- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കവിതകൾ വരുന്ന പാഠപുസ്തകങ്ങളിൽ എന്തുകൊണ്ട് റംസാൻ കവിതകളില്ലെന്ന് പി രാമൻ; മുസ്ലിംകളെപ്പറ്റിയുള്ള തെറ്റായ പൊതുബോധമാണ് കേരള ജനതയെ നയിക്കുന്നതെന്ന് ഉണ്ണി ആർ; എൺപതോളം സെഷനുകളിലായി മുന്നൂറോളം അതിഥികൾ; ചർച്ചയായി മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ
കോഴിക്കോട്: ഓണക്കവിതകൾ വരുന്ന പാഠപുസ്തകങ്ങളിൽ എന്തുകൊണ്ട് റംസാൻ കവിതകൾ പ്രസിദ്ധീകരിക്കുന്നില്ല എന്ന് കവി പരി രാമൻ. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ, 'വികേന്ദ്രീകൃതമാകുന്ന മലയാള കവിത' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മലയാള സാഹിത്യത്തിന്റെ തുടക്കകാലം സവർണ്ണവും ഹൈന്ദവവും മതപരവുമായിരുന്നുവെന്നു. മലയാള സാഹിത്യത്തിന്റെ ആരംഭകാലം സവർണമായതുകൊണ്ടുതന്നെ മുസ്ലിം ജീവിതം മലയാള കവിതകളിൽ പ്രത്യക്ഷപ്പെടാൻ 1960കൾ വരെ കാത്തിരിക്കേണ്ടിവന്നു. പുറമണ്ണൂർ ടി മുഹമ്മദിനെ പോലുള്ള കവികൾ വിസ്മൃതിയിൽ മാഞ്ഞത് രാഷ്ട്രീയവും ചരിത്രപരവുമായ മറവികളുടെ ഭാഗമായിട്ടാണ്. പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ രാമചരിതത്തിന്റെ തുടർച്ച എഴുത്തച്ഛനിലല്ല, മാപ്പിളമാർക്കിടയിലായിരുന്നു. അറബി-മലയാളത്തിന് സമ്പന്നമായ ഒരു ഗാന ചരിത്രമുണ്ട്. മുഖ്യധാര സാഹിത്യ ചർച്ചകളിൽ അതിനെ അപരവൽക്കരിക്കുന്നത് അപരാധമാണ്്. പൊൻകുന്നം സയ്യിദ് മുഹമ്മദ്, ടി.ഉബൈദ് , എസ്.വി ഉസ്മാൻ, പി.ടി അബ്ദു റഹ്മാൻ തുടങ്ങിയ കവികളുടെ പേര് പറയാതെ ഒരു കവിതാ ചർച്ചയും പൂർണ്ണമാവുകയില്ല.''- പി.രാമൻ ചൂണ്ടിക്കാട്ടി.
മുസ്ലിംകളെപ്പറ്റിയുള്ള തെറ്റായ പൊതുബോധമാണ് കേരള ജനതയെ നയിക്കുന്നതെന്ന് എഴുത്തുകാരൻ ഉണ്ണി ആർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ, ടോമി മാത്യുവിന്റെ 'മുസ്ലിം സുഹൃത്തിന്; മുസ്ലിം സുഹൃത്തിൽ താൽപര്യമുള്ളവർക്കും' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരത വീഴുന്നിടത്ത് മതേതരത്വം വലിയ നുണയാണെന്നും സമൂഹത്തിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചെങ്കിലും നമ്മുടെ പൊതുബോധമിപ്പോഴും മാറ്റങ്ങൾ സ്വീകരിക്കാൻ പ്രാപ്തമാവുന്നില്ലെന്നും ഉണ്ണി ആർ പറഞ്ഞു. ഏകമാനമായ മുസ്ലിം പ്രതിനിധാനങ്ങൾക്കെതിരെയുള്ള തിരുത്താണ് പുസ്തകമെന്നും ഭൂരിപക്ഷ ഹിന്ദുത്വവാദം സൃഷ്ടിച്ച മുസ്ലിം വാർപ്പു മാതൃകകളെ തിരുത്തുകയാണ് ലക്ഷ്യമെന്നും ടോമി മാത്യു പറഞ്ഞു. പി.കെ. പാറക്കടവ് സംസാരിച്ചു.
80 സെഷനുകൾ, മൂന്നോറളം അതിഥികൾ
കോഴിക്കോട് കടപ്പുറത്ത്, ബുക്ക് പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എൺപതോളം സെഷനുകളിലായി മുന്നൂറോളം അതിഥികൾ സംവദിക്കുന്നുണ്ട്. നംവംബർ 30നാണ് സാഹിത്യോത്സവം തുടങ്ങിയത്. പ്രമുഖ അക്കാദമിഷനുമായ ഡോ. എം.ബി മനോജ് ആണ് പ്രഥമ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഫെസ്റ്റിവൽ ഡയറക്ടർ.
പരിപാടിയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. -'1498ൽ വാസ്കോഡ ഗാമ വരുമ്പോൾ അതിസമ്പന്നമായ ഒരു നഗരമായിരുന്നു കോഴിക്കോട്. പക്ഷെ, ഒരു ഘട്ടം വരെ നമ്മുടെ ഹിസ്റ്റോറിയൻസ് അങ്ങനെ പറഞ്ഞിരുന്നില്ല. ഒരു അവികസിത പ്രദേശത്ത് സമ്പന്നമായ ഒരു വാണിജ്യ സമൂഹം (പോർച്ചുഗീസ്) വരുന്നു എന്ന നിലയിലാണ് ആദ്യകാലത്ത് ചർച്ചകൾ വന്നിരുന്നത്. എന്നാൽ, ഇന്ന് നേരെ വിപരീതമായി അതിസമ്പന്നമായ ഒരു തീരദേശ നഗരത്തിലേക്ക് അതിന്റെ വാർത്തകളും പ്രത്യേകതകളും മനസിലാക്കികൊണ്ട് ഒരു സമൂഹം കടന്നുവരുന്നു എന്ന രീതിയിലാണ് നാം മനസ്സിലാക്കുന്നത്. വാണിജ്യ നഗരങ്ങളുടെ പ്രത്യേകത അത് വലിയ സമ്മിശ്ര സ്വഭാവമുള്ളതായിരിക്കും എന്നതാണ്. ഒരിക്കലും ആ നഗരത്തിന്റെ വാതിൽ അടഞ്ഞുപോകാറില്ല. ഭാഷ മിശ്രണവും, മനുഷ്യർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും മറ്റു വൈവിധ്യങ്ങളും അവിടെ നമുക്ക് കാണാൻ സാധിക്കും. കോഴിക്കോടിന്റെ കടലിൽ നിന്ന് നമ്മൾ കരയെ നോക്കുകയാണെങ്കിൽ രണ്ടോ മൂന്നോ കിലോമീറ്ററുകൾക്ക് ഉള്ളിൽ ഇന്ത്യയുടെ തന്നെ അല്ലെങ്കിൽ ലോകത്തിന്റെ വൈവിധ്യങ്ങൾ കാണാൻ സാധിക്കും. ചൈനീസ് വിഭാഗങ്ങളെയും അറബ് വിഭാഗത്തെയും അവരുടെ വാണിജ്യ കേന്ദ്രങ്ങളും നമുക്ക് കാണാൻ സാധിക്കും. ഉത്തരേന്ത്യയിലെ പല വിഭാഗങ്ങളെയും നമുക്ക് കാണാൻ സാധിക്കും. അത്തരത്തിലുള്ള ഭാഷകൊണ്ടും സാമൂഹിക വികാസങ്ങൾ കൊണ്ടും മതപരമായ ഇടപെടലുകൾ കൊണ്ടും കോഴിക്കോട് നഗരം വ്യത്യസ്തമായി നിൽക്കുന്നു. യുനെസ്കോ കോഴിക്കോടിനെ ഒരു പൈതൃക നഗരം എന്നാണ് വിശേഷിപ്പിക്കുന്നത്. ആ ഒരു പ്രാധാന്യം ഉള്ളതുകൊണ്ടും മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് കോഴിക്കോട് വേദിയാവുന്നത് മാറ്റുകൂട്ടുന്നു.''- മനോജ് പറയുന്നു. സിസംബർ 3നാണ് പരിപാടി സമാപിക്കുന്നത്.
മലബാറിന്റെ വീക്ഷണകോണിൽ നിന്നുള്ള, മലയാള സാഹിത്യത്തിന്റെ പുനർവായനയാണ്, മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് ഓർഗനൈസിങ് കമ്മറ്റി ചെയർമാനായ പാണക്കാട് മുനർവലി ശിഹാബ് തങ്ങൾ പറയുന്നത്. എന്നാൽ മുസ്ലിം ലീഗിന്റെ പരോക്ഷ പിന്തുണയോടെ നടക്കുന്ന ഈ സാഹിത്യോത്സവം, എന്തും സാമുദായികവത്ക്കരിച്ചും ഇരവാദമയുർത്തിയും കാണാനുള്ള പ്രവണത വർധിപ്പിക്കുന്ന, മുസ്ലിം ചെറുപ്പക്കാരിലേക്ക് അരക്ഷിതബോധം കൂടുതൽ നിറക്കുന്ന പരിപാടിയാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിക്കാർ പരിപാടി ഹൈജാക്ക് ചെയ്തുവെന്നും ചില കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