- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാർലമെന്റ് ലോഗിൻ ഐഡി പങ്കുവയ്ക്കുന്നത് ചട്ടലംഘനമെന്ന് ഒരു നിയമത്തിലും പറയുന്നില്ല; ഇല്ലാത്ത നിയമത്തിന്റെ പേരിൽ മഹുവ മൊയ്ത്രയെ ശിക്ഷിച്ചോ? തന്നെ പുറത്താക്കിയ നടപടിക്കെതിരെ മഹുവ സുപ്രീം കോടതിയെ സമീപിച്ചേക്കും? മഹുവയ്ക്ക് മുമ്പിലെ നിയമവഴികൾ ഇങ്ങനെ

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തെ തുടർന്ന് പാർലമെന്റിൽ നിന്ന് പുറത്താക്കിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ മുന്നിലെ വഴികൾ അടഞ്ഞോ? സ്വന്തം പാർട്ടിയുടെ പിന്തുണ ഉറപ്പിച്ച മഹുവയുടെ മുമ്പിൽ നിയമവഴികൾ ഏതെങ്കിലും തുറക്കുമോ? ഡൽഹിയിലെ നിയമവൃത്തങ്ങളിൽ ഇപ്പോൾ ഇതാണ് സംസാരം.
സുപ്രീം കോടതിയെ സമീപിക്കാമോ?
തന്നെ പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെ മഹുവ മൊയ്ത്രയ്ക്ക് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാമെന്നാണ് മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറയുന്നത്. സാധാരണഗതിയിൽ, നടപടിക്രമങ്ങളിലെ ക്രമക്കേടിന്റെ പേരിൽ സഭാ നടപടികൾ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 122 ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. സഭാനടപടിക്രമങ്ങളെ കോടതിയിൽ ചോദ്യം ചെയ്യുന്നതിൽ നിന്ന് സംരക്ഷണമുണ്ട്. ആർട്ടിക്കിൾ 122 പ്രകാരം 'പാർലമെന്റിൽ നടക്കുന്ന ഏതെങ്കിലും പ്രവർത്തനങ്ങളുടെയും ചർച്ചകളുടെയും സാധുതയെ നടപടിക്രമങ്ങളുടെ ക്രമക്കേടിന്റെ പേരിൽ ചോദ്യം ചെയ്യാൻ കഴിയില്ല.''. അടിസ്ഥാനപരമായി, ഇത് പാർലമെന്റിന്റെ ആഭ്യന്തര പ്രവർത്തനങ്ങളെ കോടതിയിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും, 2007 ലെ രാജാ റാം പാൽ കേസിൽ സുപ്രീം കോടതി യുടെ കണ്ടെത്തൽ പ്രകാരം, ഈ നിയന്ത്രണങ്ങൾ നടപടിക്രമങ്ങൾക്ക് മാത്രമാണ്. ജുഡീഷ്യൽ പുനരവലോകനം ആവശ്യമായി വരുന്ന മറ്റ് കേസുകളും ഉണ്ടാകാമെന്നാണ് കോടതി അന്നുനിരീക്ഷിച്ചതെന്ന് ആചാരി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

