ലഭിച്ചെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം പരാമർശിക്കവെ, അക്കാര്യം ദർശൻ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നും മഹുവ ചൂണ്ടിക്കാട്ടിയിരുന്നു.
എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശകൾ
ചോദ്യത്തിന് കോഴ വിവാദത്തിൽ മഹുവ മോയിത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കാനായിരുന്നു എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ മഹുവയുടെ പ്രവൃത്തി അസ്സന്മാർഗികവും ഹീനവുമാണെന്ന് സമിതി വിലയിരുത്തി. മൊയ്ത്രയുടെ ഭാഗത്തുനിന്ന് 'ഗുരുതരമായ വീഴ്ച'യുണ്ടായി. സമിതിയിൽ ബിജെപി അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ 15 അംഗ കമ്മിറ്റി മൊയ്ത്രയ്‌ക്കെതിരായ കുറ്റാരോപണങ്ങളിൽ കടുത്ത നിലപാട് എടുക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. സമിതി അധ്യക്ഷനും ബിജെപി എംപിയുമായ വിനോദ് കുമാർ സോങ്കർ ഹിയറിങ്ങിനിടെ വൃത്തികെട്ടതും വ്യക്തിപരവുമായ ചോദ്യങ്ങൾ ചോദിച്ചതായി മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു.സമിതിയുടെ മുമ്പാകെ ഹാജരായ മൊയ്ത്ര ഇടയ്ക്ക് ഇറങ്ങിപ്പോന്നിരുന്നു. പ്രതിപക്ഷ എംപിമാർ മൊയ്ത്രയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.
മഹുവ മൊയ്ത്രയ്‌ക്കെതിരേ എത്തിക്‌സ് കമ്മിറ്റിനൽകിയ ശുപാർശകൾ
1. മഹുവ മൊയ്ത്രയുടെ പ്രവർത്തി അങ്ങേയറ്റം പ്രതിഷേധാർഹവും അധാർമികവും ഹീനവും ക്രമിനൽ കുറ്റവുമാണെന്ന് സമിതി പറഞ്ഞു. ഇത് കാരണം, 17-ാം ലോക്‌സഭയിലെ അംഗത്വത്തിൽ നിന്ന് അവരെ പുറത്താക്കണമെന്ന് സമിതി ശുപാർശ ചെയ്തു.
2. 2019 ജനുവരി ഒന്നിനും, 2023 സെപ്റ്റംബർ 30 നും മധ്യേ മഹുവ നാലു തവണ ഹിരനന്ദാനിയെ കാണാൻ വേണ്ടി യുഎഇ സന്ദർശിച്ചു. മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡി ഐ ഈ കാലളയവിൽ 43 തവണ ദുബായിൽ നിന്ന് ഓപ്പറേറ്റ് ചെയ്തു. 47 തവണയും എംപിയുടെ പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ ഐപി വിലാസം ഒന്നായിരുന്നു. അത് ദുബായിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്തത്.
3. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധം പൊതുജനമധ്യത്തിൽ ഇല്ലാത്ത ജമ്മു-കശ്മീർ മണ്ഡലപുനർനിർണയ ബിൽ-2019 അടക്കം നിരവധി രേഖകൾ ഹിരാനന്ദാനിയുമായി പങ്കുവച്ചു.
4. ഇന്ത്യൻ പാസ്‌പോർട്ടുണ്ടെങ്കിലും യുഎഇയിൽ താമസിക്കുന്ന ഹിരാനന്ദാനിക്ക് വിദേശ പൗരന്മാരായ ബന്ധുക്കളുണ്ട്. അതുകൊണ്ട് ഹിരാനന്ദാനിയുമായി രേകകൾ പങ്കുവയ്ക്കുന്നത് വിദേശ ഏജൻസികളുടെ പക്കലേക്ക് അത് ചോരാൻ ഇടയാക്കും.
5. എംപിമാരുടെ ലോഗിൻ രേഖകൾ ചുമതലപ്പെടുത്താത്ത ആളുകൾക്ക് നൽകിയാൽ അത് പാർലമെന്റിന്റെ നടപടിക്രമങ്ങളിലെ ഇടപെടലാകുമെന്നും സമിതി വിലയിരുത്തി.
