- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാമുക്കോയ കോൺഗ്രസ് പ്രത്യയശാസ്ത്രം മുറുകെ പിടിച്ച കലാകാരനെന്ന് ജയ്ഹിന്ദ് ടിവി; എന്നും ഇടതുപക്ഷമെന്ന് സൈബർ സഖാക്കൾ; പക്ഷേ അവസാനം നടൻ പറഞ്ഞത് 'എല്ലാവരും കള്ളന്മാരാണെന്നും ഞാൻ ഷൂട്ടിങ് മുടക്കി വോട്ട് ചെയ്യാൻ വരില്ലെന്നും'; അന്തരിച്ച പ്രിയ നടന്റെ രാഷ്ട്രീയത്തെ ചൊല്ലിയും വിവാദം
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയക്ക് സിനിമാ ലോകത്ത് നിന്ന് അവഗണന നേരിട്ടത്തിനെ ചൊല്ലി വിവാദം കൊഴുക്കവേ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ചൊല്ലിയും സോഷ്യൽ മീഡിയയിൽ വിവാദം. ഇടതുപക്ഷ സഹായാത്രികനായിരുന്നുവെന്ന്, സൈബർ സഖാക്കൾ പറയുമ്പോൾ, മാമുക്കോയ കോൺഗ്രസ് പ്രത്യയശാസ്ത്രം മുറുകെ പിടിച്ച കലാകാരനെന്ന് ജയ്ഹിന്ദ് ടീവിയും കോൺഗ്രസ് നേതാക്കളും പറയുന്നത്. എന്നാൽ ഇതൊന്നും ആയിരുന്നില്ല യാഥാത്ഥ്യമെന്ന് മാമുക്കോയയുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. പ്രശ്നാധിഷ്ഠിത ബന്ധമല്ലാതെ ഒരു പാർട്ടിയുടെയും അനുഭാവി ആയിരുന്നില്ല എന്ന് മാത്രമല്ല, സമകാലീന രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പുള്ള ആളുമായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ 'എല്ലാവരും കള്ളന്മാരാണെന്നും ഞാൻ ഷൂട്ടിങ് മുടക്കി വോട്ട് ചെയ്യാൻ വരില്ലെന്നുമായിരുന്നു' അദ്ദേഹത്തിന്റെ മറുപടി.
കെപിസിസി അധ്യക്ഷൻ കെ സുധാകരനും, എം കെ രാഘവൻ എം പിക്കും വേണ്ടി പരസ്യമായി മാമുക്കോയ പ്രചാരണത്തിന് എത്തിയിരുന്നു. ഇതാണ് ജയ്ഹിന്ദ് ടീവി വാർത്തയാക്കിയത്. കോഴിക്കോട്ട് കോൺഗ്രസ് ജില്ലാകമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനും മാമുക്കോയ പങ്കെടുത്തിരുന്നു. കെ സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി വളരെ അടുത്ത ബന്ധവും മാമുക്കോയക്ക് ഉണ്ടായിരുന്നു.
എന്നാൽ നേരത്തെ തന്നെ ഇടതുപക്ഷവുമായി അടുത്ത ബന്ധം മാമുക്കോയ പുലർത്തിയിരുന്നു. ഇടതുപക്ഷ പുരോഗമന ആശയങ്ങൾ ഉള്ള നാടകങ്ങളായിരുന്നു അദ്ദേഹം ഏറെയും കളിച്ചിരുന്നത്. പക്ഷേ അദ്ദേഹം സിപിഎമ്മിന്റെ വാൽ ആവാനും കൂട്ടാക്കിയില്ല. ഇടക്ക് കോഴിക്കോട് സിപിഎം അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നൊക്കെ വാർത്തയുണ്ടായിരുന്നെങ്കിലും മാമുക്കോയക്ക് അതിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് ആലപ്പുഴയിൽനിന്ന് മാമുക്കോയ മത്സരിക്കുമെന്നും കേട്ടിരുന്നു. പക്ഷേ അദ്ദേഹം അതിലൊന്നും വീണില്ല.
മാത്രമല്ല, ഇടതുഭരണത്തിലെ അഴിമതിയും ഫാസിസ്റ്റ് പ്രവണതക്കും എതിരുമായിരുന്നു അദ്ദേഹം. കുറച്ച് വർഷം മുമ്പ് ഒരു വഴി പ്രശ്നത്തിന്റെ പേരിൽ ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനുമായും അദ്ദേഹം ഉടക്കിയിരുന്നു. പക്ഷേ മാമുക്കോയക്ക് വർഗീയ സംഘടനകളെയും പാർട്ടികളെയും കണ്ണിന് കണ്ടുകൂടായിരുന്നു.
