- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാളികപ്പുറം സിനിമയുടെ അൻപതാം ദിനാഘോഷത്തിന്റെ ഭാഗമായി 50 കുട്ടികൾക്ക് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള സഹായം നൽകും; സിനിമയുടെ പേരിലുണ്ടായ വിവാദങ്ങൾ വേദനിപ്പിച്ചെന്ന് ഉണ്ണി മുകുന്ദൻ; അയ്യപ്പന് ശേഷം അടുത്ത സിനിമയിൽ ഗന്ധർവ്വനായി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും ഉണ്ണി
കോഴിക്കോട്: വിവാദങ്ങൾക്കൊപ്പം തിയേറ്ററിൽ വൻ വിജയമായി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമ. വലിയ ചെലവിൽ സിനിമകളുടെ വിജയാഘോഷങ്ങൾ നടക്കുമ്പോൾ ഏറെ വ്യത്യസ്തമായിരുന്നു മാളികപ്പുറത്തിന്റെ വിജയാഘോഷം. അൻപത് കുട്ടികൾക്ക് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള സഹായം നൽകാനാണ് മാളികപ്പുറം ടീമിന്റെ തീരുമാനം.
മാളികപ്പുറം സിനിമയുടെ അൻപതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അൻപത് കുഞ്ഞുങ്ങൾക്ക് ബോൺമാരോ ട്രാൻസ്പ്ലാന്റ് നിർവ്വഹിക്കുന്നതിനുള്ള സഹായം നൽകുമെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. 'പുണ്യം' എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി ബോൺമാരോ ട്രാൻസ്പ്ലാന്റിന് പുറമെ റേഡിയേഷൻ തെറാപ്പിക്ക് 50 ശതമാനം ഇളവ്, റോബോട്ടിക് സർജറി, ഓർത്തോ ഓങ്കോ സർജറി ഉൾപ്പെടെയുള്ള ഓങ്കോ സർജറികൾക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകൾ, 60 വയസിനു മുകളിൽ പ്രായമായവർക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മുൻഗണനാ കാർഡ് തുടങ്ങിയ നേട്ടങ്ങളും ലഭ്യമാകും.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കാൻസർ രോഗികൾക്ക് ഇതുപോലെ ഒരു ചികിത്സാ പദ്ധതി പ്രഖ്യാപിക്കുന്നത്. 30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് ബോൺമാരോ ട്രാൻസ്പ്ലാന്റിന് ഒരു വ്യക്തിക്ക് ചെലവ് വരുന്നത്. മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിന്റെ ഭാഗമായി നൽകുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഡി എം ഹെൽത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിർത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോഴിക്കോട് നടന്ന ചടങ്ങിൽ ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ളവർ ചേർന്നാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. മാളികപ്പുറം സിനിമയുടെ പേരിലുണ്ടായ വിവാദങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചെന്ന് ഉണ്ണി മുകന്ദൻ പറഞ്ഞു. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാനില്ലെന്നുപോലും ചിന്തിച്ചു. എന്നാൽ സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഇത്തരമൊരു വേദിയിലെത്താൻ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നു. പാവപ്പെട്ടവർക്കായി ഇതുപോലൊരു പദ്ധതി പ്രഖ്യാപിക്കാൻ താനഭിനയിച്ച സിനിമയുടെ വിജയം കാരണമായത് വലിയൊരു നന്മയായി കാണുന്നു. മറ്റു സിനിമാക്കാർക്കും ഇതുപോലുള്ള പദ്ധതികളുമായി സഹകരിക്കാവുന്നതാണ്. സേവന പ്രവർത്തനങ്ങളിൽ തന്നെക്കൊണ്ട് ആവുന്നതുപോലെ താൻ സഹകരിക്കുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
അയ്യപ്പന് ശേഷം ഗന്ധർവ്വനായാണ് ഇനി വേഷമിടുന്നത്. വിമർശിക്കുന്നവർക്ക് അതുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മലബാർ പാലസിൽ നടന്ന ചടങ്ങിൽ ഉണ്ണി മുകുന്ദന് പുറമെ ആസ്റ്റർ മംസ് കേരള ആൻഡ് തമിഴ്നാട് റീജ്യണൽ ഡയരക്ടർ ഫർഹാൻ യാസിൻ, അഭിനേതാക്കളായ ബേബി ദേവനന്ദ, മാസ്റ്റർ ശ്രീപദ്, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവൻ ഡോ. കെ വി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. കാൻസറിനെ അതിജീവിച്ചവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.