6. മഹുവ പോർട്ടലിൽ പോസ്റ്റ് ചെയ്ത 61 ചോദ്യങ്ങളിൽ 50 ഉം വ്യവസായി ഹിരനന്ദാനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണെന്ന് സമിതി നിഗമനത്തിൽ എത്തി. ഐടി നിയമപ്രകാരം യൂസർ ഐഡിയും, പാസ് വേർഡും പങ്കുവച്ച വഞ്ചനാപരവും, സത്യസന്ധതയില്ലാത്തതുമായ നടപടിക്ക് മൂന്നുവർഷത്തെ തടവും, അഞ്ചുലക്ഷം രൂപയോ രണ്ടും കൂടിയോ ശിക്ഷ കിട്ടേണ്ട കുറ്റമാണ്. കടുത്ത ശിക്ഷ വിധിക്കേണ്ട ഗുരുതര കുറ്റക്യത്യങ്ങൾ എന്ന് വിലയിരുത്തിയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാൻ സമിതി ശുപാർശ ചെയ്തത്.
മഹുവ വന്ന വഴികൾ
'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..'(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്, ആരുടേയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ)- പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ യുവ എംപി മഹുവ മോയിത്രയുടെ പാർലമെന്റിലെ കന്നിപ്രസംഗത്തിലെ തീപ്പൊരി നിറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. മറുവശത്ത് ഭരണപക്ഷത്തിരിക്കുന്ന ബിജെപിയുടെ മുന്നൂറിലേറെ എംപിമാരുടെ മുഖത്തു നോക്കിയായിരുന്നു മഹുവയുടെ വാക്കുകൾ. പ്രതിപക്ഷത്ത് കക്ഷിഭേദമന്യേയുള്ള എംപിമാർ ഡെസ്‌ക്കിൽ അടിച്ച് ഈ എംപിയുടെ പ്രസംഗം പ്രോത്സാഹിപ്പിച്ചു. ഈ നേതാവിനെയാണ് തൃണമൂലിന്റെ പ്രധാന നേതാവ് മമതാ ബാനർജി നോട്ടമിടുന്നത് എന്ന് വാർത്തകൾ വന്നിരുന്നു. തനിക്ക് മുകളിൽ മഹുവ വളരുമോ എന്ന ഭയമാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവം.
തൃണമൂൽ കോൺഗ്രസ് എന്നാൽ മമത ബാനർജിയിൽ മാത്രമൊതുങ്ങുന്ന പാർട്ടിയാണ്. അതിന് അപ്പുറത്തേക്ക് മഹുവ എത്തുകയായിരുന്നു. മികച്ച വിദ്യാഭ്യാസവും നല്ലൊരു കരിയറും കൈവശമുണ്ടായിട്ടും രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിത്വം. ബംഗാളിലെ കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തെ പ്രതനിധീകരിക്കുന്ന എംപിയാണ് മഹുവ മോയിത്ര. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് മഹുവയെ എത്തിച്ചതിൽ പ്രധാന പങ്കുള്ളത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ്. രാഹുലിന്റെ യൂത്ത് ബ്രിഗോഡിന്റെ ഭാഗമായാണ് മഹുവയും ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയത്. പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. 2008ലാണ് ഇവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതിന് ശേഷം തുടർച്ചയായി പത്ത് വർഷത്തോളം ്ര്രരാഷ്ടീയത്തിൽ നിന്നാണ് അവർ എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ബംഗാളിൽ യൂത്ത് കോൺഗ്രസിന്റെ ചുമതലക്കാരിയായാണ് അവർ ശോഭിച്ചത്. എന്നാൽ, രണ്ട് വർഷം കോൺഗ്രസിനൊപ്പം നിന്ന അവർ തുടർന്നുള്ള യാത്രക്ക് നല്ലത് ദീദിയുടെ പാർട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ് 2010ൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്നു. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നേടിയ മികച്ച ജോലിയുള്ള ഒരു ബിസിനസുകാരിയായിരുന്നു അവർ. പ്രാഥമിക വിദ്യാഭ്യാസം നേടിയതുകൊൽക്കത്തയിലായിരുന്നു. തുടർന്നുള്ള ഉന്നതപഠനം അമേരിക്കയിലായിരുന്നു. അമേരിക്കയിൽ എത്തിയ ശേഷം ശിഷ്ട ജീവിതം അവിടെയെന്ന് ഉറപ്പിച്ച വിധത്തിലായിരുന്നു മഹുവ മോയിത്രയുടെ കുതിപ്പ്. മസാചുസെറ്റ്സ് കോളജിൽ നിന്ന് കണക്കും സാമ്പത്തിക ശാസ്ത്രവുംപഠിച്ചു. തുടർന്ന് അമേരിക്കയിലെ പ്രശസ്ത ബാങ്കായ ജെപി മോർഗനിൽ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു.
