- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു; പടിയിറക്കം 12 വർഷത്തെ സേവനത്തിന് ശേഷം; മാർ ആൻഡ്രൂസ് താഴത്ത്, എറണാകുളം അങ്കമാലി അതിരൂപത അഡ്‌മിനിസ്‌ട്രേറ്റർ പദവി ഒഴിഞ്ഞു

കോട്ടയം: സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. രാജി നേരത്തെ നൽകിയിരുന്നെങ്കിലും മാർപ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് പടിയിറക്കം.
'മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്ത് നിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാർപ്പാപ്പയെ അറിയിച്ചിരുന്നു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബർ 15-ന് വീണ്ടും സമർപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് മാർപ്പാപ്പ എന്നെ വിരമിക്കാൻ അനുവദിച്ചത്', വാർത്തസമ്മേളനത്തിൽ ആലഞ്ചേരി പറഞ്ഞു.
മുൻകൂട്ടി തയാറാക്കിയ പ്രസ് റിലീസ് മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചുകൊണ്ടാണ് മാർ ആലഞ്ചേരി പദവിയൊഴിയാനുള്ള തീരുമാനം അറിയിച്ചത്. തൃശൂർ ആർച്ച് ബിഷപ്പ് കൂടിയായ മാർ ആൻഡ്രൂസ് താഴത്ത്, എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്‌മിനിസ്‌ട്രേറ്റർ പദവിയും ഒഴിഞ്ഞു.
സഭയുടെ രീതിയനുസരിച്ച് പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ അഡ്‌മിനിസ്‌ട്രേറ്റർ ചുമതല വഹിക്കും. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും.
സിറോ മലബാർ സഭയെ കുഴക്കിയ ഭൂമി വിൽപ്പനയും കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്.
ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവർഗീസ് എസ് ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ രണ്ടാം റാങ്കോടെയാണ് ബിരുദം നേടിയത്. സഭാധ്യക്ഷൻ എന്ന നിലയ്ക്ക് വഴിവിട്ട യാതൊരു സാമ്പത്തിക നേട്ടവും ആലഞ്ചേരിക്കുണ്ടായില്ലെന്ന് അന്വേഷണ കമ്മീഷനുകൾ വത്തിക്കാനിലേക്കടക്കം എഴുതിക്കൊടുത്തെങ്കിലും കാനോനിക നിയമങ്ങൾ പാലിക്കുന്നതിൽ പിഴവുപറ്റിയെന്ന കണ്ടെത്തലാണ് കർദിനാളിന് തിരിച്ചടിയായത്.
2012 ഫെബ്രുവരി 18ന് കർദിനാൾ വർക്കി വിതയത്തിലിന്റെ പിൻഗാമിയായിട്ടാണ് ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. എറണാകുളംകാരനല്ലാത്ത ഒരാൾ എറണാകുളം അങ്കമാലി അതിരൂപതയുടെ തലപ്പത്തെത്തിയെന്ന ചരിത്രപരമായ നിയോഗം കൂടി ഈ നിയമനത്തിനുണ്ടായിരുന്നു.