ബാബറി തകർച്ചക്കാലത്ത് പറഞ്ഞത്
ഒരിക്കലും തീവ്രവികാരം ആളിക്കത്തിക്കാനുള്ള ശ്രമങ്ങൾക്ക്, മാമുക്കോയ നിന്നുകൊടുക്കാറില്ലായിരുന്നു. ബാബരി മസ്ജിദിന്റെ തകർച്ച എന്നു പറഞ്ഞ് പ്രചരണം നടത്തി അതിന്റെ വികാരം കയറ്റി വിട്ടതാണ് എന്നാണ് മാമുക്കോയ നടത്തിയ അഭിപ്രായപ്രകടനം. ഇതിന്റെ പേരിൽ ഇദ്ദേഹം ധാരാളം വിമർശനങ്ങൾ അദ്ദേഹം നേരിട്ടു. നടന്ന അനീതിയെ വിലകുറച്ചു കാണുവാൻ മാമുക്കോയ ശ്രമിച്ചു എന്ന തരത്തിൽ ഇന്നും ആരോപണങ്ങൾ. ''ബാബരി മസ്ജിദ് എത്രയോ വർഷങ്ങളായിട്ട് പ്രാർത്ഥനയും നിസ്കാരവും ഒന്നുമില്ലാതെ അടച്ചിട്ടിരുന്ന ഒരു പള്ളിയാണ് ഞാൻ അത് അവിടെ പോയി കണ്ടിട്ടുള്ള വ്യക്തിയാണ്. പള്ളി പോയത് അല്ല നമ്മൾ കാണേണ്ടത്. അവിടുത്തെ ജനങ്ങൾ ഇതുവരെ 100 രൂപയുടെ ഒരു നോട്ട് പോലും കണ്ടിട്ടില്ല. 50, 60 രൂപയ്ക്ക് കൂലിപ്പണി ചെയ്യുന്നവർ ആണ് അവരിൽ അധിക ആളുകളും. രാഷ്ട്രീയക്കാർ ഒന്നും തന്നെ ഈ വിവരം ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ?'' മാമുക്കോയ ചോദിക്കുന്നു.
കലയിൽ വർഗീയത കലർത്തരുത് എന്ന് സിനിമയിൽ പറയുന്ന അതേ നിലപാട് ആയിരുന്നു അദ്ദേഹത്തിന് വ്യക്തി ജീവിതത്തിലും. താൻ വളർന്നുവന്നകാലവും ആധുനിക കാലവും തമ്മിൽ താരതമ്യപ്പെടുത്തി, മതമൗലികവാദികൾക്ക് കൊട്ടുകൊടുക്കാൻ മാമുക്കോയ ഇടക്കിടെ മറക്കാറില്ല. '' പണ്ട് ഇവിടുത്തെ മുസ്ലിയാന്മ്മാർക്ക് എഴുത്ത് ഹറാമായിരുന്നു. വായന ഹറാമായിരുന്നു. പിന്നെ അതൊക്കെ ഹലാലായി. ഒരുകാലത്ത് ഫോട്ടോ പിടിക്കൽ ഹറാമായിരുന്നു, ഡാൻസും സിനിമയും നാടകവുമൊക്കെ അങ്ങനെ ആയിരുന്നു. പെണ്ണുങ്ങൾക്ക് ഇത് ഒന്നും തീരെ പറ്റിയിരുന്നില്ല. എന്നിട്ട് എന്തുണ്ടായി. ഇപ്പോൾ വീഡിയോക്കും ഫോട്ടോക്കും മുന്നിൽ നിൽക്കുന്നത് നമ്മുടെ മൗലവിമാരാണ്. അതുപോലെ കാലം മാറും''- ഈയിടെ സമസ്തയിലെ ഒരു പണ്ഡിതൻ സ്റ്റേജിൽ കയറിയ പെൺകുട്ടിയെ ശാസിച്ചപ്പോൾ പ്രതികരണം ആരാഞ്ഞ ഒരു മാധ്യമ പ്രവർത്തകനോട് മാമുക്കോയ ഇങ്ങനെയാണ് പ്രതികരിച്ചത്.
അതുപോലെ തെരഞ്ഞെടുപ്പിൽ സ്ത്രീകളെ മത്സരിക്കുമ്പോൾ ഫോട്ടോ കൊടുക്കാത്തതിന് എതിരെയുമൊക്കെ മാമുക്കോയ പ്രതികരിച്ചു. ചേകന്നുർ മൗലവിയുടെ ദുരൂഹമായ തിരോധാനത്തിൽ മുസ്ലിം സമുദായത്തിന് അകത്തുനിന്ന് കാര്യമായി ഒരാൾ പോലും പ്രതികരിക്കാതിരുന്ന സമയത്ത് മാമുക്കോയ ചേകന്നൂരിന് വേണ്ടി രംഗത്ത് എത്തിയിരുന്നു. ശരീയത്ത് നിയമത്തിലെ സ്വത്തവകാശത്തിലെ അനീതിക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരാ സമരത്തിലും, മദനിയുടെ മനുഷ്യാവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും മാമുക്കോയ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ കള്ളിയിലും പെടുത്താൻ കഴിയാത്ത മനുഷ്യനായിരുന്നു മാമുക്കോയ. സിനിമാലോകം അവഗണിച്ചുവെങ്കിലും അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുന്നതും അതുകൊണ്ടുതന്നെ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