ഇങ്ങനെ തിളങ്ങുന്ന പ്രൊഫഷണുമായി നിൽക്കേയാണ് അവൽ ഇന്ത്യയിൽ എത്തിയത്. കോൺഗ്രസിൽ ചേർന്ന അവർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രാഹുൽ ബ്രിഗേഡിന്റെ ഭാഗമായി. രാഹുലിന്റെ ആം ആദ്മി കാ സിപായി പദ്ധതിയുടെ പ്രയോക്താവാകുകയും ചെയ്തു. പിന്നീടാണ് മമതയ്‌ക്കൊപ്പം ചേർന്നത്. 2010ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ കൊൽക്കത്തയിൽ നിന്നും മത്സരിക്കുന്നത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച ഇവർ മമത ബാനർജിയുടെ അടുപ്പക്കാരിയായി. ദേശീയ ചാനലുകളിൽ തൃണമൂൺ കോൺഗ്രസിന്റെ മുഖമായി മാറിയത് മഹുവയായിരുന്നു. തീപ്പൊരി വാക്കുകളുമായും ചർച്ചകളുമായി മുന്നേറിയുമുള്ള മഹുവയുടെ ദേഷ്യവും പ്രശസ്തമാണ്.
2015ൽ നടന്ന ചാനൽ ചർച്ചയിൽ സംഘ്പരിവാർ അനുകൂലിയായ ടൈംസ് നൗ പത്രാധിപരായിരുന്ന അർണാബ് ഗോസ്വാമിയോട് ആക്ഷേപാർത്ഥത്തിൽ നടുവിരൽ ഉയർത്തിക്കാണിച്ച മഹുവയുടെ നടപടി ഏറെ ചർച്ചയായിരുന്നു. അർണാബിന്റെ പ്രകോപനം തുടർന്നപ്പോഴാണ് മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്. ചാനൽ ചർച്ചയിലേക്കു ക്ഷണിക്കുകയും അവസരം നൽകാതെ തുടർച്ചായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത അർണാബിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്.
സിൽച്ചാർ വിമാനത്താവളത്തിൽ നടന്ന സംഭവവും മഹുവയെ വിവാദ നായികയാക്കിയിരുന്നു. അന്ന് പൊലീസുകാരിയെ മർദ്ദിച്ചതിന്റെ പേരിലായിരുന്നു അവർ വിവാദ നായികയായത്. ബംഗാളിൽ ബിജെപി വളർന്നു തുടങ്ങിയതോടെ അവരെ പ്രതിരോധിക്കാനും മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ മഹുവ മോയിത്ര ഉണ്ടായിരുന്നു. പൗരന്മാരെ നിരീക്ഷിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കം ചോദ്യംചെയ്ത് മഹുവ നൽകിയ ഹരജിയും ചർച്ചയായി. എംഎൽഎ ആയിരിക്കവേയാണ് മഹുവ ലോക്‌സഭയിലേക്ക് മത്സരിച്ചത്. രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്. ലോക്സഭയിൽ നടത്തിയ കന്നിപ്രസംഗത്തിൽ തന്നെ ഭരണപക്ഷത്തിന്റെ മുഖത്ത് നോക്കി ഇന്ത്യ ആരുടെയും അച്ഛന്റെ സ്വത്തല്ലെന്നും നിങ്ങൾ ഫാസിസ്റ്റുകളാണെന്നും പ്രഖ്യാപിച്ചുതോടെ അവർ താരമായി മാറുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