കൊച്ചി: മലയാള സിനിമയിലേക്ക് വീണ്ടും പത്മഭൂഷൺ എത്തുമെന്ന് ഏവരും കരുതി. പ്രേംനസീറിനു ശേഷം ഒരു മലയാള നടൻ പത്മഭൂഷൺ നേടുന്നത് 2019ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു നടൻ പത്മഭൂഷൺ നേടിയപ്പോൾ മലയാളികൾ അത് ആഘോഷിച്ചിരുന്നു. പത്മഭൂഷൺ നേട്ടം ഓർമ്മിപ്പിച്ച് പ്രേം നസീറിനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തു മോഹൻലാൽ. പ്രേം നസീർ 1983ലാണ് പത്മഭൂഷൺ നേടിയത്. 36 വർഷങ്ങൾക്ക് ശേഷം പത്മഭൂഷൺ ലഭിച്ചപ്പോൾ പ്രേംനസീറിനൊപ്പമുള്ള അപൂർവ്വ ഫോട്ടോയാണ് മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചത്. ഇത്തവണ വീണ്ടും ഈ പുരസ്‌കാരം മലയാള സിനിമയെ തേടിയെത്തുമെന്ന് ഏവരും കരുതി. എന്നാൽ അന്തിമ പട്ടിക നിരാശയാണ് നൽകിയത്. മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ.

പത്മാ പുരസ്‌കാരത്തിൽ ഒന്നും മലയാളത്തിൽ നിന്നുള്ള നടന്മാർ സ്ഥാനം നേടിയില്ല. മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. ഇത് വാർത്തയുമായി. സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ നിറഞ്ഞതും പ്രതീക്ഷ മാത്രമായിരുന്നു. എന്നാൽ നേരത്തെ വാർത്തകളെത്തിയത് മമ്മൂട്ടിക്ക് തിരിച്ചടിയായി എന്നാണ് സൂചന. ഇതു കാരണമാണ് അവസാന നിമിഷത്തിൽ മമ്മൂട്ടിയെ മാറ്റി നിർത്തിയതെന്നാണ് സൂചന. അങ്ങനെ മോദി സർക്കാരിന്റെ രണ്ടാം വെർഷനും മമ്മൂട്ടിക്ക് പത്മഭൂഷൺ നൽകിയില്ല.

നേരത്തെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മമ്മൂട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ അക്ഷതം നൽകിയിരുന്നു. അത് സ്‌നേഹത്തോടെ സ്വീകരിച്ചതും കൈകൂപ്പി നിന്നതുമെല്ലാം ചർച്ചകളിലെത്തി. ഇതെല്ലാം പത്മാപുരസ്‌കാരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു. ഏതായാലും പത്മഭൂഷണിലെ മൂന്നാമനായി മലയാള സിനിമയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഒൻപത് മലയാളികൾക്കാണ് പത്മാ പുരസ്‌കാരം ഇത്തവണ കിട്ടുന്നത്. ഇതിനൊപ്പം മലയാളിയുടെ മരുമകളായ ഉഷാ ഉതുപ്പിനും പത്മഭൂഷൺ കിട്ടി. മലയാളിയായ പി ചിത്രൻ നമ്പൂതിരിപ്പാടിന് മരണാനന്തരമാണ് പത്മശ്രീ കിട്ടുന്നത്.

മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്‌മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്കു പത്മവിഭൂഷൺ ബഹുമതി ലഭിച്ചു. മലയാളികളായ സുപ്രീം കോടതി മുൻ ജഡ്ജി എം.ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേർക്ക് പത്മഭൂഷൺ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ പരമ്പരാഗത നെൽക്കർഷകൻ സത്യനാരായണ ബെലരി, പി.ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ.

അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ.കാമ, കുന്ദൻ വ്യാസ്, തയ്വാൻ കമ്പനി ഫോക്‌സ്‌കോൺ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷൺ പട്ടികയിലുണ്ട്. കായികതാരങ്ങളായ രോഹൻ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്‌ന ചിന്നപ്പ (സ്‌ക്വാഷ്), തമിഴ് സാഹിത്യകാരൻ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ അസമിലെ പാർബതി ബറുവ എന്നിവർക്കും പത്മശ്രീയുണ്ട്.

പത്മ പുരസ്‌കാരങ്ങളിൽ 9 എണ്ണം മരണാനന്തര ബഹുമതിയാണ്. ജേതാക്കളിൽ 30 പേർ വനിതകളും 8 പേർ വിദേശ ഇന്ത്യക്കാരുമാണ്. ഇന്നലെ രാത്രി വൈകിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.