രാജാ രാം പാൽ കേസ്
2005 ഡിസംബറിലെ ചോദ്യത്തിന് കോഴ വിവാദത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട 12 എംപിമാരിൽ( 11 പേർ ലോക്‌സഭയിൽ നിന്നും ഒരാൾ രാജ്യസഭയിൽ നിന്നും) ഉൾപ്പെട്ട ബിഎസ്‌പി നേതാവാണ് രാജാാ രാം പാൽ. 2007 ജനുവരിയിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയിൽ, പുറത്താക്കപ്പെട്ട എംപിമാരുടെ ഹർജികൾ തള്ളുകയും, പുറത്താക്കൽ, പാർലമെന്റിന്റെ സ്വയം സംരക്ഷണ വ്യവഹാരം ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അതേസമയം, ഭരണഘടനാവിരുദ്ധമോ, നിയമ വിരുദ്ധമോ ആയ സഭാനടപടിക്രമക്കേടുകൾക്ക് ജുഡീഷ്യറിയുടെ പരിശോധനയിൽ നിന്ന് സംരക്ഷണമില്ലെന്നും കോടതി അന്ന് വ്യക്തമാക്കി. അന്നത്തെ ചീഫ് ജസ്റ്റിസ് വൈ കെ സബർവാൾ അടക്കമുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. പൗരന്മാരുടെ മൗലികാവകാശങ്ങളിൽ കൈകടത്തുന്ന നിയമനിർമ്മാണസഭയുടെ നടപടികളുടെ സാധുത ജുഡീഷ്യറിക്ക് പരിശോധിക്കാമെന്നും, പാർലമെന്റിന്റെ അധികാരപരിധി ജുഡീഷ്യറി കവർന്നെടുക്കുന്നു എന്ന് അതുകൊണ്ട് അർഥമാക്കുന്നില്ലെന്നും ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 105(3) നെ കുറിച്ചും കോടതി വിധിയിൽ പരാമർശിച്ചിരുന്നു.
എന്താണ് ആർട്ടിക്കിൾ 105?
പാർലമെന്റിന്റെയും അംഗങ്ങളുടെയും അവകാശാധികാരങ്ങളെ കുറിച്ചാണ് ആർട്ടിക്കിൾ 105 പരാമർശിക്കുന്നത്. ആർട്ടിക്കിൾ 105(3) പ്രകാരം, പാർലമെന്റ് നടപടികൾക്ക് സമ്പൂർണ സംരക്ഷണമുണ്ടെന്ന അവകാശവാദത്തിൽ കഴമ്പില്ല. നിയമനിർമ്മാണ സഭകൾ പ്രത്യേകാവകാശങ്ങൾ വിനിയോഗിക്കുന്നത്, ഭരണഘടനാ വ്യവസ്ഥകൾക്ക് വിധേയമായി ജുഡീഷ്യറിക്ക് പരിശോധിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
മഹുവയ്ക്ക് എങ്ങനെ ചോദ്യം ചെയ്യാം?
തനിക്ക് എത്തിക്‌സ് കമ്മിറ്റി സ്വാഭാവിക നീതി നിഷേധിച്ചുവെന്നാണ് മഹുവ മൊയ്ത്രയുടെ ആരോപണം. കാരണം തനിക്ക് കോഴ നൽകിയതായി ആരോപിക്കപ്പെടുന്ന വ്യവസായി ദർശൻ ഹിരനന്ദാനി, പരാതിക്കാരനായ അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രേയ് എന്നിവരെ ക്രോസ് വിസ്താരം നടത്താൻ തന്നെ അനുവദിച്ചില്ലെന്നാണ് മഹുവയുടെ പരാതി. ' ഒരംഗത്തിന് എതിരെ കോഴ ആരോപണം ഉയർന്നാൽ, അന്വേഷണം നടത്തുന്നതിന് പ്രത്യേക ചട്ടങ്ങളില്ല. കമ്മിറ്റി സാധാരണഗതിയിൽ ആരോപണവിധേയനെ വിളിച്ചുവരുത്തി മൊഴിയെടുക്കും. ബന്ധപ്പെട്ട മറ്റുള്ളവരെയും കേൾക്കും. ചില കേസുകളിൽ ആരോപണവിധേയയായ എംപിക്ക് ആരോപണം ഉന്നയിച്ച വ്യക്തികളെ ക്രോസ് വിസ്താരം നടത്താൻ അനുമതി നൽകും. അന്വേഷണത്തിന്റെ പ്രധാന ഉദ്ദേശ്യം സത്യം കണ്ടുപിടിക്കുക എന്നതാണ്. സത്യാന്വേഷണത്തിന് ന്യായമായ മാർഗ്ഗങ്ങൾ വിനിയോഗിക്കണം. അത്തരം ന്യായ മാർഗ്ഗങ്ങൾ പിന്തുടർന്നുവോ എന്നതാണ് ചോദ്യം', പി ഡി ടി ആചാരി പറഞ്ഞു. സഭയ്ക്ക് ഒരു അംഗത്തെ പുറത്താക്കാൻ അധികാരമുണ്ട്. അങ്ങനെ നടപടിയെടുക്കാനുള്ള പ്രത്യേക അവകാശം ആ സമയത്ത് നിലനിന്നിരുന്നോ എന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണ്.

കുറ്റക്കാരിയോ കുറ്റക്കാരനോ എന്ന് എങ്ങനെ നിർണയിക്കും?
ഭരണഘടനയുടെ 20 ാം വകുപ്പ് പ്രകാരം അതാതുകാലത്തെ നിയമം അനുസരിച്ചുള്ള കുറ്റം ഒരാൾ ചെയ്തിട്ടില്ലെങ്കിൽ, അയാളെ ശിക്ഷിക്കാനാവില്ല. നിലവിലുള്ള നിയമവും ചട്ടവും പ്രകാരവും മാത്രമേ ഒരാൾ കുറ്റം ചെയ്താൽ അയാളെ ശിക്ഷിക്കാൻ കഴിയൂ. അതാണ് മൗലികാവകാശം. മഹുവ മൊയ്ത്രയ്ക്ക് എതിരെയുള്ള പ്രധാന ആരോപണങ്ങളിൽ ഒന്ന് അവർ പാർലമെന്റ് ലോഗിൻ പാസ് വേർഡ് മറ്റൊരാളുമായി പങ്കുവച്ചുവെന്നതാണ്. ഇക്കാര്യത്തിൽ ലോക്‌സഭാ ചട്ടങ്ങൾ നിശ്ശബ്ദമാണ്. അത് ചട്ടലംഘനമാണെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. ലോഗിൻ ഐഡി പങ്കുവച്ച വിഷയത്തിൽ, നിയമമോ ചട്ടമോ ഇല്ലെങ്കിൽ, കുറ്റം ചെയ്‌തെന്ന് പറഞ്ഞ് ഒരാൾക്കെതിരെ എങ്ങനെ നടപടി എടുക്കാൻ കഴിയും? അതാണ് ഈ കേസിന്റെ അടിസ്ഥാന പ്രശ്‌നം, പി ഡി ടി ആചാരി പറഞ്ഞു. അതേസമയം, പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് പണം കൈപ്പറ്റുന്നത് അവകാശ ലംഘനമാണെന്നും അത് പ്രിവിലേജസ് കമ്മിറ്റി അന്വേഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


